Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശത്തേരിലേറി തൃശൂർ – പൂരക്കാഴ്ചകളിലേക്ക്

Thrissur Pooram ശ്രീമൂലസ്ഥാനത്ത് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ്. ചിത്രം: ജീജോ ജോൺ

തൃശൂർ∙ ആഹ്ലാദവും ആവേശവും അലതല്ലുന്ന അന്തരീക്ഷത്തിൽ തൃശൂരിൽ പൂരം. വാദ്യമേള വർണ വിസ്മയങ്ങളുടെ സമന്വയമായ പൂരത്തിൽ അലിയാൻ പൂരപ്പറമ്പിലേക്ക് ആയിരങ്ങളെത്തി. ഇരുന്നൂറ്റി ഇരുപതാമത് പൂരത്തിനാണ് തുടക്കമായത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ഘടകക്ഷേത്രമായ കണിമംഗലം ശാസ്താവിന്‍റെ എഴുന്നെള്ളത്തോടെയാണ് പൂരത്തിന് തുടക്കം കുറിച്ചത്.

Thrissur Pooram തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ചെറുപൂരങ്ങളിൽ നിന്ന്. ചിത്രം: ജീജോ ജോൺ

വാദ്യവിരുന്നൊരുക്കി പൂരത്തിനു സ്വാഗതമോതി ഘടകപൂരങ്ങളെത്തിയതോടെ പുരപ്പറമ്പ് ഉണർന്നു. തിടമ്പേന്തിയ ഗജവീരൻമാരെ സാക്ഷിയാക്കി വടക്കുന്നാഥ സന്നിധിയിൽ ഘടകപൂരങ്ങൾ തീർത്ത മേളം വരാൻ പോകുന്ന നാദവിസ്മയത്തിന്റെ വിളംബരമായി.

Thrissur Pooram തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ചെറുപൂരങ്ങളിൽ നിന്ന്. ചിത്രം: ജീജോ ജോൺ
Thrissur Pooram പൂര നഗരിയിൽ നിന്നുള്ള ദൃശ്യം. ചിത്രം: രാഹുൽ.ആർ. പട്ടം

വെയിലും മഞ്ഞുമേൽക്കാതെ ആദ്യം കണിമംഗലം ശാസ്താവെത്തി. നെയ്തലക്കാവ് ദേവി തുറന്നിട്ട തെക്കെ ഗോപുരനട വഴി പൂരപ്രേമികളെയും കൂട്ടി വടക്കുന്നാഥ സന്നിധിയിലെത്തി മേളവും കാഴ്ച വച്ചു. പിന്നാലെ പനംമുക്കുംപള്ളി ശാസ്താവെത്തി ശ്രീ മൂലസ്ഥാനത്ത് മേള ഗോപുരം തീർത്തപ്പോൾ താളം പിടിക്കാൻ ജനാവലി മൽസരിച്ചു.

pooram പൂരത്തിനെത്തിയ ഗജവീരൻമാർ. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ.

ചെമ്പൂക്കാവ് ഭഗവതിയിൽ തുടങ്ങി കാരമുക്ക് ഭഗവതിയും ലാലൂർ കാർത്ത്യായനിയും ചൂരക്കോട്ടുകാവിലമ്മയും അയ്യന്തോൾ കാർത്ത്യായനിയും നെയ്തലക്കാവിലമ്മയും ഊഴത്തിനൊത്ത് ഗജവീരൻമാരുടെ അകമ്പടിക്കൊപ്പം എത്തിയതോടെ പൂരപ്പറമ്പിൽ ആനച്ചന്തം വിരിഞ്ഞു.

pooram പൂര നഗരിയിൽ നിന്നുള്ള ദൃശ്യം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ.
pooram പൂര നഗരിയിൽ നിന്നുള്ള ദൃശ്യം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ.

11 മണിയോടെ കോങ്ങാട് മധു നയിക്കുന്ന മഠത്തില്‍വരവ് പഞ്ചവാദ്യവും ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരുവനം കുട്ടൻമാരാരും സംഘവും തീർക്കുന്ന ഇലഞ്ഞിത്തറമേളവും ആയതോടെ പൂരം കൊട്ടിക്കയറി. വൈകിട്ട് അഞ്ചരയോടെ കുടമാറ്റവും. എഴുന്നൂറോളം കലാകാരൻമാരും നൂറോളം ആനകളും പങ്കെടുക്കുന്ന ആഘോഷത്തിനു പഴുതടച്ച സുരക്ഷയാണ് ജില്ലാ ഭരണകൂടവും പൊലീസും ഒരുക്കിയിരിക്കുന്നത്. പുലർച്ചെ മൂന്നിനു വെടിക്കെട്ടു നടക്കും. ശനിയാഴ്ച രാവിലെ ഒൻപതിന് ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിനു സമാപനമാകും.

paramekkav-melam പാറമേക്കാവ് വിഭാഗം നടത്തിയ മേളം. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ.
MADATHIL-VARAVU തൃശൂർ പൂരത്തോടനുബന്ധിച്ച് നടക്കുന്ന മഠത്തിൽ വരവിൽ നിന്ന്. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ.