Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടനിൽ തൂക്കുസഭ; പ്രാദേശിക പാർട്ടിയുമായി ചേർന്ന് ഭരണം പിടിക്കാൻ തെരേസ മേ

 ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ

ലണ്ടൻ ∙ കേവലഭൂരിപക്ഷം നേടാനാകാതെ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും ബ്രിട്ടനിൽ ഭരണം പിടിക്കാനുറച്ച് പ്രധാനമന്ത്രി തെരേസ മേ. 318 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തെരേസയുടെ കൺസർവേറ്റീവ് പാർട്ടി, 10 സീറ്റുകളുള്ള പ്രാദേശിക പാർട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റുകളുമായി ചേർന്ന് ഭരണത്തിലെത്താൻ നീക്കം തുടങ്ങി. 326 സീറ്റുകളാണ് ബ്രിട്ടൻ പാർലമെന്റിൽ കേവലഭൂരിപക്ഷത്തിനു വേണ്ടത്. 330 സീറ്റുണ്ടായിരുന്ന കൺസർവേറ്റിവ് പാർട്ടി കൂടുതൽ നേട്ടമുണ്ടാക്കാനാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കിയത്. എന്നാൽ അടുത്തി‍ടെയുണ്ടായ ഭീകരാക്രമണങ്ങൾ തെരേസ മേയുടെ മോഹങ്ങൾ തല്ലിക്കെടുത്തുകയായിരുന്നു.

ആകെയുള്ള 650 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. മുഖ്യപ്രതിപക്ഷമായ ലേബറിന് 261 സീറ്റും മറ്റൊരു ദേശീയ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റുകൾക്ക് 12 സീറ്റും ലഭിച്ചു. സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് 35 സീറ്റും അയർലൻഡിലെ പ്രധാന പ്രാദേശിക പാർട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിക്ക് 10 സീറ്റും ലഭിച്ചു. യുകെ ഇൻഡിപെൻഡൻസ് പാർട്ടി, ഗ്രീൻ പാർട്ടി തുടങ്ങിയ ദേശീയ കക്ഷികൾക്ക് സീറ്റൊന്നും ലഭിച്ചില്ല.

തിരഞ്ഞടുപ്പുഫലത്തെ സ്വാഗതം ചെയ്ത ലേബർ നേതാവ് ജെറമി കോർബിൻ തെരേസ മേയ്ക്ക് രാജിവച്ചുപോകാൻ സമയമായി എന്ന് പ്രഖ്യാപിച്ചു. എന്നാൽ, രാജ്യം രാഷ്ട്രീയ സ്ഥിരതയാണ് ആവശ്യപ്പെടുന്നതെന്നും അത് തന്റെ പാർട്ടി ജനങ്ങൾക്ക് ഉറപ്പുവരുത്തുമെന്നുമാണ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതികരണം.

സഖ്യകക്ഷി സർക്കാരിനുള്ള സാധ്യത തേടി ലേബർ പാർട്ടിയും

മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റമാണ് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാനായത്. ഭൂരിപക്ഷത്തിലേക്ക് അടുക്കാനായില്ലെങ്കിലും ഭരണകക്ഷിയെ ദുർബലമാക്കാനും 33 സീറ്റുകൾ അധികം നേടി ശക്തമായ തിരിച്ചുവരവ് നടത്താനും ജെറമി കോർബിൻ നേതൃത്വം നൽകുന്ന ലേബർ പാർട്ടിക്കായി. ചെറുകക്ഷികളുടെ പിന്തുണയോടെ സഖ്യകക്ഷി സർക്കാരുണ്ടാക്കാനുള്ള സാധ്യത ലേബർ പാർട്ടി ആരായുന്നുണ്ട്.

ആകെ പോൾചെയ്ത വോട്ടിൽ 42.4 ശതമാനം നേടിയാണ് ഇക്കുറി ടോറികൾ മുന്നിലെത്തിയത്. ലേബറിന് 40.2 ശതമാനവും എസ്എൻപിക്ക് 3.1 ശതമാനവും ലിബറൽ ഡെമോക്രാറ്റുകൾക്ക് 7.1 ശതമാനവും വോട്ടു ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12 ശതമാനം വോട്ടുനേടിയ യുക്കിപ്പിന് ഇക്കുറി 1.9 ശതമാനം വോട്ടേ നേടാനായുള്ളൂ.

തിരിച്ചടി നേരിട്ട് തെരേസ മേയും കൺസർവേറ്റിവ് പാർട്ടിയും

നേരത്തെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതുവഴി വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന, ശക്തമായ സർക്കാർ ഭരിച്ചിരുന്ന രാജ്യത്തെ ഒരു ന്യൂനപക്ഷ സർക്കാരുള്ള രാജ്യമാക്കി മാറ്റി എന്നതാണ് തെരേസ മേയ് വരുത്തിവച്ച രാഷ്ട്രീയ നാണക്കേട്. ഇതുവഴി അവർ സൃഷ്ടിച്ചത് രാഷ്ട്രീയ അസ്ഥിരതയും മികച്ച ബ്രെക്സിറ്റ് വിലപേശലുകൾക്കുള്ള സാധ്യതകൾ ഇല്ലാതാക്കുകയുമാണ്.

 വോട്ടെണ്ണൽ ദിനത്തിൽ കൺസർവേറ്റിവ് പാർട്ടി ആസ്ഥാനത്തുനിന്ന് പുറത്തേക്കു വരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഭർത്താവ് ഫിലിപ്പും.

മുൻ ഡപ്യൂട്ടി പ്രധാനമന്ത്രിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ നിക്ക് ക്ലെഗ് ആണ് ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രമുഖൻ. സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ മുതിർന്ന നേതാവും മുൻ സ്കോട്ടീഷ് ഫസ്റ്റ് മിനിസ്റ്ററുമായ അലക്സ് സാൽമണ്ടും പരാജയപ്പെട്ട പ്രമുഖരിൽപെടുന്നു.

സ്വതന്ത്ര സ്കോട്ട്ലൻഡ് വാദത്തിനും തിരിച്ചടി

ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്ര സ്കോട്ട്ലൻഡ് വാദമുയർത്തി രണ്ടാം സ്കോട്ടിഷ് റഫറണ്ടത്തിനായി മുറവിളി കൂട്ടിയ സ്കോട്ടിഷ് നാഷണൽ പാർട്ടിയെ നിശബ്ദമാക്കാനായി എന്നത് മാത്രമാണ് ഈ തിരഞ്ഞെടുപ്പുകൊണ്ട് ബ്രിട്ടന് ഉണ്ടായ നേട്ടം. സ്വാതന്ത്ര്യവാദമുയർത്തിയ എസ്എൻപിക്ക് കനത്ത തിരിച്ചടിയാണ് വോട്ടർമാർ നൽകിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെയുളള അമ്പത്തൊമ്പതിൽ 56 സീറ്റും നേടി സ്കോട്ട്ലൻഡ് ഒന്നാകെ തൂത്തുവാരിയ അവർക്ക് ഇക്കുറി 34 സീറ്റേ നേടാനായുള്ളൂ.

അലക്സ് സാൽമണ്ട് ഉൾപ്പെടെയുള്ള എസ്എൻപിയുടെ പല പ്രമുഖരും ദേശീയപാർട്ടി സ്ഥാനാർഥികളോട് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ബ്രിട്ടന്റെ ഭാഗമായി തുടരാൻ തന്നെയാണ് ഇവിടെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് തിരഞ്ഞെടുപ്പു തെളിയിച്ചു.

എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന ഫലം

കൺസർവേറ്റീവിന് 314 സീറ്റും ലേബറിന് 266 സീറ്റും ലഭിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. കഴിഞ്ഞതവണ സ്കോട്ട്ലൻഡിൽ അമ്പത്തൊമ്പതിൽ 56 സീറ്റും നേടിയ സ്കോട്ടീഷ് നാഷണൽ പാർട്ടിക്ക് 34 സീറ്റാണ് എക്സിറ്റ്പോൾ പ്രവചിച്ചത്. ലിബറൽ ഡെമോക്രാറ്റുകൾക്ക് 14 സീറ്റും. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കെ കൂടുതൽ സീറ്റുതേടി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച തെരേസ മേയ്ക്ക് നിലവിലുള്ളതിനേക്കാൾ സീറ്റുകുറഞ്ഞത് പരാജയമാണ്. തകർന്നടിയുമെന്ന് എല്ലാവരും തുടക്കത്തിൽ വിലയിരുത്തിയ ലേബറിന് കിട്ടിയതെല്ലാം ബോണസും.

മൂന്നുവർഷം കാലാവധി ബാക്കിനിൽക്കെ തിരഞ്ഞെടുപ്പ്

ഭരണത്തിൽ മൂന്നുവർഷത്തെ കാലാവധികൂടി ഉണ്ടായിരുന്ന തെരേസ മേ, ജനവിധി അനുകൂലമാക്കി ബ്രെക്സിറ്റിന് ശക്തിപകരാനാണ് ഇത്തവണ നേരത്തെ തിരഞ്ഞെടുപ്പു നിശ്ചയിച്ചത്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ മേയ്ക്കു വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നുവെങ്കിലും ഭീകരാക്രമണങ്ങളും പ്രചാരണത്തിലെ പാളിച്ചകളും ലേബർ പാർട്ടിയെ ഒപ്പമെത്തിച്ചു. എന്നാൽ, അവസാന ദിവസങ്ങളിൽ വീണ്ടും സ്ഥിതി മാറുകയായിരുന്നു.

കഴിഞ്ഞ വർഷം ജൂലൈയിലാണു തെരേസ മേ ബ്രിട്ടിഷ് പ്രധാനമന്ത്രിയായത്. ബ്രെക്സിറ്റ് ഹിതപരിശോധനയിൽ യൂറോപ്യൻ യൂണിയൻ വിട്ടുപോകാൻ ബ്രിട്ടിഷ് ജനത വോട്ടു ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജിവച്ചതിനെ തുടർന്നായിരുന്നു ഇത്. ബ്രെക്സിറ്റ് നടപടികൾക്കു തുടക്കംകുറിച്ച ശേഷമാണ് അവർ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. മാഞ്ചസ്റ്ററിലെയും ലണ്ടനിലെയും ഐഎസ് ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറും മുൻപു നടന്ന വോട്ടെടുപ്പിനു വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.

related stories