Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോർബിന്റെ വാഗ്ദാനങ്ങളിൽ മയങ്ങി ബ്രിട്ടൻ; തെരേസ മേയ്ക്ക് തിരിച്ചടി

Jeremy Corbyn

ലണ്ടൻ∙ പ്രചാരണത്തിലുടനീളം ലേബർപാർട്ടി വാരിക്കോരി നൽകിയ വാഗ്ദാനങ്ങളിൽ മയങ്ങി ബ്രിട്ടിഷ് ജനത വോട്ടുചെയ്തപ്പോൾ തെരേസ മേയുടെ മോഹങ്ങൾ കരിഞ്ഞുപോയി. മൂന്നുവർഷം സുഗമമായി ഭരിക്കാൻവേണ്ട എല്ലാ സാഹചര്യങ്ങളും വ്യക്തമായ ഭൂരിപക്ഷവും ഉണ്ടായിരുന്നിട്ടും രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായപ്പോൾ അതിമോഹത്തോടെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയാണ് ബ്രിട്ടിഷ് ജനത നൽകിയത്. 

ആഭ്യന്തരപ്രശ്നങ്ങളിൽപെട്ട് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി തകർന്നുനിൽക്കുന്ന സാഹചര്യം മുതലാക്കി നേട്ടം കൊയ്യുകയായിരുന്നു തെരേസയുടെ ലക്ഷ്യം. ഇതിനായി ആരും നിനച്ചിരിക്കാത്ത സാഹചര്യത്തിൽ എല്ലാവരെയും ഞെട്ടിച്ച് അവർ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. ഇപ്പോൾ ‘എന്തിനാണീ തിരഞ്ഞെടുപ്പ്’ എന്നായിരുന്നു ഈ തീരുമാനത്തോട് എല്ലാവരുടെയും ആദ്യപ്രതികരണം. 

കൂടുതൽ വിദേശവാർത്തകൾക്ക്

പ്രചാരണത്തിന്റെ തുടക്കത്തിൽ നാനൂറു സീറ്റിലേറെ നേടി തെരേസ മേ അധികാരം നിലനിർത്തുമെന്നായിരുന്നു എല്ലാവരും പ്രവചിച്ചത്. ലേബർപാർട്ടി ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയം ഏറ്റുവാങ്ങുമെന്നും മാധ്യമങ്ങൾ എഴുതിക്കൂട്ടി. രാജ്യതാൽപര്യം മുൻനിർത്തി, ശക്തമായ വിലപേശലിലൂടെ ബ്രെക്സിറ്റ് നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ രാഷ്ട്രീയകരുത്തും അധികാരവും തേടിയായിരന്നു തെരേസയുടെ പ്രചാരണം. ഇതിന് ‘സോഫ്റ്റ് ബ്രെക്സിറ്റി’ന്റെ വക്താക്കളായ ലേബറിനു വ്യക്തമായ മറുപടിയുമില്ലായിരുന്നു. എന്നാൽ പ്രചാരണം മുറുകിയതോടെ ലേബർ തങ്ങളുടെ തുറുപ്പുചീട്ട് പുറത്തെടുത്തു. 

സാധാരണ ജനങ്ങളെയും ഇടത്തരക്കാരെയും വർക്കിങ് ക്ലാസിനെയും കൈയിലെടുക്കാൻ ഓരോ ദിവസവും ജനപ്രിയപ്രഖ്യാപനങ്ങൾ ആരംഭിച്ചു. ഒടുവിൽ ഇവയെല്ലാം ചേർത്ത് സുന്ദരമോഹനമായ വാഗ്ദാനങ്ങൾ കുത്തിനിറച്ച പ്രകടനപത്രികയും പുറത്തിറക്കി. ഇതിന് ടോറികൾക്കു മറുപടിയില്ലായിരുന്നു. നടപ്പാക്കാൻ കഴിയാത്ത പൊള്ളയായ വാഗ്ദാനങ്ങളാണിവയെന്നു പ്രചരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കോർപറേറ്റ് നികുതി ഉയർത്തിയും അധികവരുമാനക്കാർക്കു കൂടുതൽ നികുതി ഏർപ്പെടുത്തിയും പദ്ധതികൾക്കു പണം കണ്ടെത്തുമെന്നു പ്രഖ്യാപിച്ചു കോർബിൻ തിരിച്ചടിച്ചു. ഇക്കാര്യങ്ങളിൽ മുഖാമുഖം ടെലിവിഷൻ ചർച്ചയ്ക്കായി തെരേസ മേയെ തുടരെത്തുടരെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ കോർബിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ അവർ തയാറായില്ല. ഇത് ഭീരുത്വമായും ഒളിച്ചോട്ടമായും വ്യാഖ്യാനിക്കപ്പെട്ടു. 

