Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ണാഡിഎംകെ ശശികല വിഭാഗം പിളർപ്പിലേക്ക്; 17 മന്ത്രിമാർ യോഗം ചേർന്നു

TTV Dinakaran, Sasikala

ചെന്നൈ∙ തമിഴ്നാട് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു. എഐഎഡിഎംകെ (അമ്മ) ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ ബെംഗളുരു ജയിലിലെത്തി ശശികലയെ കണ്ടു. 11 എംഎൽഎമാർ ദിനകരനൊപ്പമുണ്ട്. ഇതിനിടെ സെക്രട്ടേറിയറ്റിൽ, 17 മന്ത്രിമാർ യോഗം ചേർന്ന് ദിനകരൻ – ശശികല കൂടിക്കാഴ്ചയെക്കുറിച്ചു ചർച്ച ചെയ്തു. അണ്ണാഡിഎംകെ അമ്മാ വിഭാഗം പിളർപ്പിലേക്കെന്ന സൂചന നൽകി ദിനകരനും ശശികലയും പാർട്ടിക്കു പുറത്തുതന്നെയെന്നു മന്ത്രിമാർ വ്യക്തമാക്കി.

പാർട്ടിയിൽ ഐക്യം കൊണ്ടുവരുമെന്നും അണികൾ തന്നോടൊപ്പമാണെന്നും അവകാശപ്പെട്ട ദിനകരന്റെ വാദത്തോട് അണ്ണാ ഡിഎംകെ (അമ്മ) നേതൃത്വവും സർക്കാരും അകൽച്ച പാലിച്ചു. തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും ദിനകരനു പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന കാര്യത്തിൽ മാറ്റം വന്നിട്ടില്ലെന്നും ധനമന്ത്രി ഡി. ജയകുമാർ അറിയിച്ചു. എന്നാൽ ശശികലയെ കാണാൻ ദിനകരനൊപ്പം എംഎൽഎമാർ പോയതിനെക്കുറിച്ചുള്ള ചോദ്യത്തോട് ജയകുമാർ പ്രതികരിച്ചില്ല. ശശികല ജനറൽ സെക്രട്ടറിയും ദിനകരൻ ഡപ്യൂട്ടി സെക്രട്ടറിയും ആണെന്നും മറ്റാർക്കും പാർട്ടി കാര്യങ്ങൾ തീരുമാനിക്കാൻ അധികാരമില്ലെന്നും ദിനകരനെ അനുകൂലിക്കുന്ന എംഎൽഎ വെട്രിവേൽ അറിയിച്ചു.

തിരഞ്ഞെടുപ്പു കമ്മിഷന് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന കേസിൽ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ദിനകരൻ കഴിഞ്ഞദിവസമാണു ജാമ്യം ലഭിച്ചു പുറത്തുവന്നത്. ദിനകരനും ഭാര്യയും ബന്ധുക്കളും എംഎൽഎമാരുമാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കുശേഷം ശശികലയെ കാണാനെത്തിയതെന്നു ജയിൽവൃത്തങ്ങൾ അറിയിച്ചു. എംഎൽഎമാരായ ഇമ്പദുരൈ, തന തമിഴ് ചെൽവൻ, വെട്രിവേൽ, പാർഥിപൻ, സുബ്രഹ്മണ്യൻ, ബാലസുബ്രഹ്മണ്യൻ, തങ്കദുരൈ, ജഗ്ഗയൻ, ഏലുമലൈ, കാദിർഗമു, ജയന്തി എന്നിവരാണ് ശശികലയെ കാണാനെത്തിയത്.

അതിനിടെ, അനധികൃത സ്വത്തു സമ്പാദനക്കേസിൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ജയിലിൽ കഴിയുന്ന ശശികലയ്ക്ക് പരോൾ അനുവദിച്ചെന്ന വാർത്ത അഭ്യൂഹമാണെന്നു വ്യക്തമായി. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ച് അനന്തിരവൻ ജയ് ആനന്ദിന്റെ വിവാഹത്തിനു പരോൾ അനുവദിച്ചെന്നായിരുന്നു വിവരം. ശശികലയുടെ സഹോദരൻ ദിവാകരന്റെ മകനാണ് ജയ് ആനന്ദ്. കോടതി വിധിയെത്തുടർന്ന് ഫെബ്രുവരി മുതൽ ശശികല ജയിലിലാണ്.