Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഷേധം ഊതിക്കെടുത്തിയ പിണറായിക്ക് വെല്ലുവിളി

pinarayi-vijayan

തിരുവനന്തപുരം ∙ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട അവധിക്കെതിരെ കർശന നിലപാടെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചതു, പ്രതിഷേധത്തെ സർക്കാരിനെതിരായ നീക്കമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ. കൂട്ട അവധിനീക്കവും തുടർന്നുണ്ടായ വാർത്തകളും ചർച്ചകളും സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് അദ്ദേഹം ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ തുറന്നടിക്കുകയും ചെയ്തു. കടുത്ത നിലപാടിലൂടെ പൊതുസമൂഹത്തിനു മുന്നിൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ വിശ്വാസം വീണ്ടെടുക്കുകയെന്നതു മുഖ്യമന്ത്രിക്കു കടുത്ത വെല്ലുവിളിയാകും.

ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനൊപ്പം ഡോ. കെ.എം.എബ്രഹാം, പോൾ ആന്റണി, വി.വേണു, ടോം ജോസ്, ഷീല തോമസ്, പി.മാരപാണ്ഡ്യൻ എന്നിവരാണു മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോയും ചർച്ചയിൽ പങ്കെടുത്തു. ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്തതിനെയും ഇതു വാർത്തയും ചർച്ചയുമായതിനെയും മുഖ്യമന്ത്രി നിശിതമായി വിമർശിച്ചു. പ്രതിഷേധത്തെ പ്രതിപക്ഷം രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ഉദ്യോഗസ്ഥരെ പേരെടുത്ത് അദ്ദേഹം കുറ്റപ്പെടുത്തിയപ്പോൾ ഉദ്യോഗസ്ഥരും നിലപാടു വ്യക്തമാക്കി. ഉദ്യോഗസ്ഥർക്കു കൂട്ടുനിൽക്കുകയാണെന്ന മട്ടിൽ ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രതിഷേധം സർക്കാരിനെതിരായ നീക്കമല്ലെന്ന് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. ജേക്കബ് തോമസിനെതിരായ പരാതികൾ വിശദമായി ധരിപ്പിച്ചു. ജേക്കബ് തോമസിനെതിരെ ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടുകളിൽ നടപടിയെടുക്കാത്തത് ഇരട്ടനീതിയാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ഇക്കാര്യത്തിലൊന്നും പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല. ഉദ്യോഗസ്ഥർക്കൊപ്പം പുറത്തിറങ്ങിയ ശേഷം വീണ്ടുമെത്തിയാണു മുഖ്യമന്ത്രിയുടെ വിമർശനത്തിലുള്ള പ്രതിഷേധം ചീഫ് സെക്രട്ടറി അറിയിച്ചത്. സ്ഥാനമൊഴിയാനും തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയെന്നാണു സൂചന. എന്നാൽ, ഇക്കാര്യം അദ്ദേഹം നിഷേധിച്ചു.

ചർച്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരെ കണ്ട മുഖ്യമന്ത്രി ജേക്കബ് തോമസിനെ പരസ്യമായി ന്യായീകരിക്കുകയും ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തെ വിമർശിക്കുകയും ചെയ്തതോടെ, സർക്കാർ ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്നു വ്യക്തമായി. പിന്നീട് അനൗദ്യോഗികമായി യോഗം ചേർന്നാണു പ്രശ്നം വഷളാക്കേണ്ടെന്ന് ഐഎഎസ് ഉദ്യോഗസ്ഥർ തീരുമാനിച്ചത്. സർക്കാരിനെതിരായ നീക്കമായി തങ്ങളുടെ നടപടിയെ കാണരുതെന്നു മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം വരുന്ന നടപടികളൊന്നും സ്വീകരിക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പത്രക്കുറിപ്പും പുറത്തിറക്കി.

Your Rating: