Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ധർമ്മയുദ്ധം; ശശികലയെയും ദിനകരനെയും പുറത്താക്കിയത് ആദ്യ ജയം: ഒപിഎസ്

O. Panneerselvam

ചെന്നൈ ∙ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയെയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെയും പുറത്താക്കിയത് ‘ധർമ്മ യുദ്ധ’ത്തിലെ ആദ്യ ജയമാണെന്ന് മുൻമുഖ്യമന്ത്രി ഒ. പനീർസെൽവം. ശശികലയെയും കുടുംബത്തെയും പാർട്ടിയിൽ നിന്നും പുറത്താക്കിയ നടപടി ചൊവ്വാഴ്ചയാണ് പാർട്ടി നേതാക്കൾ പ്രഖ്യാപിച്ചത്. മറ്റു മന്ത്രിമാരുമായും സംസാരിക്കാൻ തയാറാണ്. രണ്ടു വിഭാഗത്തിൽ ഉള്ളവരും കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്യുകയാണ്. അണികളുടെ ആഗ്രഹപ്രകാരം വരുന്ന ദിവസങ്ങളിൽ പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർക്കുമെന്നും പനീർസെൽവം പറഞ്ഞു. മുൻപ് ശശികലയ്ക്കെതിരെ നടത്തുന്നത് ധർമ്മ യുദ്ധമാണെന്ന് പനീർസെൽവം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ വസതിയിൽ 20 മുതിർന്ന മന്ത്രിമാർ പങ്കെടുത്ത യോഗത്തിലായിരുന്നു ശശികലയെയും ദിനകരനെയും പുറത്താക്കിയ തീരുമാനമെടുത്തത്. ‘‘ദിനകരന്റെയും കുടുംബത്തിന്റെയും സ്വാധീനമില്ലാതെ മുന്നോട്ടുപോകും. പാർട്ടിയെ നയിക്കാൻ പുതിയ സമിതി വരും’’– യോഗശേഷം ധനമന്ത്രി ഡി.ജയകുമാർ അറിയിച്ചു. മുഴുവൻ എംഎൽഎമാരുടെയും പിന്തുണ തീരുമാനത്തിനുണ്ടെന്നാണ് അവകാശവാദമെങ്കിലും ഇരുപതോളം പേർ ഇപ്പോഴും ശശികലയെ പിന്തുണയ്ക്കുന്നതായാണു സൂചന. ഈ സാഹചര്യത്തിലാണ് മറ്റുള്ളവരുമായി ചർച്ച തുടരുമെന്നു പനീർസെൽവം വ്യക്തമാക്കിയത്. 

പാർട്ടി സ്ഥാനാർഥിയായ ടി.ടി.വി. ദിനകരനു വേണ്ടി വോട്ടർമാർക്കു വൻതോതിൽ പണം നൽകിയെന്ന സൂചനകളെ തുടർന്ന് ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ പുകഞ്ഞു തുടങ്ങിയ അമർഷമാണ് രാഷ്ട്രീയ പൊട്ടിത്തെറിക്കു വഴി തുറന്നത്. ബുധനാഴ്ച ടി.ടി.വി. ദിനകരൻ വിളിച്ചുചേർത്തിരുന്ന നിയമസഭാ കക്ഷിയോഗം റദ്ദാക്കി. പാർട്ടിയിലും സർക്കാരിലും പ്രതിസന്ധി ഒഴിവാക്കാനാണു തീരുമാനമെന്ന് ദിനകരൻ മാധ്യമങ്ങളോടു പറഞ്ഞു. സഹോദരങ്ങളുമായി തർക്കത്തിനില്ലെന്നു വ്യക്തമാക്കിയ ദിനകരൻ, അണ്ണാ ഡിഎംകെയിൽ തനിക്കെതിരെ പ്രശ്നങ്ങളില്ലെന്നും പറഞ്ഞു. എംഎൽഎമാരുടെ പിന്തുണയില്ലെന്ന് വ്യക്തമായതോടെയാണ് ദിനകരൻ നിയമസഭാ കക്ഷിയോഗം റദ്ദാക്കിയതെന്നാണ് വിവരം.

Your Rating: