Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളപ്പണവും നികുതിവെട്ടിപ്പും തടയാനുറച്ച് മോദി; ‘കടലാസു കമ്പനി’കളിൽ പരിശോധന

Narendra Modi

ന്യൂഡൽഹി∙ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധിയെന്ന നിലയ്ക്കുമാത്രം പ്രവർത്തിക്കുന്ന ‘കടലാസു കമ്പനി’കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. 16 സംസ്ഥാനങ്ങളിലായി നൂറിലധികം സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നൽ പരിശോധന നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശപ്രകാരമാണിത്. ഡൽഹി, ചെന്നൈ, കൊൽക്കത്ത, ചണ്ഡിഗഡ്, പാട്ന, റാഞ്ചി, അഹമ്മദാബാദ്, ഭുവനേശ്വർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. മൂന്നൂറിലധികം കമ്പനികളുടെ ഓഫിസുകളിൽ പരിശോധന നടത്തിയതായാണ് വിവരം.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ), വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമായിരുന്നു റെയ്ഡ് എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതർ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കങ്ങളും വിദേശനാണ്യ വിനിമയ ചട്ടലംഘനങ്ങളുമാണ് പ്രധാനമായും പരിശോധിച്ചത്. എൻഫോഴ്സ് ഡയറക്ടറേറ്റിനുള്ളിൽ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം രൂപം നൽകിയ പ്രത്യേക കർമ സേനയ്ക്കായിരുന്നു റെയ്ഡുകളുടെ ചുമതല.

സ്വന്തമായി പ്രത്യേക പ്രവർത്തനങ്ങളൊന്നുമില്ലെങ്കിലും നികുതി വെട്ടിക്കാനും കള്ളപ്പണം വെളുപ്പിക്കാനുമൊക്കെയായി വൻകിട കമ്പനികളെ സഹായിക്കുന്നവയാണ് ഇത്തരം കടസാലു കമ്പനികൾ. കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തരം കമ്പനികളെ കണ്ടെത്തി നിയമത്തിനു കീഴിൽ കൊണ്ടുവരാനുള്ള ശ്രമം. ഇത്തരം കമ്പനികളേയും അവയുടെ ഡയറക്ടർമാരെയും കണ്ടെത്തുന്നതിനായി റവന്യൂ സെക്രട്ടറി, കോർപറേറ്റ്കാര്യ സെക്രട്ടറി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ പ്രത്യേക കർമസേനയക്കും രൂപം നൽകിയിരുന്നു.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏകദേശം 1150ൽ അധികം കടസാലു കമ്പനികൾ നികുതി വെട്ടിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. 13,300 കോടിയിലേറെ രൂപയുടെ അനധികൃത പണമിടപാടുകൾ ഇവർ നടത്തിയതായാണ് കേന്ദ്രസർക്കാർ കണ്ടെത്തിയിരിക്കുന്നത്. 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ 2016 നവംബർ എട്ടിനുശേഷം മാത്രം ഇത്തരം കമ്പനികളുടെ സഹായത്തോടെ അഞ്ഞൂറിലധികം പേർ 3,900 കോടി രൂപ വെളുപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം കമ്പനികളെ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാർ നീക്കം.

related stories
Your Rating: