Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുനിസിപ്പൽ തിരഞ്ഞെടുപ്പ്: ഏഴിൽ നാലിടത്തും തൃണമൂൽ, ബിജെപിക്ക് 3 സീറ്റു മാത്രം

Mamata Banerjee

കൊൽക്കത്ത ∙ ബംഗാൾ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഏഴിൽ നാലു നഗരസഭകളും പിടിച്ച് തൃണമൂൽ കോൺഗ്രസ്. മൂന്ന് നഗരസഭകൾ ഗൂർഖ ജൻമുക്തി മോർച്ച (ജിജെഎം) നേടി. ഏഴ് നഗരസഭകളിലേക്കുമായി 148 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ, തൃണമൂൽ കോൺഗ്രസ് 66 സീറ്റും ജിജെഎം 70 സീറ്റും നേടി. നടപടികൾ പുരോഗമിക്കുകയാണ്. ബംഗാൾ സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ബിജെപിക്ക് ഏഴ് നഗരസഭകളിലുമായി മൂന്ന് സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ഇടതുപാർട്ടികൾ രണ്ടു സീറ്റിലും കോൺഗ്രസ് നാലു സീറ്റിലും ജയിച്ചു. എന്നാൽ, ഏറ്റവും വലിയ നഗരസഭയായ ഡാർജിലിങ്ങിൽ വലിയ തിരിച്ചടിയാണ് തൃണമൂലിന് നേരിട്ടത്.

ഗൂർഖ ജൻമുക്തി മോർച്ച വിജയിച്ച നഗരസഭകൾ

∙ ഡാർജിലിങ് (32 സീറ്റ്): ഗൂർഖ ജൻമുക്തി മോർച്ച 31, തൃണമൂൽ കോൺഗ്രസ് 1
∙ കുർസേങ് (20 സീറ്റ്): ഗൂർഖ ജൻമുക്തി മോർച്ച 17, തൃണമൂൽ കോൺഗ്രസ് 3
∙ കലിംപോങ് ( 23 സീറ്റ്): ഗൂർഖ ജൻമുക്തി മോർച്ച 19, തൃണമൂൽ കോൺഗ്രസ് 2, മറ്റുള്ളവർ 2

തൃണമൂൽ കോൺഗ്രസ് വിജയിച്ച നഗരസഭകൾ

∙ മൃക്ക് (9 സീറ്റ്): തൃണമൂൽ കോൺഗ്രസ് 6, ഗൂർഖ ജൻമുക്തി മോർച്ച 3
∙ ഡോംകൽ( 21 സീറ്റ്): തൃണമൂൽ കോൺഗ്രസ് 18, ഇടതുപക്ഷം 2, കോൺഗ്രസ് 1
∙ പുജ്‌ലി(16 സീറ്റ്): തൃണമൂൽ കോൺഗ്രസ് 12, ബിജെപി 2, കോൺഗ്രസ് 1, മറ്റുള്ളവർ 1
∙ റായ്ഗാൻജ് (27 സീറ്റ്): തൃണമൂൽ കോൺഗ്രസ് 24, കോൺഗ്രസ് 2, ബിജെപി 1

ബംഗാളിലെ ജനങ്ങൾ മമത ബാനർജിയുടെ വികസന നയങ്ങൾക്ക് വിശ്വാസമർപ്പിച്ചുവെന്നതിന്റെ തെളിവാണ് നാലു നഗരസഭകളിലെ ജയമെന്ന് തൃണമൂൽ കോൺഗ്രസ് അവകാശപ്പെട്ടു. തുടർച്ചയായി പർവതപ്രദേശങ്ങൾ സന്ദർശിക്കുകയും ജനങ്ങളുമായി ഇടപെടുകയും ചെയ്യുന്ന മമതയെ ജനങ്ങൾ പിന്തുണയ്ക്കുന്നത് സ്വാഭാവികമാണെന്ന് തൃണമൂൽ നേതാവ് പാർഥ ചാറ്റർജി പറഞ്ഞു.

എന്നാൽ, പർവതമേഖലകളിലെ നഗരസഭകളില്‍ വലിയ വിജയം നേടാൻ സാധിച്ചുവെന്ന് ഗൂർഖ ജൻമുക്തി മോർച്ച അവകാശപ്പെട്ടു. ഗൂർഖാലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം തെളിയിക്കുന്നതാണ് പർവതമേഖലകളിലെ ജനങ്ങളുടെ വിധിയെഴുത്തെന്നും ജിജെഎം നേതാവ് പ്രതികരിച്ചു. മൃക്ക് ചെറിയ നഗരസഭയാണെന്നും തോൽവി തിരിച്ചടിയല്ലെന്നുമാണ് ജിജെഎമ്മിന്റെ വാദം.

related stories