Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ കേസ്: പഴ്സനൽ സ്റ്റാഫ് തന്റെ ഓഫിസ് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ഉമ്മൻചാണ്ടി

Oommen Chandy

കൊച്ചി ∙ താൻ മുഖ്യമന്ത്രിയായിരിക്കേ സോളർ തട്ടിപ്പുമായി ബന്ധപ്പെട്ടു പഴ്സനൽ സ്റ്റാഫ് തന്റെ ഓഫിസ് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ഉമ്മൻചാണ്ടി. വഴിവിട്ട് ടെലിഫോൺ ഉപയോഗിച്ചതിന്റെ പേരിലാണു സ്റ്റാഫിൽ ചിലരെ പുറത്താക്കിയതെന്നു സോളർ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ മുൻപാകെ ഉമ്മൻചാണ്ടി മൊഴി നൽകി. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലുള്ളതിനാൽ കൂടുതൽ വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണു വിധേയരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചതെന്ന ആരോപണം ഉമ്മൻചാണ്ടി നിഷേധിച്ചു. നിയമസഭയിൽ ഒരു സമയത്തും പ്രതിപക്ഷം പോലും സിബിഐ അന്വേഷണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള അടവാണ് യുപിഎ സർക്കാർ കേന്ദ്രം ഭരിക്കുമ്പോൾ സിബിഐ അന്വേഷണത്തിനുള്ള നീക്കമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് സഭയിൽ വിമർശിച്ചു.

തുടർന്നു നിയമസഭയിൽ കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി രൂപീകരിച്ചത്. എല്ലാ കേസിലും നിഷ്പക്ഷവും നീതിപൂർവകവുമായ അന്വേഷണം വേണമെന്ന നിർദേശമാണ് എസ്ഐടിക്കു നൽകിയത്. എസ്ഐടിയുടെ മറ്റു നടപടിക്രമങ്ങളിലോ, ചുമതലകൾ വീതിക്കുന്നതിലോ ഇടപെട്ടിട്ടില്ല.

മല്ലേലിൽ ശ്രീധരൻനായർ തന്റെ ഉറപ്പിലാണു സരിതയ്ക്കു പണം നൽകിയതെങ്കിൽ, കബളിപ്പിക്കപ്പെട്ടപ്പോൾ ആദ്യം ചോദിക്കേണ്ടതു തന്നോടായിരുന്നില്ലേയെന്ന് ലോയേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ബി. രാജേന്ദ്രന്റെ ചോദ്യത്തിനുത്തരമായി ഉമ്മൻചാണ്ടി പറഞ്ഞു. ശ്രീധരൻനായർ ആദ്യം നൽകിയ പരാതിയിൽ മുഖ്യമന്ത്രി എന്ന പരാമർശമില്ലായിരുന്നു. പിന്നീട് ഇത് എഴുതിച്ചേർക്കപ്പെട്ടെങ്കിലും ശ്രീധരൻനായർ തന്നെ നിഷേധിച്ചു.

അഭിഭാഷകന്റെ നിർദേശപ്രകാരം ചേർത്തതാണെന്ന് അഭിഭാഷക ഗുമസ്തൻ മാധ്യമങ്ങളോടു വിശദീകരിക്കുകയുമുണ്ടായി. സരിതയോടൊപ്പം ശ്രീധരൻനായർ തന്നെ കണ്ടിട്ടില്ലെന്ന് അന്വേഷണോദ്യോഗസ്ഥനു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരിക്കാം ആ വഴിക്ക് അന്വേഷണം നടക്കാതിരുന്നത്. ഇടയാറൻമുള ബാബുരാജിന്റെ ഭാര്യ രത്നമ്മയുടെ പേരിലുള്ള സ്ഥലം പോക്കുവരവ് ചെയ്യണമെന്ന അപേക്ഷ ഓഫിസിൽ ലഭിച്ചപ്പോൾ, അടിയന്തരമായി നടപടിയെടുക്കാൻ നിർദേശിച്ചു കുറിപ്പെഴുതിയെന്നതു നേരാണ്.
ഇതു സാധാരണ നടപടിക്രമം മാത്രമാണ്. സരിത മുഖ്യമന്ത്രിക്കു നൽകിയ അപേക്ഷയ്ക്കു പ്രത്യേക പരിഗണന ലഭിച്ചുവെന്നായിരുന്നു ലോയേഴ്സ് യൂണിയന്റെ വാദം. സാക്ഷിയെ ക്രോസ് വിസ്താരം ചെയ്യുമ്പോൾ സാക്ഷിയുടെ അഭിഭാഷകൻ അനാവശ്യമായി ഇടപെടരുതെന്ന് ഉമ്മൻചാണ്ടിയുടെ അഭിഭാഷകനു കമ്മിഷൻ വാക്കാൽ നിർദേശം നൽകി. ഉമ്മൻചാണ്ടിയുടെ വിസ്താരം ഇന്നു തുടരും.

related stories