Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനുകൾ എപ്പോഴെത്തുമോ എന്തോ...!

ആലപ്പുഴ ∙ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ എപ്പോൾ വരുമെന്നു പറയാൻ നിവൃത്തിയില്ല’–സമയത്തു ട്രെയിൻ എത്തുമോ എന്നറിയാൻ സ്റ്റേഷനുകളിലെ അന്വേഷണ കൗണ്ടറിൽ എത്തുന്ന യാത്രക്കാർക്കു പത്തു ദിവസമായി ലഭിക്കുന്ന മറുപടിയാണിത്. ട്രെയിനുകളുടെ വരവും പോക്കും സംബന്ധിച്ചു സ്റ്റേഷൻ മാസ്റ്റർ അടക്കമുള്ള ഉദ്യോഗസ്ഥർക്കു വിവരം നൽകുന്ന ഡിവിഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം (ഡിടിഇഎസ്) കേടായതാണു കാരണം. ഇതുമൂലം തിരുവനന്തപുരം ഡിവിഷനിലെ 60 സ്റ്റേഷനുകളിലും ട്രെയിൻ സമയം അറിയാൻ റെയിൽവേ ഉദ്യോഗസ്ഥർക്കുപോലും നിവൃത്തിയില്ല.

റെയിൽവേയിൽ കൊമേഴ്സ്യൽ വിഭാഗവും ടെലികമ്യൂണിക്കേഷൻസ് വിഭാഗവും തമ്മിലുള്ള ശീതസമരം മൂലമാണ് അവശ്യസേവനങ്ങളിൽ ഒന്നായ ഡിടിഇഎസ് അറ്റകുറ്റപ്പണി നടക്കാത്തത്. പ്രശ്നം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങളുടെയും യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. ഡിടിഇഎസിന്റെ പ്രയോജനം ലഭിക്കുന്നതു കൊമേഴ്സ്യൽ വിഭാഗത്തിനായതിനാൽ നന്നാക്കാനുള്ള പണം അവർ നൽകണമെന്നു ടെലി കമ്യൂണിക്കേഷൻസ് വിഭാഗം നിലപാടെടുത്തു. എന്നാൽ, ടെലികമ്യൂണിക്കേഷൻസിന്റെ കൈവശമുള്ള ഉപകരണ ശൃംഖല അവർ തന്നെ നന്നാക്കണമെന്നാണു കൊമേഴ്സ്യൽ വിഭാഗം പറയുന്നത്.

വകുപ്പുകൾ തമ്മിലുള്ള തർക്കം തുടരുന്നതിനാൽ വർഷങ്ങൾക്കു മുൻപുള്ള ട്രെയിൻ അന്വേഷണ രീതിയിലേക്കു സ്റ്റേഷനുകൾക്കു മാറേണ്ടിവന്നു. തൃശൂർ വടക്കാഞ്ചേരി മുതൽ കന്യാകുമാരി വരെയുള്ള സ്റ്റേഷനുകളിലെ ജീവനക്കാർ തിരുവനന്തപുരത്തെ കൺട്രോൾ റൂമിൽ വിളിച്ചാണു ട്രെയിൻ എവിടെ എത്തിയെന്ന് അറിയുന്നത്. ഡിടിഇഎസ് കേടായതോടെ റെയിൽവേ സ്റ്റേഷനുകളിലെ ടച്ച് സ്ക്രീൻ സംവിധാനവും പ്രവർത്തിക്കുന്നില്ല. പല സ്റ്റേഷനുകളിലും ട്രെയിനുകളുടെ സമയം എഴുതുന്ന ബോർഡുകളും എടുത്തുമാറ്റി. സ്റ്റേഷനിലെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകളും അണഞ്ഞു.

കൺട്രോൾ റൂമിലെ ചാർട്ടുമായി ഓരോ സ്റ്റേഷനിലെയും കൺട്രോൾ യൂണിറ്റിനെ ബന്ധിപ്പിക്കുന്നതു ഡിടിഇഎസാണ്. ട്രെയിനുകളുടെ യാത്ര അനുസരിച്ച് അപ്പപ്പോൾ വിവരങ്ങൾ സ്റ്റേഷൻ മാനേജർമാർക്കു ലഭിക്കും. തൊട്ടടുത്ത സ്റ്റേഷനുകളിൽനിന്നുള്ള ഫോൺ  സന്ദേശവും  ലഭിക്കുന്നുണ്ട്. ഡിടിഇഎസ് നിശ്ചലമായെങ്കിലും യാത്രക്കാർക്കു വിവരം അറിയാൻ കഴിയുന്ന നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇതിനു കൃത്യത കുറവായതിനാൽ പൂർണമായി ആശ്രയിക്കാൻ സ്റ്റേഷനുകൾക്കു സാധിക്കുന്നില്ല. 

Your Rating: