Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലാംമാസത്തിൽ 12 മണിക്കൂർ ഹൃദയ ശസ്ത്രക്രിയ, ആറ് ഹൃദയാഘാതം; അദ്ഭുതക്കുഞ്ഞായി വിധിഷ

miracle-baby-vidisha കുഞ്ഞുവിധിഷ മാതാവ് വിശാഖയ്ക്കൊപ്പം. (ചിത്രം: ട്വിറ്റർ)

മുംബൈ∙ മാതാപിതാക്കൾ മാത്രമല്ല, അവർ പ്രാ‍ർത്ഥിക്കുന്ന ദൈവം പോലും വിധിഷയുടെ മുന്നിൽ കൈകൂപ്പും. വിധിയുടെ കഠിനവേദനകളെല്ലാം അതിജീവിച്ച അദ്ഭുതക്കുഞ്ഞ്. നാലുമാസം മാത്രം പ്രായമുള്ള വിധിഷ രണ്ടുമാസമായി ആശുപത്രിയിലാണ്. ഹൃദ്രോഗം മാറ്റാൻ 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയ. ആറുതവണ ഹൃദയാഘാതം. പക്ഷേ ദൈവം, ഈ കുഞ്ഞിനെ കൈവിട്ടില്ല.

മുംബൈ കല്യാൺ സ്വദേശികളായ വിശാഖയുടെയും വിനോദിന്റെയും മകളാണ് വിധിഷ. ജനിച്ചു 45–ാം ദിവസം ഛർദ്ദിയെത്തുടർന്നു വിധിഷയുടെ ബോധം മറഞ്ഞു. അന്നാണ് വിധിഷയെ വിധി വേട്ടയാടിയതും. അടുത്തുള്ള നഴ്സിങ് ഹോമിലേക്കു കുഞ്ഞുമായി മാതാപിതാക്കൾ ഓടി. ബിജെ വാഡിയ ആശുപത്രിയിൽ എത്തിക്കാനായിരുന്നു നിർദ്ദേശം.

വിധിഷയ്ക്കു ഗുരുതരമായ ഹൃദ്രോഗം ഉണ്ടെന്നായിരുന്നു പരിശോധനാഫലം. സാധാരണത്തേതിന് നേർവിപരീതമായാണ് അവളുടെ ഹൃദയം പ്രവർത്തിച്ചിരുന്നതെന്നു പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. വിശ്വ പാണ്ഡ പറഞ്ഞു. മാർച്ച് 14നു ശസ്ത്രക്രിയയും നിശ്ചയിച്ചു.

12 മണിക്കൂർ നീണ്ടു ശസ്ത്രക്രിയ. പക്ഷേ കുഞ്ഞുവിധിഷയുടെ ശരീരത്തിനതു താങ്ങാനാകുമായിരുന്നില്ല. രക്തത്തിലെ ഓക്സിജന്റെ അളവു ക്രമാതീതമായി കുറഞ്ഞു. കാർബൺ ഡയോക്സൈഡ് അളവിലധികം കൂടിയതു മൂന്നുതവണ. ശേഷം 51 ദിവസം ഐസിയുവിൽ. ഇതിനിടെ ആറുതവണ ഹൃദയാഘാതത്തിന്റെ രൂപത്തിൽ വിധി കുഞ്ഞിനെ വീണ്ടും പരീക്ഷിച്ചു.

ദുർബലമായ ശ്വാസകോശം സ്ഥിരത കൈവരിക്കാൻ ഹൈ ഫ്രീക്വൻസി ഓസിലേറ്റർ വെന്റിലേറ്ററിലാണു വിധിഷയെ കിടത്തിയത്. ചികിത്സാച്ചെലവ് അഞ്ചുലക്ഷത്തിലധികമായി. 25,000 രൂപയേ മാതാപിതാക്കൾക്ക് എടുക്കാനായുള്ളൂ. ബാക്കി കാരുണ്യമതികളുടെ സഹായം ലഭിച്ചു. വേദനകളെയെല്ലാം അതിജീവിച്ചു ചിരിക്കാനും കളിക്കാനും തുടങ്ങി വിധിഷയ്ക്ക് ആശുപത്രി അധികൃതരൊരു പേരുമിട്ടു; അദ്ഭുതക്കുഞ്ഞ് !