Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി പറയുന്നു സദാചാര ഗുണ്ടാ വിളയാട്ടം: കർശന നടപടിയെടുക്കുക

Pinarayi-sketch-new

തിരുവനന്തപുരം∙ സദാചാര ഗുണ്ടാ വിളയാട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകി. വാലന്റൈൻസ് ദിനത്തിൽ കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിലെത്തിയ യുവതീയുവാക്കളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വ്യക്തമായ നിയമ വ്യവസ്ഥകൾ പ്രകാരം കേസ് എടുക്കണമെന്നു നിർദേശിച്ചു.

യുവതീയുവാക്കളെ സദാചാരഗുണ്ടകൾ ആക്രമിക്കുന്നതും അക്രമത്തിനിരയായവർ യാചിക്കുന്നതുമാണു ദൃശ്യങ്ങളിലുള്ളത്. പൊതുജനങ്ങളെ കയ്യേറ്റം ചെയ്യാനോ കടന്നുപിടിക്കാനോ ആർക്കും അധികാരം നൽകിയിട്ടില്ല. ഈ ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിപ്പിച്ചത് കടുത്ത നിയമലംഘനമാണ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആളിനെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.

ക്യാംപസുകളിലോ പാർക്കുകളിലോ പൊതുസ്ഥലങ്ങളിലോ സംസാരിച്ചിരിക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ദൃശ്യങ്ങൾ പകർത്തി അതു സദാചാരവിരുദ്ധ കാര്യമായി പ്രചരിപ്പിച്ചു തുടങ്ങിയാൽ എന്തായിരിക്കും സ്ഥിതിയെന്ന് എല്ലാവരും മനസ്സിലാക്കണം. ഇക്കാര്യത്തിൽ കർശനമായി ഇടപെടാൻ പൊലീസ് മേധാവിയോടു നിർദേശിച്ചിട്ടുണ്ട് – മുഖ്യമന്ത്രി വ്യക്തമാക്കി.

വൈദ്യുതി വേണോ, നഷ്ടം സഹിക്കേണ്ടി വരും

തിരുവനന്തപുരം∙ നാട്ടിൽ വൈദ്യുതി ലഭിക്കണമെങ്കിൽ നഷ്ടം സഹിക്കേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.വികസന കാര്യങ്ങൾ എതിർ‍ക്കുന്നവരെ നാടിന്റെ നന്മയുദ്ദേശിച്ചു മാറ്റി നിർത്തേണ്ടിവരും. മുൻകാല സർക്കാരുകൾ എതിർപ്പിനു മുന്നിൽ വഴങ്ങിയതു നഷ്ടമുണ്ടാക്കി.

വൈദ്യുതി ലൈൻ പോകുന്ന സ്ഥലത്തുള്ള വൃക്ഷങ്ങളാണ് ഒഴിവാക്കേണ്ടി വരുന്നത്. ഭൂമിയും മറ്റു സംവിധാനങ്ങളും കുഴപ്പമില്ലാതെ അവിടെയുണ്ട്. ഇതു ബോധ്യപ്പെടുത്തി നാടിന്റെ നന്മയ്ക്കായി ലൈൻ പൂർത്തിയാകണം എന്നാണു സർക്കാർ നിലപാട്. ബുദ്ധിമുട്ടുണ്ടാകുന്നവർക്കു ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നുണ്ട് – ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ വൈദ്യുതി സുരക്ഷ ശിൽപശാല ഉദ്ഘാടനം ചെയ്തു പിണറായി പറഞ്ഞു.

ഭൂമിക്കടിയിലൂടെയുള്ള ഗ്യാസ് പൈപ്പ് ലൈൻ ഉൾപ്പെടെ കാര്യങ്ങളിലും ഇതേ നിലപാടാണ്. നാടിന്റെ വൈദ്യുതി ആവശ്യം നിറവേറ്റാൻ താപവൈദ്യുതി നിലയങ്ങളുടെയും സോളർ വൈദ്യുതിയുടെയും കാര്യത്തിൽ സംസ്ഥാനം ഗൗരവമായി നീങ്ങേണ്ടതുണ്ട്. ഒരുകാലത്ത് മികച്ചതായിരുന്ന കായംകുളം എൻടിപിസി വൈദ്യുതി പദ്ധതി ഇപ്പോൾ അടഞ്ഞ നിലയാണ്. ഇത്തരം ഉൽപാദന കേന്ദ്രങ്ങൾ സജീവമാക്കണം. 200 മെഗാവാട്ടിന്റെ കാസർകോട് സോളർ നിലയം ഈ വർഷം കമ്മിഷൻ ചെയ്യാനാകുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

Your Rating: