Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടനിൽ തൂക്കുപാർലമെന്റെന്ന് സർവേ ഫലങ്ങൾ; പ്രചാരണം ഇന്ന് അവസാനിക്കും

Theresa May തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി തെരേസ മേയ്.

ലണ്ടൻ∙ ബ്രിട്ടനിൽ ഒരു പാർട്ടിയും കേവലഭൂരിപക്ഷം ഉറപ്പിക്കില്ലെന്ന് ഏറ്റവും ഒടുവിൽ പുറത്തുവന്ന സർവേഫലങ്ങൾ. പ്രചാരണത്തിന്റെ ഓരോഘട്ടത്തിലും അടിയ്ക്കടി മുന്നേറിയ മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടി മുൻതിരഞ്ഞടുപ്പിനേക്കാൾ നില മെച്ചപ്പെടുത്തുമെങ്കിലും ഇവർക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സർവേകൾ പ്രവചിക്കുന്നത്. ഭരണകക്ഷിയായ ടോറികൾ (കൺസർവേറ്റീവ്) ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെങ്കിലും ഇവർക്ക് മുൻതിരഞ്ഞെടുപ്പിനേക്കാൾ ഇരുപതോളം സീറ്റുകൾ കുറയുമെന്നും സർവേ ഫലങ്ങൾ വിലയിരുത്തുന്നു. കേവലഭൂരിപക്ഷത്തിൽനിന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയിലേക്ക് ടോറികൾ മാറിയാൽ  ഈ പതനം പരാജയത്തിനു തുല്യമായി വിലയുരുത്തപ്പെടും. പ്രതിപക്ഷകക്ഷികൾ കൂട്ടുചേർന്ന് സഖ്യകക്ഷി സർക്കാർ ഉണ്ടാക്കുന്നതിനുപോലും ഈ സാഹചര്യം വഴിവയ്ക്കുകയും ചെയ്യും. 

കൂടുതൽ വിദേശ വാർത്തകൾക്ക്

എട്ടാഴ്ചയോളം നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് ചൊവ്വാഴ്ച വൈകുന്നേരം സമാപനമാകും. നാളെയാണ് വോട്ടെടുപ്പ്. രാത്രി പത്തുവരെ പോളിങ് ബൂത്തിൽ നേരിട്ടെത്തി വോട്ടുചെയ്യാൻ അവസരമുണ്ട്. നാളെ വൈകിട്ടുവരെ എത്തുന്ന പോസ്റ്റൽ വോട്ടുകളും സാധുവായിരിക്കും. വോട്ടെടുപ്പു തീർന്നാൽ വ്യാഴാഴ്ച അർദ്ധരാത്രിയോടെ വോട്ടെണ്ണൽ ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ ഫലങ്ങൾ പുറത്തുവരും. 

ഏപ്രിൽ 18ന് അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാരിന് കാലാവധി തീരാൻ മൂന്നുവർഷത്തിലേറെ ബാക്കിയുള്ളപ്പോൾ ഉണ്ടായ ഈ തീരുമാനത്തെ ഏവരും ആശ്ചര്യത്തോടെയാണ് കണ്ടത്. എന്തിനാണ് ഇങ്ങനെയൊരു തീരുമാനം എന്നതായിരുന്നു എല്ലാവരുടെയും ചോദ്യം. 

പ്രതിപക്ഷം അതീവ ദുർബലമായിരിക്കുകയും ബ്രക്സിറ്റു നടപ്പാക്കാനുള്ള തീരുമാനത്തിലൂടെ സർക്കാരിന്റെ ഇമേജ് കൂടിനിൽക്കുകയും ചെയ്തിരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പു നടത്തി വൻ ഭൂരിപക്ഷം ഉറപ്പിച്ച് ദീർഘനാളത്തെ ഭരണം ഉറപ്പാക്കുകയായിരുന്നു തേരേസ മേയുടെ ലക്ഷ്യം. ബ്രക്സിറ്റിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്ര സ്കോട്ട്ലൻഡ് എന്ന ആശയം വീണ്ടും പൊടിതട്ടിയെടുത്ത് രാഷ്ട്രീയനേട്ടം കൊയ്യാനിറങ്ങിയ സ്കോട്ടീഷ് നാഷണൽ പാർട്ടിയെ നിശബ്ദമാക്കാനുള്ള തന്ത്രമായും തിരഞ്ഞെടുപ്പിനെ പ്രധാനമന്ത്രി കണ്ടു. 

പ്രചാരണത്തിന്റെ തുടക്കത്തിൽ ടോറികൾ ചുരുങ്ങിയത് 400 സീറ്റെങ്കിലും നേടുമെന്നായിരുന്നു സർവേളെല്ലാം പ്രവചിച്ചത്. തെരേസ മേയ് മാർഗരറ്റ് താച്ചറേക്കാൾ കരുത്തയായ ഭരണാധികാരിയായി മാറുമെന്നും മാധ്യമങ്ങൾ വിളിച്ചുകൂവി. എന്നാൽ പ്രചാരണം കനത്തപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. സുന്ദരമോഹന വാഗ്ദാനങ്ങളുമായി രംഗത്തെത്തിയ ലേബർ പാർട്ടി സൗജന്യങ്ങൾ വാരിക്കോരി ചൊരിഞ്ഞും ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചും കൈയടി നേടി. മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ലേബർ നേതാവ് ജെറമി കോർബിൻ നേർക്കുനേർ സംവാദത്തിനായി പ്രധാനമന്ത്രിയെ തുടരെത്തുടരെ വെല്ലുവിളിച്ചു. 

പ്രതിപക്ഷത്തെ നേർക്കുനേർ നേരിടാൻ മടിച്ച പ്രധാനമന്ത്രിയുടെ നടപടി ഒളിച്ചോട്ടമായാണ് നല്ലൊരുശതമാനം വോട്ടർമാർ വിലയിരുത്തിയത്. ഒപ്പം ഒട്ടേറെ പാളിച്ചകൾ നിറഞ്ഞ ടോറിയുടെ പ്രകടനപത്രിക അവർക്ക് തിരിച്ചടിയാകുകയും ചെയ്തു. പ്രകടനപത്രികയിൽ പറഞ്ഞകാര്യങ്ങൾ പ്രധാനമന്ത്രിക്ക് മാറ്റിപറയേണ്ട സ്ഥിതിപോലുമുണ്ടായി. ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ആവർത്തിച്ചിരുന്ന പ്രധാനമന്ത്രി എന്തിന് ഇപ്പോൾ തിരഞ്ഞെടുപ്പു നടത്തി എന്നതിനുപോലും വ്യക്തമായ ഉത്തരം നൽകാനാകാതെ വിയർത്തു. വോട്ടർമാരെ നേരിൽ കാണാനിറങ്ങിയ പ്രധാനമന്ത്രിയുടെ പുതിയ പ്രചാരണതന്ത്രവും പാളിപ്പോയി. 

പ്രചാരണത്തിനിടെ രാജ്യത്തെ നടുക്കിയ രണ്ട് കൊടുംഭീകരാക്രമണങ്ങളുണ്ടായി. ബ്രിട്ടീഷ് തിരഞ്ഞെടുപ്പു ചരിത്രത്തിലെ ആദ്യസംഭവമാണിത്. ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ആർക്കു ഗുണം ചെയ്യും എന്നത് കണ്ടറിയണം. ഭീകരതയെ നേരിടാനെന്നപേരിൽ ബ്രിട്ടൻ അമേരിക്കയുമായി ചേർന്ന് മറ്റു രാജ്യങ്ങൾക്കുമേൽ നടത്തുന്ന സൈനിക നടപടികളെ പരസ്യമായി എതിർക്കുന്ന കോർബിന്റെ നയങ്ങളെയാണോ ഭീകരതയ്ക്കെതിരേ ഏതറ്റംവരെയും എങ്ങനെയും പോരാടുമെന്ന് പ്രഖ്യാപിക്കുന്ന തെരേസയെ ആണോ ജനങ്ങൾ സ്വീകരിക്കുന്നത് എന്നറിയാൻ ഇനി 48 മണിക്കൂർ കാത്തിരുന്നാൽ മതി. 

ഏറെ കൊട്ടിഘോഷിച്ച ബ്രക്സിറ്റിന്റെ ഭാവിയും ഈ തിരഞ്ഞെടുപ്പു ഫലത്തെ ആശ്രയിച്ചിരിക്കും. ടോറികൾ ഭരണം തുടർന്നാൽ അതിർത്തികൾ അടച്ചും കുടിയേറ്റം നിയന്ത്രിച്ചും വ്യാപാര-വാണിജ്യ കരാറുകൾ പൊളിച്ചെഴുതിയുമുളള ‘’ഹാർഡ് ബ്രക്സിറ്റ്’’ നടപ്പാകും. ലേബർ അധികാരത്തിലെത്തിയാൽ ‘’സോഫ്റ്റ് ബ്രക്സിറ്റ്’’ എന്നപേരിൽ നടപ്പാക്കപ്പെടുക പേരിനൊരു പ്രഹസനമാകും. 

ടോറികൾ 41.5 ശതമാനവും ലേബർ 40.4 ശതമാനവും വോട്ടുനേടുമെന്ന് ഇന്നലത്തെ ഒരു സർവേ പ്രവചിക്കുന്നു. ലിബറൽ ഡെമോക്രാറ്റുകൾ ആറും യുക്കിപ്പ് മൂന്നും ശതമാനം വോട്ട് നേടുമെന്നും ഇത് പറയുന്നു. 

മറ്റൊരു സർവേയിൽ ടോറികൾക്ക് നിലവിലുള്ളതിനേക്കാൾ 26 സീറ്റുകുറഞ്ഞ് 304 സീറ്റും ലേബറിന് 37 സീറ്റുകൂടി 266 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. എസ്എൻപിക്ക് എട്ടുസീറ്റു കുറഞ്ഞ് 46 സീറ്റും ലിബറൽ ഡെമോക്രാറ്റുകൾക്ക് മൂന്നു സീറ്റുകൂടി 12 സീറ്റുമാണ് ഇവർ കണക്കാക്കുന്നത്. 650 അംഗങ്ങളുള്ള ബ്രിട്ടീഷ് പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിനുവേണ്ടത് 326 സീറ്റാണ്. 

related stories