Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാതായ സ്ത്രീയും മകനും കൊല ചെയ്യപ്പെട്ടത്; ഭർത്താവ് അറസ്റ്റിൽ

death കൊല ചെയ്യപ്പെട്ട ഷാനിഫും സീനത്തും (ഇടത്) അറസ്റ്റിലായ സുന്ദരവടിവേൽ എന്ന നൗഷാദും കാമുകി റാണിയും(വലത്)

അഗളി (പാലക്കാട്)∙അട്ടപ്പാടിയിൽ നിന്നു നാലു വർഷം മുൻപു കാണാതായ സ്ത്രീയെയും മകനെയും കാമുകിയുടെ ഒത്താശയോടെ ഭർത്താവ് കൊലപ്പെടുത്തിയെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

അഗളി നരസിമുക്കിൽ താമസിച്ചിരുന്ന സീനത്ത് (32), മകൻ ഷാനിഫ് (അഞ്ച്) എന്നിവരാണു കൊല്ലപ്പെട്ടത്. സീനത്തിന്റെ ഭർത്താവ് തമിഴ്നാട് ചിദംബരം നിലംപുത്തൂർ സ്വദേശി സുന്ദരവടിവേൽ (ശങ്കർ എന്ന നൗഷാദ്–42), കാമുകി വീട്ടിയൂർ ഊരിലെ റാണി (42) എന്നിവരെ അഗളി ഡിവൈഎസ്പി ടി.കെ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

ഭാര്യയെയും മകനെയും കാണാനില്ലെന്നു പൊലീസിൽ പരാതി നൽകിയ നൗഷാദിനെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. കേസിനെക്കുറിച്ച് പൊലീസ്: 2013 ജൂലൈ രണ്ടു മുതൽ ഭാര്യയെയും മകനെയും കാണാനില്ലെന്നു നൗഷാദ് അഗളി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

അന്വേഷണത്തിൽ തെളിവൊന്നും ലഭിച്ചില്ല. മൂന്നു മാസം മുൻപ് അന്നത്തെ ജില്ലാ പൊലീസ് മേധാവി പ്രതീഷ്കുമാറിന്റെ നിർദേശപ്രകാരം അഗളി സിഐ എ.എം.സിദ്ദീഖിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു. പൊലീസ് ആവശ്യപ്പെടുമ്പോഴൊക്കെ സ്റ്റേഷനിൽ ഹാജരായിരുന്ന നൗഷാദ്, ഇരുവരും ജീവിച്ചിരിപ്പുണ്ടെന്നു പൊലീസിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

ഇതിനിടെ, സീനത്തിന്റെ നാലു വർഷമായി പ്രവർത്തിക്കാതിരുന്ന മൊബൈൽ ഫോൺ സജീവമാണെന്നു കണ്ടെത്തി. കൈവശമുള്ളയാളെ ചോദ്യം ചെയ്തപ്പോൾ നൗഷാദിൽ നിന്നു കിട്ടിയതാണെന്നു ബോധ്യപ്പെട്ടു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
2005ലാണു മുക്കാലിയിൽ കൂലിപ്പണിക്കെത്തിയ സുന്ദരവടിവേൽ (ശങ്കർ) സീനത്തിനെ വിവാഹം ചെയ്തത്.

മതം മാറി നൗഷാദായി. മകൻ ജനിച്ചു. നരസിമുക്കിൽ താമസിക്കവെ അടുപ്പത്തിലായ സഹപ്രവർത്തക റാണിയെ വിവാഹം ചെയ്യാനായി ഭാര്യയെയും മകനെയും ഒഴിവാക്കാൻ തീരുമാനിച്ചു. റാണിയുമായി ആലോചിച്ചുണ്ടാക്കിയ പദ്ധതി പ്രകാരം സ്വന്തം നാടായ ചിദംബരത്തെത്തിച്ചു.

2013 ജൂൺ 30ന് ഉറക്കഗുളിക പൊടിച്ചു ചായയിൽ കലർത്തി നൽകി മയക്കി വിജനമായ സ്ഥലത്തു കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി. തിരികെയെത്തി പൊലീസിൽ പരാതി നൽകി. അജ്ഞാത മൃതദേഹങ്ങളെന്ന പേരിൽ ഇവ തമിഴ്നാട് പൊലീസ് മറവു ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.

പ്രതികളെ ഇന്നു മണ്ണാർക്കാട് മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കും. എഎസ്ഐമാരായ അബ്ദുൽ നജീബ്, വിജയരാഘവൻ, സീനിയർ സിപിഒ രാമദാസ്, സിപിഒ കെ.ആർ.ജയകുമാർ, രഘു, മനീഷ്, മണി, പ്രശോഭ്, ബീന, സുന്ദരി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

related stories
Your Rating: