Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലാഗയ്ക്കെതിരെ റയലിന് 2–0 വിജയം; സ്പാനിഷ് ലീഗ് കിരീടം തിരിച്ചുപിടിച്ചു

Cristiano Ronaldo ഗോൾ നേടിയ റൊണാൾഡോയുടെ ആഹ്ലാദപ്രകടനം

മഡ്രിഡ് ∙ സ്പാനിഷ് ലീഗ് കിരീടം മഡ്രിഡിലേക്കു തന്നെ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കരിം ബെൻസേമയുടെയും ഗോളുകളിൽ മലാഗയെ 2–0നു തോൽപിച്ച് റയൽ മഡ്രിഡ് ലാ ലിഗ കിരീടം ചൂടി. ലീഗിലെ 38 കളികളും പൂർത്തിയായപ്പോൾ റയലിന് 93 പോയിന്റ്. അവസാന മൽസരത്തിൽ ഐബറിനെതിരെ ബാർസിലോനയും 4–2നു ജയിച്ചെങ്കിലും അവർക്ക് 90 പോയിന്റ് മാത്രം.

അവസാന കളിയിൽ തോൽക്കാതിരുന്നാൽ തന്നെ കിരീടം എന്ന ലക്ഷ്യവുമായിറങ്ങിയ റയൽ പക്ഷേ വിജയത്തോടെ കിരീടനേട്ടം ആഘോഷിക്കാനുള്ള അത്യുൽസാഹത്തിലായിരുന്നു. രണ്ടാം മിനിറ്റിൽ തന്നെ ഇസ്കോയുടെ പ്രതിരോധം പിളർത്തിയ പാസ് സ്വീകരിച്ച റൊണാൾഡോ ലക്ഷ്യം കണ്ടതോടെ റയലിന് മികച്ച തുടക്കമായി. എന്നാൽ നൂകാംപിൽ നേരെ തിരിച്ചായിരുന്നു കാര്യം. കളിയുടെ തുടക്കത്തിൽ തന്നെ ബാർസയ്ക്കെതിരെ ഐബർ അപ്രതീക്ഷിത ലീഡ് നേടി. ഇടവേളയ്ക്ക് പിരിയുമ്പോൾ ഇതേ സ്കോറിലാണ് ഇരു ടീമും പിരിഞ്ഞത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കരിം ബെൻസേമയും ലക്ഷ്യം കണ്ടതോടെ റയലിന്റെ നില സുരക്ഷിതമായി. തൊട്ടു പിന്നാലെ ബാർസയ്ക്കെതിരെ മലാഗ രണ്ടാം ഗോളും നേടി. 2–0 ലീഡിൽ റയൽ കളിയവസാനിച്ചപ്പോൾ ബാർസയുടെ കളി നാടകീയമായിരുന്നു. സെൽഫ് ഗോളിലൂടെ ബാർസ ഒരു ഗോൾ കടം തീർത്തു. പിന്നാലെ റഫറി കനിഞ്ഞു നൽകിയ പെനൽറ്റി കിക്ക് മെസ്സി പുറത്തേക്കടിച്ചു. അവസാന മൽസരത്തിൽ ലൂയി എൻറിക്വെ തോൽവിയോടെ വിടവാങ്ങേണ്ടി വരുമോ എന്ന് ബാർസ ആരാധകർ ആശങ്കപ്പെട്ടിരിക്കെ സ്വാരെസ് ബാർസയെ ഒപ്പമെത്തിച്ചു. പിന്നാലെ രണ്ടു ഗോൾ നേടി മെസ്സി ബാർസയുടെ അഭിമാനം കാത്തു.