Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതിക്കേസിൽ തൃണമൂൽ നേതാക്കൾക്കെതിരെ കുറ്റപത്രം; രാഷ്ട്രീയമായി നേരിടുമെന്ന് മമത

Mamata Banerjee

കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും ശക്തമായ തിരിച്ചടി നൽകി അഴിമതിക്കേസിൽ 12 പാർട്ടി നേതാക്കൾക്കെതിരെ സിബിഐയുടെ കുറ്റപത്രം. ഒരു ഐപിഎസ് ഓഫിസർക്കെതിരെയും എഫ്ഐആറുണ്ട്. ഒളിക്യാമറ ഓപ്പറേഷനിലൂടെ നാരദാ ന്യൂസ് പുറത്തുകൊണ്ടുവന്ന വിഡിയോയിലാണ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ കോഴവാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

രാജ്യസഭാ, ലോക്സഭാ എംപിമാരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. മുകുൾ റോയി, സുൽത്താൻ അഹമ്മദ്, സൗഗത റോയി, കകോലി ഘോഷ് ദസ്തിദാർ, അപാരുപ പോഡ്ഡർ, ഫിർഹദ് ഹക്കിം, സുബ്രതാ മുഖർജി, സുഭേന്ധു അധികാരി, സോവൻ ചാറ്റർജി, മദൻ മിത്ര, ഇഖ്ബാൽ അഹമ്മദ്, പ്രസൂൺ ബാനർജി, എച്ച്.എം.എസ് മിർസ തുടങ്ങിയവർക്കെതിരെയാണ് കുറ്റപത്രം.

അതേസമയം, കുറ്റപത്രം ചുമത്തിയതുകൊണ്ടുമാത്രം ആരും കുറ്റക്കാരാകില്ലെന്ന് മമതാ ബാനർജി പ്രതികരിച്ചു. ഇതു രാഷ്ട്രീയക്കളിയാണ്. രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും അവർ കൂട്ടിച്ചേർത്തു. അടുത്ത നടപടി എന്തുവേണമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി അറിയിച്ചു.

ചിട്ടി തട്ടിപ്പു കേസിൽ തൃണമൂൽ എംപിമാരായ സുദീപ് ബാനർജിയും തപസ് പാലും സിബിഐയുടെ കസ്റ്റഡിയിലാണ്. ഇതിനൊപ്പമാണ് വീണ്ടും മുതിർന്ന നേതാക്കൾക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ സിബിഐ നിയമിച്ചേക്കുമെന്നാണ് വിവരം.

2016 മാർച്ച് 14നാണ് തൃണമൂൽ എംപിമാരും നേതാക്കളും കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

Your Rating: