Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് ജില്ലയിലെ സിപിഎം ഹർത്താലിനിടെ വിവിധയിടങ്ങളിൽ അക്രമം

Harthal in Calicut

കോഴിക്കോട്∙ പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിനുനേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ സിപിഎം പ്രഖ്യാപിച്ച ഹർത്താലിനിടയിൽ അങ്ങിങ്ങ് അക്രമം. പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർ മാധ്യമപ്രവർത്തകരെ മർദിച്ചു. ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫിസ് തല്ലിത്തകർത്തു. ഇന്ത്യൻ എക്സ്പ്രസ് ഫൊട്ടോഗ്രഫർ എ. സനേഷിന്റെ ക്യാമറ തല്ലിത്തകർത്തു. കേരള ഭൂഷണം ഫൊട്ടോഗ്രഫർ ശ്രീജേഷിനെ മർദ്ദിച്ചു ക്യാമറയിലെ മെമ്മറി കാർഡ് എടുത്തു കൊണ്ടുപോയി. മാധ്യമം ഫൊട്ടോഗ്രഫർ അഭിജിത്തിനെയും സിപിഎമ്മുകാർ കയ്യേറ്റം ചെയ്തു. പ്രകടനക്കാർ ഓട്ടോഡ്രൈവറെ കയ്യേറ്റം ചെയ്യുന്ന പടമെടുത്തതാണു പ്രകോപനമായത്.

ഹർത്താലിനിടെ മാധ്യമപ്രവർത്തകർക്കുനേരെയുണ്ടായ ആക്രമണത്തിൽ തകർന്ന ക്യാമറ

ഇന്നു പുലർച്ചെ ഒരു മണിയോടെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ജില്ലാ കമ്മിറ്റി ഓഫിസിൽ വന്നിറങ്ങിയ ഉടനെയാണ് ബോംബേറുണ്ടായത്. പി.മോഹനൻ ബോംബേറിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബോംബേറിൽ മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിന്റെ ചില്ലുകൾ തകർന്നു. ബോംബിനകത്തെ ചീളുകൾ ഓഫിസ് വരാന്തയിലേക്ക് തെറിച്ചുവീണു. ഭിത്തിയിലെ നോട്ടിസ് ബോർഡിലേക്ക് ചീളുകൾ തറച്ചിട്ടുണ്ട്. നാലു പേരാണ് ബോംബെറിഞ്ഞതെന്ന് സംഭവത്തിന്റെ ദൃക്സാക്ഷി കൂടിയായ ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. ആർഎസ്എസിന്റെ ആസൂത്രിത അക്രമമാണിതെന്ന് സിപിഎം ആരോപിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ കോഴിക്കോട് ജില്ലയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു. ഹർത്താലിൽനിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ വിവിധ ഓഫിസുകൾക്കു നേരെയും ഇന്നലെ അക്രമമുണ്ടായി. അതേസമയം, ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ബോംബെറിഞ്ഞവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു നേരെയുണ്ടായ കയ്യേറ്റത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നിരവധി പ്രകടനങ്ങൾ നടന്നിരുന്നു. ഈ പ്രതിഷേധങ്ങൾക്കിടെ, പലയിടത്തും ബിജെപി, ആർഎസ്എസ് ഓഫിസുകൾക്കു നേരെ കല്ലേറുമുണ്ടായി. ഇതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.