ഇതിനിടെ ടോറികളുടെ പ്രകടനപത്രികയിലെ ചില പദ്ധതികൾ അവർക്കുതന്നെ തിരിച്ചടിയാകുന്ന സ്ഥിതിയുണ്ടായി. സോഷ്യൽ കെയറിനായി പ്രഖ്യാപിച്ച പദ്ധതി തിരുത്തിപ്പറയാൻ പ്രധാനമന്ത്രി ഒരുവേള നിർബന്ധിതയായി. കടുത്ത കുടിയേറ്റനിയന്ത്രണം കൊണ്ടുവരുമെന്ന പ്രഖ്യാപനം കുടിയേറ്റക്കാരെ ഒന്നടങ്കം ടോറികൾക്ക് എതിരാക്കി. നാൽപതു ലക്ഷത്തോളം കുടിയേറ്റക്കാർ വോട്ടുചെയ്യുന്ന രാജ്യമാണ് ബ്രിട്ടൻ. കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നും ജോലിസംബന്ധമായ വിസകളിൽ എത്തുന്നവർക്കുപോലും ഇവിടെ വോട്ടുണ്ട്. സ്കൂൾകുട്ടികളുടെ ഉച്ചക്കഞ്ഞിക്കുപോലും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ടോറികളുടെ ‘രാജ്യസ്നേഹ’ത്തോട് വോട്ടർമാർ നന്നായിതന്നെ പ്രതികരിച്ചു. 

യൂണിവേഴ്സിറ്റി വിദ്യാഭ്യാസം സൗജന്യമാക്കും എന്നതായിരുന്നു ലേബറിന്റെ വാഗ്ദാനങ്ങളിൽ ഏറ്റവും ജനപ്രിയമായത്. ഇവയ്ക്കൊപ്പം ആരോഗ്യ-വിദ്യാഭ്യാസമേഖലയ്ക്കായി കൂടുതൽ പണം മാറ്റിവയ്ക്കുമെന്ന പ്രഖ്യാപനവും സ്വീകാര്യമായി. നാലു പുതിയ ദേശീയ അവധിദിനങ്ങൾ, മിനിമം വേതനം മണിക്കൂറിനു പത്തുപൗണ്ട് ആക്കുമെന്ന പ്രഖ്യാപനം, ജലവിതരണം- ഈർജമേഖല- റെയിൽവേ- റോയൽമെയിൽ എന്നിവയെ പൊതുമേഖലയിൽ തിരിച്ചെത്തിക്കുമെന്ന പ്രഖ്യാപനം എന്നിവയെല്ലാം വോട്ടുനേടുന്നവയായി. നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കുമെന്ന പ്രഖ്യാപനം മലയാളിവോട്ടുകൾ കൂട്ടത്തോടെ ലേബറിനെത്തിച്ചു. പൊലീസുകാരുടെയും ഫയർ വാർഡന്മാരുടെയും എണ്ണം കൂട്ടുമെന്ന പ്രഖ്യാപനവും വോട്ടർമാർ ആവേശത്തോടെ സ്വീകരിച്ചു. 

ഇവയ്ക്കെല്ലാം പുറമേ, സമാധാനം കാംഷിക്കുമ്പോൾ ഭീകരതയ്ക്കെതിരേ പോരാടെന്ന പേരിൽ അമേരിക്കയോടൊപ്പം ചേർന്ന് മറ്റുരാജ്യങ്ങൾക്കുമേൽ സൈനിക നടപടിക്കു മുതിരുന്നത് ശരിയല്ലെന്ന കോർബിന്റെ പ്രഖ്യാപനം വോട്ടർമാരെ ഇരുത്തിചിന്തിപ്പിച്ചു. തുടരെത്തുടരെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോബിന്റെ ഈ അഭിപ്രായത്തിനു പ്രസക്തി ഏറെയായിരുന്നു. ട്രംപുമായി കൈകോർക്കാനില്ലെന്നും അണുവായുധങ്ങൾ ആദ്യം പ്രയോഗിക്കില്ലെന്നും ഭീകരതയെ നേരിടാൻ യുദ്ധത്തേക്കാൾ സമാധാനമാണ് നല്ല മാർഗമെന്നുമുള്ള കോർബിന്റെ വാക്കുകൾക്ക് ഒരു ഗാന്ധിയൻ ടച്ചുണ്ടായിരുന്നു. 

അഞ്ചുലക്ഷത്തോളം പുതിയ വോട്ടർമാരാണ് ഈ തിരഞ്ഞെടുപ്പിനു മുമ്പ് വോട്ടർപട്ടികയിൽ പേരു ചേർത്തത്. ഇവരിലേറെയും യുവാക്കളായിരുന്നു. 16 വയസ് തികയുന്നവർക്ക് വോട്ടവകാശം നൽകുമെന്നും യൂണിവേഴ്സിറ്റി വിദ്യാഭ്യാസം സൗജന്യമാക്കുമെന്നുമുള്ള വഗ്ദാനങ്ങൾക്കുശേഷമായിരുന്നു യുവാക്കളുടെ ഈ വോട്ടിങ് റജിസ്ട്രേഷൻ. ഇവരെല്ലാംതന്നെ ലേബറിന് വോട്ടുചെയ്യുകയും ചെയ്തു എന്നാണ് തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. 

related stories