Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വരം മയപ്പെടുത്തി ആദിത്യനാഥ്; അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കാൻ ആഹ്വാനം

PTI11_26_2015_000113A

ലക്നൗ∙ വർഗീയ ചുവയുള്ള പരാമർശങ്ങളിലൂടെ സ്ഥിരം വിവാദനായകനായിരുന്ന യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് മുഖ്യമന്ത്രിയായതിനു പിന്നാലെ സ്വരം മയപ്പെടുത്തുന്നു? സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ ആദിത്യനാഥ് പാർട്ടി പ്രവർത്തകർക്കു നൽകിയ നിർദേശം ഇങ്ങനെ; അനാവശ്യമായ പ്രസ്താവനകൾ ഒഴിവാക്കുക! ഉത്തർപ്രദേശിലെ ഏതെങ്കിലും പ്രത്യേക വിഭാഗത്തിൽപ്പെട്ടവരോട് യാതൊരുവിധ വേർതിരിവുകളും കാട്ടില്ലെന്ന ഉറപ്പും മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ പ്രഥമ പ്രസംഗത്തിൽത്തന്നെ യോഗി ആദിത്യനാഥ് നൽകി. തീവ്ര ഹിന്ദുത്വ നിലപാടുകളുടെ പേരിൽ അറിയപ്പെടുന്ന യോഗി ആദിത്യനാഥ് അധികാരസ്ഥാനത്തേക്ക് എത്തുന്നത് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക വിതച്ചിരുന്നു. അതിനിടെയാണ് സമവായത്തിന്റെയും സമഭാവനയുടെയും ശബ്ദമായുള്ള ആദിത്യനാഥിന്റെ രംഗപ്രവേശം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരെ സാക്ഷി നിർത്തി ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള 44 അംഗ മന്ത്രിസഭ ഉത്തർപ്രദേശിൽ അധികാരമേറ്റത്. കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ലക്നൗവിലെ കാൻഷിറാം സ്മൃതി ഉപവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. യുപിയിലെ 21–ാമത്തെ മുഖ്യമന്ത്രിയാണു യോഗി ആദിത്യനാഥ് (44). മന്ത്രിസഭയിലെ 22 പേർ കാബിനറ്റ് റാങ്കുള്ളവരാണ്. ഒൻപതുപേർ സ്വതന്ത്ര ചുമതലയുള്ളവരും 13 പേർ സഹമന്ത്രിമാരുമാണ്. ബിജെപിയിലേക്കു മാറിയ യുപി കോൺഗ്രസ് മുൻ അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയും മന്ത്രിയായി.

പുതിയ മന്ത്രിസഭ യുപിയെ ‘ഉത്തം പ്രദേശ്’ ആക്കി മാറ്റട്ടെ എന്നു പ്രധാനമന്ത്രി മോദി ആശംസിച്ചു. ‘റെക്കോർഡ് വികസനം ഉണ്ടാവും. നമ്മുടെ ഏക ലക്ഷ്യവും ആദർശവും വികസനമാകട്ടെ. യുപി വികസിക്കുന്നതോടെ ഇന്ത്യ വികസിക്കും. യുപിയിലെ യുവജനങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിച്ചുനൽകണം’ ട്വിറ്റർ സന്ദേശത്തിലൂടെ മോദി പറഞ്ഞു. രാമക്ഷേത്രനിർമാണം അടക്കമുള്ള വിവാദ നയങ്ങൾ പുതിയ മുഖ്യമന്ത്രി സ്വീകരിച്ചേക്കുമെന്ന അഭിപ്രായങ്ങൾക്കിടയിലാണു മോദിയുടെ വികസന സന്ദേശം എന്നതു ശ്രദ്ധേയമാണ്.

Your Rating: