Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ധുനിയമന വിവാദം: പിന്നിൽ മാഫിയ: ജയരാജൻ; ഞാനറിയാതെ: പിണറായി

ep-jayarajan-2

തിരുവനന്തപുരം ∙ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടറായി തന്റെ ഭാര്യാസഹോദരീ പുത്രൻ പി.കെ.സുധീർ നമ്പ്യാരെ നിയമിച്ചതിനെ മന്ത്രിപദം രാജിവച്ചൊഴിഞ്ഞ ഇ.പി.ജയരാജൻ നിയമസഭയിൽ ശക്തമായി ന്യായീകരിച്ചപ്പോൾ ആ തീരുമാനം താൻ അറിഞ്ഞതല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പരിശോധനയ്ക്കായി അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ഫയൽ അയച്ചതാണെന്നു വി.ഡി.സതീശൻ പ്രത്യാരോപണവും ഉന്നയിച്ചു. നിയമവും ചട്ടവും കീഴ്‌വഴക്കവും പാലിച്ചാണു വ്യവസായവകുപ്പിലെ എല്ലാ നിയമനവും താൻ നടത്തിയതെന്നും ജയരാജൻ അവകാശപ്പെട്ടു. വ്യവസായവകുപ്പു ശുദ്ധമാക്കാൻ ശ്രമിച്ച തനിക്കെതിരെയുള്ള മാഫിയ നീക്കമാണിത് എന്ന ജയരാജന്റെ വാദത്തെ ഖണ്ഡിച്ച്, അദ്ദേഹം ലെറ്റർപാഡിലെഴുതിയ നിയമനനിർദേശങ്ങൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹാജരാക്കി.

ആ ചെറുപ്പക്കാരന് അപേക്ഷിക്കാൻ അവകാശമില്ലേ ?: ഇ.പി.ജയരാജൻ

ആ ചെറുപ്പക്കാരന് ഒരു അപേക്ഷ നൽകാൻ അവകാശമില്ലേ? അതിന്റെ അടിസ്ഥാനത്തിൽ നിയമപ്രകാരവും വിജിലൻസ് അനുമതിക്കു വിധേയമായും നിയമനം നൽകി. അതൊരു വലിയ സ്ഥാപനമൊന്നുമല്ല. ചുമടു കൊണ്ടുപോകുന്നതു കൃത്യമാണെന്ന് ഉറപ്പുവരുത്തണം എന്നേയുള്ളൂ. നിയമനം കൊടുത്തപ്പോൾ ആ ചെറുപ്പക്കാരൻ സമയം നീട്ടിച്ചോദിച്ചു. പറ്റില്ലെന്നു പറഞ്ഞ് അപ്പോൾ തന്നെ റദ്ദാക്കി. മാനേജരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചതു പ്രാദേശികമായി അവിടെ എടുത്ത തീരുമാനമാണ്. എന്നെ വ്യവസായവകുപ്പിൽ നിന്നു മാറ്റണം എന്നതു മാഫിയയുടെ ആവശ്യമായിരുന്നു. മാധ്യമങ്ങൾക്കു പണം കൊടുത്താണ് എനിക്കെതിരെ എഴുതിച്ചത്. പാർട്ടിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനായാണു രാജിവച്ചത്.

ramesh-chennithala

ഈ മാഫിയ ആര്? പിണറായിയും കോടിയേരിയുമാണോ ?: രമേശ് ചെന്നിത്തല

ഈ മാഫിയ എന്നു ജയരാജൻ ആരോപിക്കുന്നതു സിപിഎമ്മിനെയും പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയുമൊക്കെയാണോ? ഇവർ പറഞ്ഞിട്ടാണല്ലോ അദ്ദേഹം രാജിവച്ചത്. ജയരാജൻ കുറ്റസമ്മതം നടത്തി എന്നാണു കോടിയേരി പറഞ്ഞത്. മുഖ്യമന്ത്രി പറയുന്നത് അദ്ദേഹം ധാർമികത ഉയർത്തിപ്പിടിക്കാൻ സ്വയം രാജിവച്ചു എന്നാണ്. ഏതാണു സത്യം? ഇ.കെ.നായനാരുടെ കൊച്ചുമകനെയും പിണറായി സ്വദേശിയായ ശ്രീകാന്തിനെയും കിൻഫ്രയിൽ പ്രധാന തസ്തികകളിൽ നിയമിക്കാനായി ജയരാജൻ സ്വന്തം ലെറ്റർപാഡിൽ എഴുതിക്കൊടുത്ത നിർദേശങ്ങളാണു ‍ഞാൻ ഇവിടെ ഹാജരാക്കുന്നത്. എന്നിട്ട് അദ്ദേഹം ധാർമികതയെക്കുറിച്ചു വാചകമടിക്കുന്നു. ഇതുപോലെ എത്ര കത്തുകൾ എഴുതിക്കാണും? കള്ളം കയ്യോടെ പിടിച്ചപ്പോൾ മന്ത്രിപദം പോയി എന്നു പറഞ്ഞാൽ മതി.

pod-pinarayi

അറിയിക്കുന്നത് കീഴ്‌വഴക്കം; ഞാനറിഞ്ഞില്ല: മുഖ്യമന്ത്രി

ഇത്തരം നിയമനങ്ങൾ മുഖ്യമന്ത്രി അറിയേണ്ടതല്ലേ എന്നു പ്രതിപക്ഷത്തിനു ചോദിക്കാം. അറിഞ്ഞുകൊള്ളണം എന്നില്ല. കീഴ്‌വഴക്കം എന്ന നിലയിൽ അറിയിക്കാറുണ്ട്. പക്ഷേ, ഇക്കാര്യത്തിൽ ഞാൻ അറിഞ്ഞിട്ടില്ല. വകുപ്പു തന്നെ തീരുമാനിച്ചു ചെയ്ത നിയമനമാണ്. വിജിലൻസ് പരിശോധനയ്ക്കു വിധേയമായി നിയമിച്ചു എന്നാണു ജയരാജൻ പറഞ്ഞത്. അതുണ്ടായിട്ടില്ല. യഥാർഥത്തിൽ വിജിലൻസ് പരിശോധന വേണം. ഞങ്ങളുടെ പാർട്ടിയിലെ ആർക്കും പക്ഷേ, രാജിവച്ചേക്കാം എന്നു സ്വയം തീരുമാനിച്ച് ഒഴിഞ്ഞുപോകാൻ കഴിയില്ല. പാർട്ടിയുടെ അനുമതി വേണം. രാജിവയ്ക്കാൻ ജയരാജൻ എടുത്ത തീരുമാനത്തിനൊപ്പം ഞങ്ങളും നിന്നു. അതാണു ജയരാജനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞത്.

vd-satheesan

വിജിലൻസ് അറിയാത്തതിൽ മുഖ്യമന്ത്രിക്കും വീഴ്ചയില്ലേ ?: വി.ഡി.സതീശൻ

എംഡി നിയമനങ്ങൾ വിജിലൻസ് അറിഞ്ഞുവേണം എന്നതു നിലവിലുള്ള ഉത്തരവാണ്. അപ്പോൾ അതിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയിൽ അർപ്പിതമായ കടമയിൽ അദ്ദേഹത്തിനു വീഴ്ച സംഭവിച്ചിട്ടില്ലേ? ഈ നിയമനങ്ങൾ എന്തുകൊണ്ടു മന്ത്രിസഭയിൽ വയ്ക്കാൻ മുഖ്യമന്ത്രി പറഞ്ഞില്ല? സ്വന്തം ലെറ്റർപാഡിൽ ജയരാജൻ എഴുതിക്കൊടുത്താൽ ആരെയും നിയമിക്കാം എന്നതാണോ മന്ത്രിസഭയുടെ അവസ്ഥ? അതിലും മുഖ്യമന്ത്രിയുടേതല്ലേ വീഴ്ച? എംഡിമാരുടെ നിയമനത്തിന്റെ ഫയൽ മുഖ്യമന്ത്രിക്കു സമർപ്പിക്കണം എന്നുതന്നെയുണ്ട്. അങ്ങനെ മൂന്നു ഫയലുകൾ മുഖ്യമന്ത്രി കാണണം എന്ന് അഡീഷണൽ ചീഫ് സെക്രട്ടറി എഴുതിയിട്ട് മുഖ്യമന്ത്രി അതു കണ്ടില്ലെന്നാണോ? എങ്കിൽ മുഖ്യമന്ത്രി കാണാതെ ആരു മറിച്ചുകളഞ്ഞു?

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.