Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടൻ ബ്രിഡ്ജിൽ വാൻ കയറ്റി ഭീകരാക്രമണം; ഏഴു മരണം, 12 പേർ അറസ്റ്റിൽ

Police officers walk at the scene of an apparent terror attack on London Bridge

ലണ്ടൻ∙ മധ്യ ലണ്ടനിൽ ഏഴുപേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ 12 പേർ അറസ്റ്റിൽ. കിഴക്കൻ ലണ്ടനിൽനിന്നാണ് ആക്രമവുമായി ബന്ധമുള്ളതെന്നു സംശയിക്കുന്ന 12 പേരെ ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് പിടികൂടിയത്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. മൂന്ന് അക്രമികളെ പൊലീസ് വധിച്ചിരുന്നു.

അക്രമികളിൽ ഒരാൾ താമസിച്ചിരുന്ന ഈസ്റ്റ് ലണ്ടനിലെ ബാർക്കിങ്ങിലുള്ള കിങ്സ് റോഡിലെ ഫ്ലാറ്റിൽ പൊലീസ് റെയ്ഡ് നടത്തി നിർണായകമായ പല തെളിവുകളും കണ്ടെടുത്തു. അക്രമികളെ തിരിച്ചറിഞ്ഞെങ്കിലും ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നില്ല. അറസ്റ്റിലായവരുടെ ചിത്രങ്ങളും മറ്റും കാട്ടി ബാർക്കിങ്ങിൽ സമീപവാസികളിൽനിന്നും മറ്റും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. നാട്ടുകാർ ഇവരിൽ പലരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമിയുടേതെന്നു സ്ഥിരീകരിച്ച ഫ്ലാറ്റിൽ പൊലീസ് നിയന്ത്രിതമായ രീതിയിൽ സ്ഫോടനം നടത്തിയതായും വിവരമുണ്ട്. ഇവിടെ ശേഖരിച്ചിരുന്ന സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കാനായിരുന്നു ഇതെന്നാണ് നിഗമനം.

കാൽനടയാത്രക്കാർക്കിടയിലേക്കു വാൻ പാഞ്ഞുകയറ്റിയും കഠാര ഉപയോഗിച്ചുമുള്ള ആക്രമണത്തിലാണ് ഏഴുപേർ കൊല്ലപ്പെട്ടത്. ലണ്ടൻ ബ്രിഡ്ജിലെ കാൽനടയാത്രക്കാർക്കിടയിലേക്കാണു വാൻ ഓടിച്ചുകയറ്റിയത്. കത്തിക്കുത്തിൽ ബറോ മാർക്കറ്റിൽ നിരവധിപ്പേർക്കു പരുക്കേറ്റു. 48 ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്നത് ഭീകരാക്രമണം ആണെന്നു ലണ്ടൻ പൊലീസ് അറിയിച്ചു. നഗരത്തിലെങ്ങും അതീവ ജാഗ്രതയാണ്.

പ്രാദേശിക സമയം ശനി രാത്രി 10ന് ശേഷമാണ് ലണ്ടൻ ബ്രിഡ്ജിലെ ആക്രമണം. വെള്ളനിറത്തിലുള്ള വാൻ ആണ് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയത്. ഇവിടെ ഒന്നിലധികം പേർ കൊല്ലപ്പെട്ടതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പിന്നീട് 11.15നാണ് ബറോ മാർക്കറ്റിൽ കത്തികൊണ്ട് ആക്രമണമുണ്ടായത്. ഇവിടെ പൊലീസ് വെടിവയ്പ്പുണ്ടായി. സമീപപ്രദേശമായ വോക്സ്ഹോൾ മേഖലയിലും കത്തി ഉപയോഗിച്ച് ആക്രമണം നടന്നു. എന്നാൽ ഇതിനു മറ്റു രണ്ട് ആക്രമണങ്ങളുമായി ബന്ധമില്ലെന്നു പൊോലീസ് അറിയിച്ചു.

ലണ്ടൻ ബ്രിഡ്ജ് ഒരു രാത്രി മുഴുവൻ ഒഴിപ്പിച്ചിടുമെന്ന് ബ്രിട്ടിഷ് ട്രാൻസ്പോർട്ട് പൊലീസ് അറിയിച്ചു. ലണ്ടൻ ബ്രിഡ്ജ് റെയിൽവേ സ്റ്റേഷനും അടച്ചിട്ടു. പ്രധാനമന്ത്രി തെരേസ മേ സ്ഥിതിഗതികൾ വിലയിരുത്തി. ഭീകരാക്രമണം ആണെന്ന് മേ വ്യക്തമാക്കി. എട്ടാം തീയതിയാണ് ബ്രിട്ടനിലെ തിരഞ്ഞെടുപ്പ്. ഇത് അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആക്രമണം എന്നാണ് വിലയിരുത്തൽ. അതേസമയം പൊതുതിരഞ്ഞെടുപ്പ് മുൻനിശ്ചയ പ്രകാരം നടക്കുമെന്നു തെരേസ മേ അറിയിച്ചു. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററിലെ അരീനയിൽ സംഗീതസന്ധ്യയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു.

related stories