Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്തിയോട് വ്യാപാരിയെ കൊലപ്പെടുത്തിയ കേസ് പ്രതികൾ അറസ്റ്റിൽ

banthiyodu-merchant-murder വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ

കാസർകോട്∙ ബന്തിയോട്ടെ വ്യാപാരിയെ പട്ടാപ്പകൽ കടയിൽ കയറി കൊലപ്പെടുത്തിയ കേസിൽ നാലു പേർ അറസ്റ്റിൽ. ഒട്ടേറെ കവർച്ചക്കേസുകളിലെ പ്രതിയായ ചെർക്കള ചൂരിമൂലയിലെ ഉമറുൽ ഫാറൂഖ്(34), പൊവ്വലിലെ നൗഷാദ്(33), ചെങ്കള റഹ്മത്ത് നഗറിലെ അഷറഫ്(23), തളങ്കര സിറാമിക്സ് റോഡിലെ ഹാരിഫ് (അച്ചു–34) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കണ്ടെടുത്തു.

കഴിഞ്ഞ നാലിനു രണ്ടര മണിക്കാണ് ബന്തിയോട്–ധർമ്മത്തടുക്ക റോഡിൽ കയ്യാർ മണ്ടേക്കാപ്പിലെ ജി.കെ. ജനറൽ സ്റ്റോർ ഉടമ രാമകൃഷ്ണ മൂല്യയെ (52) ആണ് വെട്ടിക്കൊലപ്പെടുത്തിയത്. കാറിലെത്തിയ സംഘത്തിൽ ഒരാൾ സിഗരറ്റും മറ്റൊരാൾ മാങ്ങയും ആവശ്യപ്പെട്ടു. ഇവ എടുക്കുന്നതിനിടെ, രാമകൃഷണയെ വെട്ടിയെന്നാണു കേസ്. നിലവിളി കേട്ടു പരിസരവാസികളെത്തുന്നതിനു മുൻപു സംഘം കാറിൽ കയറി രക്ഷപ്പെട്ടു. പരുക്കേറ്റ രാമകൃഷ്ണയെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടു പോകവെയാണു മരിച്ചത്. വിദ്യാനഗറിലെ ഒരു പന്തൽ പണിക്കാരുടെ കാർ വാടകയ്ക്കെടുത്ത് എത്തിയതായിരുന്നു കൊലയാളി സംഘമെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു.

രാമകൃഷണ മൂല്യയുടെ കടയുടെ സമീപത്തെ ഒരു ഭണ്ഡാരത്തിൽനിന്നു പണം കവരുന്നതിനിടെ കേസിലെ മുഖ്യപ്രതിയായ ഉമറുൽ ഫാറൂഖിനെയും സംഘത്തെയും നാട്ടുകാർ നേരത്തെ പിടികൂടിയിരുന്നു. ഇതു സംബന്ധിച്ചു പൊലീസിൽ ഉമറുൽ ഫാറൂഖിനെതിരെ പരാതി നൽകിയതു രാമകൃഷണനായിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിനിടയാക്കിയത്. ഒട്ടേറെ തവണ കൊലപ്പെടുത്താനായി ശ്രമം നടത്തിയിരുന്നുവെങ്കിലും കടയിൽ ആൾക്കാരുള്ളതിനാൽ നടന്നിരുന്നില്ലത്രെ.

കാസർകോട് ഡിവൈഎസ്പി എം.വി.സുകുമാരന്റെ മേൽനോട്ടത്തിൽ കുമ്പള സിഐ വി.വി. മനോജ്കുമാർ, എസ്ഐ ഫിലിപ് മാത്യു, പൊലീസ് ഉദ്യോഗസ്ഥരായ കെ. നാരായണൻ നായർ, സി.കെ. ബാലകൃഷ്ണൻ, അബുബക്കർ കല്ലായി എന്നിവടരങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചു ദിവസത്തിനുള്ളിൽ നടന്ന രണ്ടു കൊലപാതകങ്ങളിലെ മുഖ്യ പ്രതികളടക്കമുള്ളവരെ ദിവസങ്ങൾക്കുള്ളിൽ പിടികൂടാനായത് പൊലീസിനു നേട്ടമായി.  

related stories