Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജേക്കബ് തോമസിന്റെ പുസ്തകം: ചട്ടലംഘനമുണ്ടായെന്ന് ചീഫ് സെക്രട്ടറി

Jacob Thomas Autobiography

തിരുവനന്തപുരം∙ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ. പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘനമാകാവുന്ന പരാമര്‍ശമുണ്ട്. 2016 ഒക്ടോബറിൽ പുസ്തകമെഴുതുന്നതിന് ജേക്കബ് തോമസ് അനുമതി തേടിയിരുന്നു. എന്നാൽ ഉളളടക്കം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടും അറിയിച്ചില്ല. ഇതിനാൽ അനുമതി നൽകിയില്ലെന്നും ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കൂടുതല്‍ പരിശോധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ജേക്കബ് തോമസിന്റെ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന ആത്മകഥയുടെ പ്രകാശനം നടത്തുമെന്ന് പിണറായി വിജയൻ അറിയിച്ചിരുന്നെങ്കിലും ഐഎഎസ്-ഐപിഎസ് തലത്തിൽ വൻ എതിർപ്പ് ഉയർന്നതോടെ പിന്മാറിയിരുന്നു. പുസ്തക രചനയ്ക്ക് ജേക്കബ് തോമസ് സർക്കാരിന്റെ അനുമതി തേടിയിരുന്നില്ലെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. മുഖ്യമന്ത്രിതന്നെ പിന്നീട് ഇത് സ്ഥിരീകരിച്ചു.

ബാർകേസിൽ കെ എം മാണിക്കും ബാബുവിനും എതിരായ അന്വേഷണരീതി തുടരേണ്ടതില്ല എന്നതീരുമാനം ഉണ്ടായതിന് പിന്നിൽ ഉമ്മൻചാണ്ടിയാണെന്ന് പരോക്ഷസൂചന പുസ്തകത്തിലുണ്ട്. ബിജു രമേശിന്റെ രഹസ്യമൊഴിയിൽ നാലു പേജ് ബാബുവിനെതിരായിരുന്നു. എന്നാൽ അന്വേഷണത്തോട് രമേശ് ചെന്നിത്തലക്ക് വിയോജിപ്പില്ലായിരുന്നെന്നും പറയുന്നു. സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്ന് നിർബന്ധിച്ചപ്പോഴാണ് ഫയർഫോഴ്സ് മേധാവിസ്ഥാനത്ത് നിന്ന് നീക്കിയത്. പല കാര്യങ്ങളിലും ജനവിരുദ്ധനെന്ന് ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചുവെന്നും പുസ്തകത്തിൽ പറയുന്നു.