Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല്ല്യയെ തിരികെയെത്തിക്കൽ എളുപ്പമല്ല; ഒരു വർഷത്തോളം സമയമെടുക്കും

Vijay-Mallya

ലണ്ടൻ ∙ കോടിക്കണക്കിനു രൂപയുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ ലണ്ടനിൽ നിന്നും തിരികെ എത്തിക്കാൻ കടമ്പകൾ ഏറെ. ഏറ്റവും കുറഞ്ഞത് 6–12 മാസംവരെ സമയമെടുക്കുമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അറസ്റ്റ് ചെയ്ത മല്യയെ ഉടൻ ജാമ്യത്തിൽ വിട്ടത് തങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ല. എത്ര വേഗം മല്യയെ തിരികെ ഇന്ത്യയിൽ എത്തിക്കാൻ സാധിക്കുമെന്ന് പരിശോധിക്കുകയാണ്. പക്ഷേ, ഇതിന് കൂടുതൽ സമയമെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അന്വേഷണ ഏജൻസിക്കോ കേന്ദ്ര സർക്കാരിനോ ബ്രിട്ടനിൽ നിന്നു ഒരു പ്രതിയെ വിട്ടുകിട്ടുക എളുപ്പമല്ല. ബ്രിട്ടനിലെ പ്രാദേശിക കോടതികളിൽ തന്നെ പന്ത്രണ്ടോളം വിചാരണകളും മറ്റും ഉണ്ടാകും. അവിടെയുള്ള ഉന്നത കോടതികളെ സമീപിക്കാനും മല്യയ്ക്ക് സാധിക്കും. ഇതും മല്യയെ തിരികെ കൊണ്ടുവരുന്നത് വൈകിപ്പിക്കാൻ കാരണമാകുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഏതാനും ദിവസത്തിനുള്ളിൽ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെയും സംയുക്ത സംഘം ലണ്ടനില്‍ എത്തി മല്യയെ വിട്ടുകിട്ടാനായി അപേക്ഷ സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യ–യുകെ കുറ്റവാളി ഉടമ്പടി പ്രകാരം, മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്കോട്‌ലൻഡ് യാഡ് അറസ്റ്റ് ചെയ്തത്. രാവിലെ സെൻട്രൽ ലണ്ടനിലെ പൊലീസ് സ്റ്റേഷനിൽ ഹാജരായ മല്യക്ക് മണിക്കൂറുകൾക്കകം വെസ്റ്റ്‌മിൻസ്റ്റർ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. മേയ് 17നു വീണ്ടും ഹാജരാകും വരെ ആറര ലക്ഷം പൗണ്ടിന്റെ (ഏകദേശം 5.37 കോടി രൂപ) ജാമ്യത്തിലാണു മല്യയെ വിട്ടത്. കോടതിയെ അറിയിച്ച താമസസ്ഥലം വിട്ടു പോകരുതെന്നും വ്യവസ്ഥയുണ്ട്.

കമ്പനിയുടെ പേരിൽ വിവിധ ബാങ്കുകളിൽനിന്നെടുത്ത 9000 കോടിയിലേറെ രൂപയുടെ വായ്പകൾ തിരിച്ചടയ്ക്കാതെ കഴിഞ്ഞവർഷം മാർച്ച് രണ്ടിനാണു മല്യ ഇന്ത്യ വിട്ടത്. മല്യയെ വിട്ടുനൽകണമെന്നു ബ്രിട്ടനോട് ഇന്ത്യ ഫെബ്രുവരി എട്ടിന് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടിഷ് സർക്കാർ ഈ അപേക്ഷ തുടർനടപടിക്കായി ജില്ലാ ജഡ്‌ജിക്ക് അയച്ചതിനെത്തുടർന്നാണു കോടതി അറസ്റ്റ് വാറന്റ് നൽകിയത്.