Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവ സംരംഭകയെ ഭീഷണിപ്പെടുത്തി പണവും വീടിന്റെ രേഖകളും തട്ടി; ഏഴുപേർ പിടിയിൽ

arrested-7-cochin വനിതാ സംരംഭകയെ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അജയ്കുമാർ, വിൻസന്റ്, ഫൈസൽ, ജോഷി, സിദ്ദീഖ്, നിയാസ്, കമാലുദീൻ എന്നിവർ.

കൊച്ചി ∙ സ്ഥലമിടപാടിന്റെ പേരിൽ യുവ സംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും വീടിന്റെ രേഖകളും കാറും തട്ടിയെടുക്കുകയും ചെയ്ത കേസിൽ സ്പിരിറ്റ് കടത്ത് കേസിലെയും ഗുണ്ടാ ആക്രമണക്കേസിലെയും പ്രതികളടക്കം ഏഴു പേർ അറസ്റ്റിൽ.

എറണാകുളം ബ്രോഡ്‌വേയിൽ ബിസിനസ് നടത്തുന്ന പച്ചാളം സ്വദേശിനി സാന്ദ്ര തോമസിന്റെ പരാതിയിൽ ഇടപ്പള്ളി പോണേക്കര പാതുപ്പിള്ളി കമാലുദ്ദീൻ (43), തൃശൂർ വലപ്പാട് കാരായിമുട്ടം കാഞ്ഞിരപ്പറമ്പിൽ ജോഷി (48), എളംകുളം ദേശാഭിമാനി റോഡിൽ ലിബർട്ടി ലെയിനിൽ മല്ലിശ്ശേരി സിദ്ദീഖ് (കറുകപ്പിള്ളി സിദ്ദീഖ്– 35), എളമക്കര അറയ്ക്കൽ വിൻസന്റ് (വിച്ചാണ്ടി– 39), കലൂർ സ്റ്റേഡിയത്തിനു സമീപം റീഗൽ റിട്രീറ്റ് ഫ്ലാറ്റ് നമ്പർ രണ്ടിൽ അജയകുമാർ (44), തലയോലപ്പറമ്പ് പാലാംകടവ് പാലത്തിനു സമീപം കാഞ്ഞൂർ നിയാസ് അസീസ് (25), എറണാകുളം തമ്മനം മേയ് ഫസ്റ്റ് റോഡിൽ കോതാടത്ത് കെ.കെ. ഫൈസൽ (42) എന്നിവരെയാണു സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. 

മുഖ്യമന്ത്രിയുടെ സ്വന്തം ആളുകളാണെന്നു പറഞ്ഞാണു സംഘം ഭീഷണി മുഴക്കിയിരുന്നതെന്നു സാന്ദ്ര പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: എറണാകുളം ബ്രോഡ്‌വേയിൽ ജ്വല്ലറി നടത്തുന്ന കമാലുദ്ദീന്റെ ഉടമസ്ഥതയിൽ പോണേക്കരയിലുള്ള അഞ്ചു സെന്റ് സ്ഥലവും കെട്ടിടവും ഒരു കോടി രൂപ വിലനിശ്ചയിച്ചു പരാതിക്കാരിക്കു റജിസ്റ്റർ ചെയ്തു കൊടുത്തിരുന്നു. അൻപതു ലക്ഷം രൂപ മുൻകൂറായി നൽകി. ബാക്കി തുക ഗഡുക്കളായി നൽകിയാൽ മതിയെന്നായിരുന്നു കരാറെന്നു പരാതിക്കാരി പറയുന്നു.

എന്നാൽ പിന്നീട് സ്ഥലത്തിന് കൂടുതൽ വില വേണമെന്നും ഒന്നേകാൽ കോടി രൂപ ഉടൻ നൽകിയില്ലെങ്കിൽ കുടുംബത്തെ വകവരുത്തുമെന്നും കമാലുദ്ദീനും സംഘവും പരാതിക്കാരിയുടെ സ്ഥാപനത്തിലെത്തി ഭീഷണി മുഴക്കി. സാന്ദ്രയുടെ പേരിൽ തൃക്കാക്കരയിലുള്ള വീടും എട്ടു സെന്റ് സ്ഥലവും ഭീഷണിപ്പെടുത്തി എഴുതിവാങ്ങി. വീട്ടിൽനിന്നു ബ്ലാങ്ക് ചെക്കുകളും വരുമാന നികുതിയടച്ചതിന്റെ രേഖകളും ബലമായി കൈവശപ്പെടുത്തി.

തുടർന്ന്, സാന്ദ്രയുടെ ഉടമസ്ഥതയിലുള്ള കാർ തട്ടിയെടുക്കുകയും വലപ്പാട് ജോഷിക്ക് 30 ലക്ഷം രൂപയ്ക്കു പണയം വയ്ക്കുകയും ചെയ്തു. എന്നാൽ, ഈ തുകയുടെ പലിശ ആവശ്യപ്പെട്ടു ജോഷി സാന്ദ്രയുടെ വീട്ടിലാണെത്തിയത്. ഭീഷണിപ്പെടുത്തി പലിശയിനത്തിൽ പലപ്പോഴായി ആറു ലക്ഷം രൂപ വാങ്ങിയെടുക്കുകയും ചെയ്തു. നിരന്തര ഭീഷണിയെത്തുടർന്നു സാന്ദ്ര ഡിജിപിക്കു നൽകിയ പരാതി ഡിസിപി ഡോ. അരുൾ ആർ.ബി.കൃഷ്ണയ്ക്കു കൈമാറുകയായിരുന്നു.

എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജിയുടെ നേതൃത്വത്തിൽ സിഐ എ.അനന്തലാൽ, എസ്ഐ എസ്.വിജയശങ്കർ, ഷാഡോ എസ്ഐ വി. ഗോപകുമാർ, നോർത്ത് എസ്ഐ ബിബിൻ എന്നിവരെ ഉൾപ്പെടുത്തി രൂപീകരിച്ച അന്വേഷണ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരോ, മുൻപു കേസുകളിൽ പ്രതിയായിട്ടുള്ളവരോ ആണെന്ന് കെ. ലാൽജി പറഞ്ഞു.

ആന്ധ്രയിൽനിന്നു മോഷ്ടിച്ച സ്വർണാഭരണങ്ങൾ മോഷണമുതലെന്ന അറിവോടെ വാങ്ങിയ കേസിൽ പ്രതിയാണു കമാലുദ്ദീൻ. ജോഷി സ്പിരിറ്റ് കടത്തുകേസിലും അബ്കാരി കേസിലും പ്രതിയാണ്. സിദ്ദീഖ്, അജയകുമാർ, വിൻസന്റ് എന്നിവർ ഒട്ടേറെ കേസുകളിൽ പ്രതികളും ഗുണ്ടാ സംഘാംഗങ്ങളുമാണ്. കൊച്ചി നഗരത്തിലെ മിക്ക ഭൂമിയിടപാടുകളിലും ഇവർ ഇടപെടുന്നുണ്ടെന്നാണു വിവരം.

ഇത്തരം കേസുകളിൽ ഇടപെട്ടു പണം തട്ടുന്നതിനായി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം ഇവർ ഓഫിസും തുടങ്ങിയിട്ടുണ്ട്. സിദ്ദീഖ് ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവ് കൂടിയാണ്. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിനു സിദ്ദീഖിനെ സംഘടനയിൽനിന്നു പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ.എസ്. അരുൺകുമാർ അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.