Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരത്കുമാറിന്റെയും വിജയകാന്തിന്റെയും അവസ്ഥ ഓർക്കണം: രജനിയോട് അണ്ണാ ഡിഎംകെ

rajnikanth-pa-ranjith

ചെന്നൈ∙ രാഷ്ട്രീയ പ്രവേശനത്തിനുള്ള രജനീകാന്തിന്‍റെ നീക്കത്തിനെതിരെ അണ്ണാ ഡിഎംകെ മന്ത്രിമാര്‍ രംഗത്ത്. തദ്ദേശ വകുപ്പു മന്ത്രി എസ്.പി. വേലുമണിയും സഹകരണ മന്ത്രി സെല്ലൂര്‍ കെ. രാജുവുമാണു രജനിക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം നടന്ന ആരാധകസംഗമത്തില്‍ രജനീകാന്ത് നടത്തിയ ഭരണ സംവിധാനം പാടേ തകര്‍ന്നു പോയെന്ന പ്രസ്താവനയാണ് അണ്ണാ ഡിഎംകെ മന്ത്രിമാരെ ചൊടിപ്പിച്ചത്. ഭരണ സംവിധാനത്തെ വിമര്‍ശിക്കുന്ന താരം നാട്ടില്‍ നടക്കുന്നതെന്തൊക്കെയെന്നു കണ്ണു തുറന്നു കാണണമെന്ന് മന്ത്രി എസ്.പി. വേലുമണി ആവശ്യപ്പെട്ടു. എംജിആറിനും ജയലളിതയ്ക്കും ശേഷം സിനിമയില്‍നിന്നു രാഷ്ട്രീയത്തിലേക്കു കടന്നു വന്ന ശരത്കുമാറിന്‍റെയും വിജയകാന്തിന്‍റെയും അവസ്ഥ എല്ലാവര്‍ക്കുമറിയാമെന്നും ഇതെല്ലാം ഓര്‍ക്കുന്നതാണു രജനിക്കു നല്ലതെന്നും സെല്ലൂര്‍ കെ.രാജു പറ‍ഞ്ഞു.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനിടെ തമിഴ് അനുകൂല സംഘടനയായ തമിഴര്‍ മുന്നേറ്റ പട ഇന്നലെ പ്രതിഷേധിച്ചിരുന്നു. പോയസ് ഗാര്‍ഡനിലെ രജനീകാന്തിന്‍റെ വീടിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയ സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ മധുരയില്‍ രജനി ആരാധകരും രംഗത്തെത്തി.