Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിപദം വെറും ‘ലോട്ടറി’യല്ല; ആദിത്യനാഥ് മോദിയുടെയും ഷായുടെയും ‘ആളു’ തന്നെ

INDIA-POLITICS

ലക്നൗ∙ ഉത്തർപ്രദേശിൽ മുഖ്യമന്ത്രി പദത്തിലേക്കുള്ള അപ്രതീക്ഷിത താരോദയമായിരുന്നു യോഗി ആദിത്യനാഥെന്ന റിപ്പോർട്ടുകളെ തള്ളി പുതിയ വെളിപ്പെടുത്തലുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും ഇംഗിതത്തിന് വിരുദ്ധമായി, ആർഎസ്എസ് സമ്മർദ്ദത്തെ തുടർന്നാണ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതെന്നായിരുന്നു ഇതുവരെയുള്ള വിവരം. എന്നാൽ, യുപിയിൽ ബിജെപി അധികാരത്തിലെത്തിയാൽ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള നീക്കം പാർട്ടി നേതൃത്വം മാസങ്ങൾക്കു മുൻപേ തുടങ്ങിയിരുന്നുവെന്ന് പ്രമുഖ ദേശീയ മാധ്യമമായ ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് റിപ്പോർട്ട് ചെയ്തത്.

മുഖ്യമന്ത്രി പദത്തിലേക്കുള്ള യോഗി ആദിത്യനാഥിന്റെ വരവിൽ ആർഎസ്എസ് കാര്യമായ പങ്കൊന്നും വഹിച്ചിട്ടില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാൻ സമ്മർദ്ദമൊന്നും ചെലുത്തിയിട്ടില്ലെന്ന് ആർഎസ്എസ് നേതൃത്വവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമിത് ഷായും നരേന്ദ്ര മോദിയും ഉൾപ്പെടുന്ന ദേശീയ നേതൃത്വത്തിലെ വമ്പൻമാരുടെ മനസിൽ യുപി മുഖ്യമന്ത്രിയെന്ന നിലയിൽ ഉണ്ടായിരുന്നത് ഒരേയൊരു പേരുമാത്രമാണെന്ന സൂചനയാണ് ഇതോടെ ശക്തമാകുന്നത്.

ചരിത്രവിജയം നൽകി അനുഗ്രഹിച്ച ഉത്തർപ്രദേശിലെ ജനങ്ങളെ നയിക്കാൻ ഗൊരഖ്പുർ ക്ഷേത്രത്തിലെ മുഖ്യപൂജാരിയും ഹിന്ദു യുവവാഹിനി സ്ഥാപകനേതാവുമായ ആദിത്യനാഥിനെ തിരഞ്ഞെടുക്കാൻ എന്തായിരിക്കും കാരണം? ഉത്തർപ്രദേശിലെ ജനങ്ങൾക്കിടയിൽ യോഗി ആദിത്യനാഥിനുള്ള ജനപ്രീതി തന്നെ മുഖ്യകാരണം. ജാതി രാഷ്ട്രീയം നിർണായകമായ യുപിയിൽ വിവിധ ജാതിക്കാർക്കിടയിൽ പൊതുസ്വീകാര്യനാണെന്നതും ആദിത്യനാഥിനു തുണയായതായി റിപ്പോർട്ട് പറയുന്നു. ആർഎസ്എസ് നേതൃത്വത്തിന്റെ അനുഗ്രഹം, ഏഴു ഘട്ടങ്ങളായി നടന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ നടത്തിയ ചിട്ടയായ പ്രചാരണ പ്രവർത്തനം എന്നിവയും മുഖ്യമന്ത്രിപദത്തിലേക്കുള്ള യാത്രയിൽ യോഗിക്ക് തുണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് റാലികളിൽ ജനക്കൂട്ടങ്ങളെ ആകർഷിച്ച നേതാവുകൂടിയാണ് യോഗി ആദിത്യനാഥ്.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുൻപുതന്നെ ഉത്തർപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകാനുള്ള താൽപര്യത്തെക്കുറിച്ച് പാർട്ടി അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായിരുന്ന രാജ്നാഥ് സിങ്ങിനോട് ആരാഞ്ഞിരുന്നു. എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിനുള്ള വിമുഖത തുറന്നുപറഞ്ഞ രാജ്നാഥ്, മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതിലുള്ള അഭിപ്രായഭിന്നതയും നേതൃത്വത്തെ അറിയിച്ചു.

യുപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടു പേരുകളാണ് പാർട്ടി പരിഗണിക്കുന്നതെന്ന് അമിത് ഷാ, രാജ്നാഥ് സിങ്ങിനെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ രാജ്നാഥ് അല്ലെങ്കിൽ യോഗി ആദിത്യനാഥ് എന്ന നിലപാടും അദ്ദേഹം രാജ്നാഥ് സിങ്ങിനോട് വെളിപ്പെടുത്തിയിരുന്നു. ഉത്തർപ്രദേശിൽ ആരു മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കാൻ പാർട്ടി അണികൾക്കിടയിൽ ബിജെപി രഹസ്യമായി അഭിപ്രായ വോട്ടെടുപ്പും നടത്തിയിരുന്നുവെന്നാണ് സൂചന. രാജ്നാഥ് സിങ് ഏറ്റവും കൂടുതൽ പേരുടെ പിന്തുണ നേടിയപ്പോൾ, ചെറിയ ശതമാനം വോട്ടുകൾക്ക് ആദിത്യനാഥാണ് തൊട്ടുപിന്നിലെത്തിയത്. രാജ്നാഥ് സിങ് പിൻമാറിയപ്പോൾ സ്വാഭാവികമായും യോഗി ആദിത്യനാഥ് സാധ്യതാപട്ടികയിൽ മുന്നിലെത്തുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ ചിട്ടയായുള്ള പ്രവർത്തനങ്ങളിലൂടെയും യോഗി ആദിത്യനാഥ് പാർട്ടി നേതൃത്വത്തിന്റെ കൈയ്യടി നേടി. വിമത ശല്യം രൂക്ഷമായിരുന്ന അവസാന ഘട്ട വോട്ടെടുപ്പിൽ, പാർട്ടി സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ വീടുകൾ കയറിയുള്ള പ്രചാരണം നടത്താനും അദ്ദേഹം മുന്നിട്ടിറങ്ങി. ഇത്തരത്തിൽ രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ ആദിത്യനാഥ് കാട്ടിയ ആർജവവും നേതൃത്വത്തിന് നന്നേ ബോധിച്ചു.

ബിജെപിക്കു ചരിത്രവിജയം സമ്മാനിച്ച 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽ യുപിയിൽ അമിത് ഷായുടെ വിശ്വസ്തനാണ് ആദിത്യനാഥെന്ന ‘രഹസ്യ’വും നേതാക്കൾ പങ്കുവച്ചു. രാജ്നാഥ് സിങ്ങിനു പുറമെ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കാൻ ദേശീയ നേതൃത്വം നിയോഗിച്ച നേതാവു കൂടിയായിരുന്നു ആദിത്യനാഥ്. മുഖ്യമന്ത്രി പദത്തിലേക്കുള്ള ആദിത്യനാഥിന്റെ വരവ് അവിചാരിതമായി ലഭിച്ച ‘ലോട്ടറി’യല്ലെന്ന് സാരം.

എല്ലാറ്റിലുമുപരി, സന്യാസിയെന്ന നിലയിൽ വ്യത്യസ്ത ജാതിക്കാർക്കിടയിൽ ആദിത്യനാഥിനുള്ള സ്വീകാര്യതയും അധികനേട്ടമായി. ജാതികൾക്ക് അതീതനായ നേതാവാണ് ആദിത്യനാഥെന്ന വികാരമാണ് സംസ്ഥാനത്ത് പൊതുവെയുള്ളതെന്ന് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. യുപിയിലെ പ്രബലരായ ബ്രാഹ്മണ വിഭാഗവും ആദിത്യനാഥിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

related stories
Your Rating: