Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണരംഗം കലുഷിതം; ചീഫ് സെക്രട്ടറിക്കെതിരെ വിജിലൻസ് കോടതിയിൽ പരാതി

pinarayi-vijayan-and-sm-vijayanand പിണറായി വിജയൻ, എസ്.എം. വിജയാനന്ദ്

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഭിന്നതയെ തുടർന്നു ഭരണരംഗം കലുഷിതമായി തുടരുന്നു. മുഖ്യമന്ത്രിയുടെ വിമർശനത്തെ തുടർന്നു സ്ഥാനമൊഴിയാൻ തയാറെടുത്ത ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെ സഹപ്രവർത്തകർ പിന്തിരിപ്പിച്ചു. ചീഫ് സെക്രട്ടറിയുമായി മന്ത്രിമാരിൽ ചിലരും അനൗദ്യോഗിക ചർച്ച നടത്തി. മറ്റു ചില മുതിർന്ന ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിക്കാൻ ആലോചിച്ചെങ്കിലും തീരുമാനമെടുത്തിട്ടില്ല.

അതിനിടെ, സമരത്തിനു നേതൃത്വം നൽകിയെന്നാരോപിച്ചു ചീഫ് സെക്രട്ടറിക്കെതിരെ വിജിലൻസ് കോടതിയിൽ പരാതി എത്തിയതും ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ സെക്രട്ടേറിയറ്റിലെ സിപിഎം സംഘടന നോട്ടിസ് വിതരണം ചെയ്തതും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കി. മുഖ്യമന്ത്രിയാണു സ്ഥിതി വഷളാക്കിയതെന്നു രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.

നേരത്തേയും ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ ഒട്ടേറെ പരാതികൾ നൽകിയിട്ടുള്ള പായിച്ചിറ നവാസ് തന്നെയാണു ചീഫ് സെക്രട്ടറിക്കെതിരെയും പരാതി നൽകിയത്. ഇതിൽ 19ന് അകം നിലപാട് അറിയിക്കാൻ വിജിലൻസിനോടു കോടതി നിർദേശിച്ചു. സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ എല്ലാ വകുപ്പുകളിലും ആഭ്യന്തര വിജിലൻസ് സംവിധാനം രൂപീകരിക്കണമെന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ഇന്നലത്തെ സർക്കുലറും ഐഎഎസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിട്ടുണ്ട്.

സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ഇന്നലെ ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ നോട്ടിസ് ഇറക്കിയത്. ഈ ഒളിയുദ്ധം കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും ഐഎഎസുകാരുടെ കൂട്ട അവധി നീക്കം അപഹാസ്യമായെന്നും കാറ്റുപോയ ബലൂണായെന്നും നോട്ടിസിൽ വിമർശിച്ചു. വിജിലൻസ് ഡയറക്ടർക്കെതിരെ പരാതിയുമായി കൂട്ട അവധിയെടുക്കാൻ തീരുമാനിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച നടക്കുകയാണ്. മുഖ്യമന്ത്രിയെ പരാതി അറിയിച്ചശേഷം ഉദ്യോഗസ്ഥർ അവധിയിൽ നിന്നു പിൻവാങ്ങിയെങ്കിലും പ്രശ്നങ്ങൾ ബാക്കിയാണ്. ഇനി മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

അതേസമയം, സർക്കാരിനെ സമ്മർദത്തിലാക്കാനാണ് അവർ നോക്കിയതെന്നും അത് അനുവദിക്കില്ലെന്നുമുള്ള കർശന നിലപാടിലാണു മുഖ്യമന്ത്രി. മറ്റ് ഉദ്യോഗസ്ഥരുടെ മുന്നിൽ മുഖ്യമന്ത്രി നടത്തിയ വിമർശനങ്ങളാണു ചീഫ് സെക്രട്ടറിയെ പ്രകോപിപ്പിച്ചത്. സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. ഇന്നലെ മുതിർന്ന സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചീഫ് സെക്രട്ടറിയെ കണ്ടു ചർച്ച നടത്തി.  ഐഎഎസ് അസോസിയേഷൻ ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗികയോഗം ചേർന്നിട്ടില്ല. ഭാരവാഹികളിൽ ചിലർക്കു തന്നെ കൂട്ട അവധി ഉൾപ്പെടെയുള്ള നിലപാടുകളോടു വിയോജിപ്പുണ്ട്. മാർച്ച് മൂന്നിനു സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനാണു സർക്കാരിന്റെ ആലോചന. അതിന്റെ ഒരുക്കങ്ങളിലേക്കു നീങ്ങാനിരിക്കേയാണ് ഈ പ്രതിസന്ധി.

Your Rating: