Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂർ പൂര ലഹരിയിലേക്ക്; സാംപിൾ വെടിക്കെട്ടിനിടെ നഗരത്തിൽ കനത്ത മഴ

Thrissur Pooram sample firework

തൃശൂർ∙ സാമ്പിൾ വെടിക്കെട്ട് ആഘോഷമാക്കി തൃശൂർ പൂര ലഹരിയിലേക്കു കടന്നു. എക്സ്പ്ലോസീവ് വിഭാഗത്തിന്റെ ഉപാധികളുള്ളതിനാൽ മുൻവർഷത്തെ അപേക്ഷിച്ചു ശബ്ദ തീവ്രത കുറച്ചായിരുന്നു വെടിക്കെട്ട്. അവസാന നിമിഷമെത്തിയ മഴയും വെടിക്കെട്ട് കാഴ്ചയിൽ വില്ലനായി.

ആകാംക്ഷയോടെ കാത്തിരുന്ന പൂരപ്രേമികൾക്കു വിരുന്നൊരുക്കി ആദ്യം തിരുവമ്പാടി തിരികൊളുത്തി. കർശന നിയന്ത്രങ്ങൾക്കിടയിലുള്ള തിരുവമ്പാടിയുടെ കൂട്ടപ്പൊരിച്ചൽ മൂന്നു മിനിറ്റോളം നീണ്ടുനിന്നു. കൂട്ടപ്പൊരിച്ചിലിന്റെ ആവേശം ഇരട്ടിയാക്കിയായിരുന്നു പാറമേക്കാവ് തുടങ്ങിയത്. ഗുണ്ടും കുഴിമിന്നലും ഒരുമിച്ചു പൊട്ടിയുയർന്നപ്പോൾ വെടിക്കെട്ടുപ്രേമികൾ ആർപ്പുവിളിയോടെ സ്വീകരിച്ചു. വർണക്കാഴ്ച വിരിയിക്കുന്ന അമിട്ടിലേക്ക് കടന്നതോടെ വില്ലനായി മഴയെത്തിയതിനാൽ ഏതാനും അമിട്ടുകൾ ബാക്കിയാക്കി സാമ്പിൾ കാഴ്ച അവസാനിച്ചു.

ഡൈനാമിറ്റ് വിലക്കിയതും ഗുണ്ടിനും അമിട്ടിനും കുഴിമിന്നലിനുമൊക്കെ നിയന്ത്രണമേർപ്പെടുത്തിയതും പതിവു ശബ്ദതീവ്രതയ്ക്കും മിനിറ്റുകളോളം നീളുന്ന പ്രകടനത്തിനും തടസമായി. എങ്കിലും ആശങ്കക്കിടയിലും സുരക്ഷയോടെ വെടിക്കെട്ടു നടത്തിയതിന്റെ ആത്മവിശ്വാസത്തിൽ പ്രധാന വെടിക്കെട്ടിനൊരുങ്ങുകയാണു ദേവസ്വങ്ങളും പൂരപ്രേമികളും.