Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത കാവലിനിടെ മൂന്നു മാസത്തിനുള്ളിൽ ബ്രിട്ടനിൽ ഇത് മൂന്നാമത്തെ ഭീകരാക്രമണം

terror attack ലണ്ടൻ ബ്രിഡ്ജിൽ ഉണ്ടായ ആക്രമണത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.

ലണ്ടൻ ∙ തുടരെത്തുടരെ ഉണ്ടാകുന്ന ഭീകരാക്രമണങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് ബ്രിട്ടൻ. കനത്ത കാവലിനിടയിലും നിഷ്പ്രയാസമാണ് തിരക്കേറിയ നഗരമധ്യത്തിൽ രാത്രി ഭീകരർ ആക്രമണം നടത്തിയത്. ആറുപേരുടെ മരണത്തിനിടയാക്കിയ ആക്രമണം നഗരസുരക്ഷയ്ക്കായി പട്ടാളക്കാരെ ഏർപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണെന്നത് കൂടുതൽ ഗൗരവമുയർത്തുന്നു.

മൂന്നു മാസത്തിനകം ഇത് മൂന്നാമത്തെ ആക്രമണമാണ് ബ്രിട്ടനിൽ നടക്കുന്നത്. ശനിയാഴ്ച നടന്നതിന് ഏറെക്കുറെ സമാനമായ ആക്രമണമായിരുന്നു ആദ്യത്തേത്. വെസ്റ്റ്മിനിസ്റ്റർ ബ്രിഡ്ജിലെ നടപ്പാതയിലേക്ക് വാഹനം ഓടിച്ചുകയറ്റി നിരവധിപേരെ പരിക്കേൽപിച്ച അക്രമി പിന്നീട് പാർലമെന്റ് മന്ദിരത്തിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ തടഞ്ഞ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരനെ കുത്തിവീഴ്ത്തിയ ആക്രമിയെ അപ്പോഴേക്കും പൊലീസ് വെടിവച്ചുവീഴ്ത്തി. അക്രമിയുൾപ്പെടെ അഞ്ചുപേരാണ് അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അമ്പതോളംപേർക്ക് പരുക്കേൽക്കുകയും ചെയ്തു. 

ഇതിനു പിന്നാലെ ഒരാഴ്ചമുമ്പാണ് മാഞ്ചസ്റ്ററിൽ വൻ ആക്രമണമുണ്ടായത്. അമേരിക്കൻ പോപ്പ് ഗായിക അരിയാനെ ഗ്രാൻഡെയുടെ സംഗീതപരിപാടിയ്ക്കിടെ മാഞ്ചസ്റ്റർ അരീനയിലായിരുന്നു രാജ്യത്തെ നടുക്കിയ ആക്രമണം. ചാവേറായെത്തിയ അക്രമി, ഷോ കഴിഞ്ഞ് പുറത്തേയ്ക്കുവരുന്നവരുടെ ഇടയിലാണ് പ്രഹരശേഷിയിൽ ഏറ്റവും മുന്നിലുള്ള നെയിൽ ബോംബുമായി ആക്രമണം നടത്തിയത്. 22 പേർ കൊല്ലപ്പെടുകയും അറുപതിലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഈ ആക്രമണത്തിന്റെ നടുക്കത്തിൽനിന്നും രാജ്യം മോചിതയാകുന്നതിനു മുമ്പേയാണ് ലണ്ടൻ നഗരത്തിൽ വീണ്ടും ആക്രമണം.

ലണ്ടൻ ബ്രിഡ്ജിലെ നടപ്പാതയിലേക്ക് കാർ വാൻ ഓടിച്ചുകയറ്റി നിരവധിപേരെ ഇടിച്ചിട്ട മൂന്നംഗ അക്രമിസംഘം പിന്നീട് വാനിൽനിന്നും ഇറങ്ങിയോടി പാലത്തിനു പടിഞ്ഞാറുവശത്തുള്ള ബറോ മാർക്കറ്റിൽ നിരവധി പേരെ കുത്തിയും പരിക്കേൽപിച്ചു. നിരവധി ഹോട്ടലുകളും ബാറുകളും ഉള്ള ബറോ മാർക്കറ്റ് വാരാന്ത്യരാത്രികളിൽ ആയിരക്കണത്തിനാളുകൾ എത്തുന്ന തിരക്കേറിയ സ്ഥലമാണ്. 

മാഞ്ചസ്റ്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്താനും പ്രധാന ഓഫിസുകൾക്കും ചരിത്ര സ്മാരകങ്ങൾക്കും പാർലമെന്റിനും രാജ്ഞിയുടെ കൊട്ടാരത്തിനുമെല്ലാം ശക്തമായ കാവൽ ഏർപ്പെടത്താനും പൊലീസിനൊപ്പം മൂവായിരത്തോളം പട്ടാളക്കാരെയും നിയോഗിച്ചിരുന്നു. ഇവരുടെ സാന്നിധ്യവും നഗരത്തിലുള്ളപ്പോഴാണ് ഇപ്പോഴത്തെ ആക്രമണം. 

എഡ്ജ്ബാസ്റ്റണിൽ ഇന്നു നടക്കുന്ന ഇന്ത്യാ- പാക്ക് ക്രിക്കറ്റ് മൽസരത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെങ്ങും പതിവിൽകൂടുതൽ സുരക്ഷാ മുൻകരുതലുകൾ എടുത്തിരുന്നു. പ്രത്യേകിച്ച് മൽസരം നടക്കുന്ന സ്റ്റേഡിയത്തിനും ബർമിങ്ങാം നഗരത്തിലും കൂടുതൽ കരുതൽ നടപടികൾ സ്വീകരിച്ചതായി സ്കോട്ട്ലൻഡ് യാർഡ് നേരത്തെ അറിയിച്ചിരുന്നു. പൊലീസിന്റെ ശ്രദ്ധ അവിടേക്കു മാറിയതിന്റെ മറപിടിച്ചാണ് അക്രമികൾ ലണ്ടനിൽ അഴിഞ്ഞാടിയത്. തുടരെയുണ്ടാകുന്ന ആക്രമണങ്ങൾ ലോകത്തിലെ ഒട്ടും സുരക്ഷിതമല്ലാത്ത നഗരങ്ങളുടെ പട്ടികയിലേക്ക് ലണ്ടൻ നഗരത്തെ മാറ്റുകയാണ്.

കൂടുതൽ വിദേശ വാർത്തകൾക്ക്

related stories