Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്.രാജേന്ദ്രൻ എംഎൽഎയുടെ വീട് കയ്യേറ്റ ഭൂമിയിൽ: റവന്യൂമന്ത്രി നിയമസഭയിൽ

rajendran-mla-27-3

തിരുവനന്തപുരം ∙ സിപിഎം നേതാവും ദേവികുളം എംഎൽഎയുമായ എസ്.രാജേന്ദ്രന്റെ മൂന്നാറിലെ ഭൂമി, കയ്യേറ്റഭൂമിയാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. പി.സി. ജോർജ് എംഎൽഎയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാറിലെ ഇക്കാനഗറിൽ രാജേന്ദ്രന്റെ പേരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ജില്ലാ കലക്ടറും ലാൻഡ് റവന്യു കമ്മിഷണറും ശരിവച്ചു.

രാജേന്ദ്രന്റേത് കയ്യേറ്റഭൂമിയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും റവന്യൂമന്ത്രിയുടെ വെളിപ്പെടുത്തൽ കൂടുതൽ പ്രതിരോധത്തിലാക്കും. എസ്.രാജേന്ദ്രന്റെ വീട് പട്ടയഭൂമിയിലാണ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നിലപാട്. ഭൂമിക്കു പട്ടയവും രേഖകളുമുണ്ടെന്ന് എസ്.രാജേന്ദ്രൻ എംഎൽഎയും നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ടാണ് രാജേന്ദ്രന്റെ ഭൂമിക്ക് പട്ടയമില്ലെന്ന് റവന്യൂമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരിക്കുന്നത്.

നാലു ചോദ്യങ്ങളാണ് മൂന്നാറിലെ വ്യാജപട്ടയങ്ങളുമായി ബന്ധപ്പെട്ട് പി.സി. ജോർജ് ചോദിച്ചത്.

ചോദ്യം ഒന്ന്: മൂന്നാറിൽ വ്യാജ പട്ടയങ്ങൾ എന്ന ആരോപണമുയർന്ന കേസുകളിൽ വിട്ടുവീഴ്ച ഇല്ലാതെ പരിശോധന നടത്തി വ്യാജ പട്ടയങ്ങൾ കണ്ടുപിടിക്കാൻ നടപടികൾ സ്വീകരിക്കുമോ?

ഉത്തരം: റവന്യൂ, വിജിലൻസ് ആൻഡ് ആന്റി–കറപ്ഷൻ ബ്യൂറോ, ക്രൈംബ്രാഞ്ച് എന്നീ വകുപ്പുകൾ മുഖേന അന്വേഷണം നടന്നുവരുന്നു. വ്യാജമെന്ന് കണ്ടെത്തിയ പട്ടയങ്ങൾ റദ്ദ് ചെയ്തിട്ടുണ്ട്.

ചോദ്യം രണ്ട്: വ്യാജപട്ടയങ്ങളുമായി ബന്ധപ്പെട്ട് ഉന്നതതല റവന്യൂ പൊലീസ് സ്ക്വാഡ് രൂപീകരിച്ച് സത്യന്ധമായ അന്വേഷണം നടത്തി സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ നടപടി സ്വീകരിക്കുമോ?

ഉത്തരം: റവന്യൂ–പൊലീസ്–സർവേ സംയുക്ത ടീമിനെ നിയോഗിച്ച് വൻകിട തോട്ടം ഉൾപ്പെടെ കയ്യേറിയത് കണ്ടുപിടിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ചോദ്യം മൂന്ന്: മൂന്നാറിൽ ഒരു എംഎൽഎയുടെ വീട് ഇരിയ്ക്കുന്ന ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ? വിശദമാക്കാമോ; ഇതിനെതിരെ ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ട് ഉള്ളത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന്റെ പകർപ്പ് ലഭ്യമാക്കുമോ?

ഉത്തരം: മൂന്നാറിലെ വ്യാജ പട്ടയങ്ങളെക്കുറിച്ച് അന്വേഷിച്ച എഡിജിപി (ക്രൈംബ്രാഞ്ച്, സിഐഡി) സംഘം, എസ്.രാജേന്ദ്രൻ എംഎൽഎയുടെ പേരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതുപ്രകാരം ഇടുക്കി ജില്ലാ കലക്ടർ, രാജേന്ദ്രന്റെ പട്ടയരേഖകളിൽ തെറ്റായി രേഖപ്പെടുത്തിയ പട്ടയ നമ്പർ തിരുത്തിക്കിട്ടണമെന്ന അപേക്ഷ തള്ളിയതാണ്. ഇതിനെതിരെ ലാൻഡ് റവന്യൂ കമ്മിഷണർ മുമ്പാകെ ഫയൽ ചെയ്ത അപ്പീൽ പെറ്റിഷൻ മേൽവസ്തുതകളുടെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യൂ കമ്മിഷണർ നിരസിച്ചിരുന്നു.

ചോദ്യം നാല്: നിശ്ചിത സമയത്തിനുള്ളിൽ കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുമോ?

ഉത്തരം: റവന്യൂ–പൊലീസ്–സർവേ സംയുക്ത ടീമിനെ ഉപയോഗിച്ച് വൻകിട തോട്ടം ഉൾപ്പെടെ കയ്യേറിയത് കണ്ടുപിടിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

അതേസമയം, റവന്യൂമന്ത്രി പറഞ്ഞതിനോടു യോജിപ്പില്ലെന്നു എസ്. രാജേന്ദ്രൻ പ്രതികരിച്ചു. റവന്യൂമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നല്ല പട്ടയവും ചീത്ത പട്ടയവും തിരിച്ചറിയാൻ സാധിക്കണം. ആരെങ്കിലും എഴുതിക്കൊടുക്കുന്നത് വായിക്കുകയല്ല മന്ത്രി ചെയ്യേണ്ടത്. മന്ത്രി കാര്യങ്ങൾ പഠിക്കുന്നില്ല. വകുപ്പിലെ ഉദ്യോഗസ്ഥരെകൊണ്ട് ജോലി ചെയ്യിക്കണം. ഇതിൽ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നത്. ഫയലുകൾ എവിടെയാണെന്നു മന്ത്രിയുടെ വകുപ്പ് കണ്ടെത്തണം. ഭൂമി സ്വന്തമാണെന്നു തെളിയിക്കുന്ന എല്ലാ രേഖകളും തന്റെ കയ്യിലുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു.

പി.സി. ജോർജ് എംഎൽഎയ്ക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി.

അതേസമയം, എസ്.രാജേന്ദ്രന്റെ പേരിലുള്ള പട്ടയത്തിന്റെ തീയതിയിലും സീലിലുമുള്ള പൊരുത്തക്കേടുകൾ നേരത്തെ പുറത്തുവന്നിരുന്നു. സർവേ നമ്പറിലും തിരുത്തലുകളുണ്ട്. രാജേന്ദ്രൻ വീടു വച്ചിരിക്കുന്ന ഭൂമിയും പട്ടയം ലഭിച്ച ഭൂമിയും രണ്ടാണെന്നായിരുന്നു രേഖകൾ.