Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതി–പ്രാദേശിക സമ്മർദ ഗ്രൂപ്പുകളായി എംഎൽഎമാർ; എടപ്പാടിക്ക് തലവേദന

ചെന്നൈ ∙ എംഎൽഎമാർ ചേരിതിരിഞ്ഞു സംഘടിക്കുന്നതിന്റെ തലവേദനയിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി. പാർട്ടി അണികൾക്കിടയിൽ കരുത്തു തെളിയിക്കാൻ ഇന്നു സംസ്ഥാന പര്യടനം ആരംഭിക്കാൻ മറുപക്ഷത്തു മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം. അണ്ണാ ഡിഎംകെ ലയനചർച്ചകൾ വഴിമുട്ടിയതോടെ എടപ്പാടി–പനീർസെൽവം പക്ഷങ്ങൾ സ്വന്തം ക്യാംപുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാനും കരുത്തു കൂട്ടാനുമുള്ള ശ്രമത്തിലാണ്. 

പ്രാദേശിക, ജാതി അടിസ്ഥാനത്തിലാണ് എടപ്പാടി പക്ഷത്തെ എംഎൽഎമാരുടെ സംഘം ചേരൽ. പാർട്ടിയിൽനിന്നു മാറ്റിനിർത്തുമെന്നു പ്രഖ്യാപിച്ച ശശികലയെയും ദിനകരനെയും പിന്തുണയ്ക്കുന്ന ഒട്ടേറെപ്പേർ ഇപ്പോഴും കൂടാരത്തിലുണ്ട്.

പനീർസെൽവം-എടപ്പാടി വിഭാഗങ്ങൾ ലയിച്ചാലും സർക്കാരിനെ മറിച്ചിടാനുള്ള കരുത്ത് ഈ വിഭാഗത്തിനുണ്ടെന്നാണു സൂചന. വടക്കൻ ജില്ലകൾ- 39, കൊങ്ങുമേഖല- 39, കാവേരി നദീതട മേഖല- 24, തെക്കൻ ജില്ലകൾ– 32 എന്നിങ്ങനെയാണ് എംഎൽഎമാരുടെ പ്രാദേശിക വിഭജനം.

ഇതിൽ ഈറോഡ്, കോയമ്പത്തൂർ, സേലം, നാമക്കൽ, തിരുപ്പൂർ ജില്ലകൾ ഉൾപ്പെടുന്ന കൊങ്ങു മേഖലയിൽനിന്നുള്ള ഭൂരിഭാഗം എംഎൽഎമാരും എടപ്പാടിക്കു പിന്നിൽ അടിയുറച്ചു നിൽക്കുന്നു. ഇതേ വിഭാഗത്തിൽപ്പെട്ട മുൻ മന്ത്രി തോപ്പു വെങ്കടാചലത്തിന് അടുപ്പം ശശികലയോടാണ്. പത്ത് എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണു വെങ്കടാചലത്തിന്റെ അവകാശവാദം.