Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട് പിടിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ കർക്കശ നിലപാടുമായി ഡിഎംകെ

M K Stalin

ചെന്നൈ ∙ അണ്ണാ ഡിഎംകെയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മുതലെടുത്ത് തമിഴ്നാട്ടിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കെതിരെ നിലപാടു കര്‍ക്കശമാക്കി ഡിഎംകെ. കര്‍ഷകരുടെ പ്രശ്നങ്ങളടക്കമുള്ളവ ഉയര്‍ത്തി കാട്ടി ബിജെപിയെ പ്രതിരോധത്തിലാക്കാനുള്ള ശ്രമത്തിലാണ് എം.കെ.സ്റ്റാലിനും കൂട്ടരും. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഡിഎംകെയുടേത് എന്നാണ് ബിജെപിയുടെ വാദം.

സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും രാഷ്ട്രീയം കളിയ്ക്കുകയാണെന്നാണ് ഡിഎംകെയുടെ പക്ഷം. താല്‍പ്പര്യമില്ലാത്തവരെ തിരഞ്ഞുപിടിച്ചു അന്വേഷണം നടത്തുന്നത് ഇതിനുള്ള തെളിവാണ്. അണ്ണാ ഡിഎംകെയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ബിജെപിക്കു കൈയ്യുണ്ടെന്നും പനീര്‍സെല്‍വം വിഭാഗത്തെ മുന്‍നിര്‍ത്തി കളിക്കുന്നത് ബിജെപിയാണെന്നും പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നു. സംസ്ഥാനത്ത് വേരുറപ്പിയ്ക്കാനുള്ള ബിജെപിയുടെ തന്ത്രമായാണ് ഡിഎംകെ ഇതിനെ കാണുന്നത്.

ഒപിഎസ് വിഭാഗവുമായി അടുത്ത ലോക്സഭാ, നിയമസഭാ തിര‍ഞ്ഞെടുപ്പുകളില്‍ സഖ്യമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ തന്ത്രം മുന്‍ കൂട്ടി കണ്ടാണു ഡിഎംകെ ഒരു മുഴം മുമ്പേ എറിയുന്നത്. കാര്‍ഷിക പ്രശ്നങ്ങളും ഹിന്ദിവിരുദ്ധ വികാരവുമാണ് കേന്ദ്രസര്‍ക്കാരിനെതിരായ ഡിഎംകെയുടെ പ്രധാന പ്രചാരണായുധം.

എന്നാല്‍ ഡിഎംകെയുടെ ആരോപണങ്ങളെ ബിജെപി തള്ളി. അണ്ണാ ഡിഎംകെയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ബിജെപിയ്ക്ക് പങ്കില്ലെന്നും പാര്‍ട്ടിയുടെ ജനപ്രീതി വര്‍ധിച്ചുവരുന്നതിലെ അസ്വസ്ഥത മൂലമാണ് ഡിഎംെകയുടെ പ്രതികരണമെന്നും സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ വ്യക്തമാക്കി.