Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

22 പേർ മരിച്ച മാഞ്ചസ്റ്റർ ആക്രമണത്തിനു പിന്നിൽ ഐഎസ്; യുവാവ് പിടിയിൽ

Victoria Railway Station സ്ഫോടനത്തെ തുടർന്ന് വിക്ടോറിയ റെയിൽവേ സ്റ്റേഷനിലെ അടിയന്തര സർവീസ് സ്റ്റേഷൻ അടച്ചപ്പോൾ

ലണ്ടൻ∙ മാഞ്ചസ്റ്റർ സിറ്റിയിലെ മാഞ്ചസ്റ്റർ അരീനയിൽ സംഗീത പരിപാടിക്കിടെ 22 പേരുടെ ജീവനെടുത്ത സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇറാഖിലും സിറിയയിലും നടത്തിയ വ്യോമാക്രമണത്തിന്റെ തിരിച്ചടിയാണ് മാഞ്ചസ്റ്ററിലെ ആക്രമണമെന്നും ഐഎസ് അനുകൂല വാർത്താകേന്ദ്രങ്ങൾ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 23 വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ മാഞ്ചസ്റ്റർ സ്വദേശിയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

Blast in Manchester Arena സ്ഫോടന സ്ഥലത്തുനിന്നുള്ള ദൃശ്യം

പ്രാദേശിക സമയം തിങ്കൾ രാത്രി 10.35നുണ്ടായ ബോംബു സ്ഫോടനത്തിൽ 22 പേർ മരിക്കുകയും നൂറു കണക്കിനാളുകൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് കൂടുതലാളുകൾക്കും പരുക്കേറ്റത്. അമേരിക്കൻ പോപ്പ് ഗായിക അരീന ഗ്രാൻഡെയുടെ സംഗീത പരിപാടികഴിഞ്ഞ് ആളുകൾ പുറത്തേക്കിറങ്ങുന്നതിനിടെയായിരുന്നു സംഗീതവേദിയില ഇടനാഴിയിൽ അത്യുഗ്രൻ സ്ഫോടനമുണ്ടായത്. ഗായിക അരീന ഗ്രാൻഡെയും സംഘാംഗങ്ങളും സുരക്ഷിതരാണ്.

ചാവേർ ആക്രമണമാണ് ഉണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അരീനയിൽനിന്നും വിക്ടോറിയ ട്രെയിൻ-ട്രാം സ്റ്റേഷനുകളിലേക്കുള്ള ഇടനാഴിയിലാണ് സ്ഫോടനമുണ്ടായതെന്നാണ് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പൊലീസ് നൽകുന്ന വിവരം. സിറ്റി സെന്ററിന്റെ പ്രധാനപ്പെട്ട ഹബ്ബുകളിലൊന്നാണ് ഈ സ്റ്റേഷൻ. സംഗീതപരിപാടി കഴിഞ്ഞിറങ്ങിയവർ വീട്ടിലെത്താൻ സ്റ്റേഷനിലേക്ക് തിക്കിത്തിരക്കി നീങ്ങുന്നതിനിടെയാണ് ശക്തമായ സ്ഫോടനമുണ്ടായത്. സ്ഫോടനത്തെത്തുർന്ന് സ്റ്റേഷൻ അടച്ചു. ഇവിടേക്കുള്ള ട്രെയിനുകളും റദ്ദാക്കി.

Blast in Manchester Arena സ്ഫോടന സ്ഥലത്തുനിന്നുള്ള ദൃശ്യം

ചിന്നിച്ചിതറിയ മൃതദേഹങ്ങളും പരുക്കേറ്റുവീണു കരയുന്നവരും ഉൾപ്പെടെയുള്ള രംഗം ഹൃദയഭേദകമായിരുന്നെന്ന് ദുരന്തത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർ സാക്ഷ്യപ്പെടുത്തുന്നു. കെട്ടിടം ആകെ കുലുങ്ങുന്ന തരത്തിലുള്ള സ്ഫോടനമാണുണ്ടായതെന്നും ദൃക്സാക്ഷികൾ പറയുന്നുണ്ട്. ഒരേസമയം 21,000 പേർക്ക് ഇരിക്കാവുന്നതാണ് മാഞ്ചസ്റ്റർ അരീനയിലെ സ്റ്റേഡിയം. ഇത് നിറയെ ആളുകളുണ്ടായിരുന്നു, ഇത്രയുംപേർ ഒരുമിച്ച് പുറത്തിറങ്ങവേ ഉണ്ടായ സ്ഫോടനത്തിന്റെ ദുരന്തമുഖം വിവരാണാതീതമാണ്. 2005ൽ ലണ്ടൻ അണ്ടർഗ്രൗണ്ട് ട്രെയിൻ സർവീസായ ലണ്ടൻ ട്യൂബിൽ ഉണ്ടായതിനേക്കാൾ വലിയ ആക്രമണമാണിതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 52 പേരാണ് അന്ന് വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

Blast in Manchester Arena സ്ഫോടന സ്ഥലത്തുനിന്നുള്ള ദൃശ്യം

പ്രധാനമന്ത്രി തെരേസ മേയുടെ അധ്യക്ഷതയിൽ അടിയന്തര കോബ്രാ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നോർത്ത് വെസ്റ്റ് ആംബുലൻസ് സർവീസും സ്കോട്ട്ലൻഡ് യാർഡും അതിന്റെ എല്ലാ സംവിധാനങ്ങളോടുംകൂടെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഗുരുതരമായി പരുക്കേറ്റവരെ എയർ ആംബുലൻസിൽ ലണ്ടൻ, കാഡിഫ് തുടങ്ങി മറ്റ് നഗരങ്ങളിലെ അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രികളിലെത്തിച്ച് ചികിൽസ നൽകുന്നുണ്ട്. പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷനേതാവ് ജെറമി കോർബിനും തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾ റദ്ദാക്കി.

Blast in Manchester Arena സ്ഫോടന സ്ഥലത്തുനിന്നുള്ള ദൃശ്യം

ഏതാനും ആഴ്ചകൾക്കു മുമ്പാണ് ബ്രിട്ടീഷ് പാർലമെന്റിനു നേരേ ഭീകരാക്രമണമുണ്ടായത്. അതിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. പാർലമെന്റിലേക്ക് കത്തിയുമായി ഓടിക്കയറിയ ഭീകരൻ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിക്കൊല്ലുകയായിരുന്നു. ഭീകരൻ എത്തിയ കാർ ജനങ്ങൾക്കിടയിലേക്ക് ഓടിച്ചുകയറ്റിയാണ് മറ്റുള്ളവരെ കൊലപ്പെടുത്തിയത്.

അപകടവിവരങ്ങൾ അറിയുന്നതിനായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് 01618569400 എന്ന ഹെൽപ് ലൈൻ നമ്പർ തുടങ്ങി.