Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരതയ്ക്ക് സഹായം: സൗദിയും സംഘവും പുറത്തുവിട്ട പട്ടിക തള്ളി ഖത്തർ

qatar

റിയാദ് ∙ ഖത്തറിനെതിരെ സൗദിയുടെ നേതൃത്വത്തില്‍ തുടരുന്ന ഉപരോധം കൂടുതല്‍ ശക്തമാക്കിയതിനു പിന്നാലെ കടുത്ത  നീക്കങ്ങളുമായി സൗദിയടക്കമുള്ള അറബ് രാജ്യങ്ങള്‍. സൗദിയെ കൂടാതെ ബഹ്‌റൈൻ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഖത്തറുമായി ബന്ധപ്പെട്ട് തീവ്രവാദത്തെ സഹായിക്കുന്നവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ശക്തമായ മധ്യസ്ഥ ശ്രമം നടക്കുന്നതിനിടയിലാണ് കൂടുതല്‍ ആശങ്കയിലാക്കി സൗദിയുടെ നേതൃത്വത്തിലുള്ള പുതിയ നടപടി. 

തീവ്രവാദത്തിന്റെ പേരില്‍ നേരത്തെ  ആരോപണം നേരിടുന്ന സംഘടനക്ക് പുറമെ ഇതുവരെ എവിടെയും പരാമര്‍ശിക്കാത്ത വ്യക്തികളെയും സംഘടനകളെയും പട്ടികയിൽ ഉള്‍പ്പെടുത്തിയതാണ് ആശങ്ക ഉയര്‍ത്തുന്നത്.

എന്നാൽ, ആരോപണങ്ങൾ ഖത്തർ നിഷേധിച്ചു. സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ സംയുക്തമായി പുറത്തുവിട്ട പട്ടിക അടിസ്ഥാന രഹിതമാണെന്ന് ഖത്തർ സർക്കാർ പ്രതികരിച്ചു. വ്യാജ ആരോപണങ്ങൾ ആവർത്തിക്കുകയാണെന്നും ഖത്തർ വ്യക്തമാക്കി. ഇത്തരമൊരു പട്ടിക പുറത്തുവിട്ടതിലൂടെ ഖത്തറിനെ ഇല്ലാതാക്കാനുള്ള ഘട്ടം ഘട്ടമായ ശ്രമമാണ് നടത്തുന്നതെന്ന് ഖത്തർ യൂണിവേഴ്സിറ്റിയിലെ അധ്യാപകനും പ്രതികരിച്ചു.

59 വ്യക്തികളും ഖത്തറുമായി ബന്ധപ്പെട്ട 12 സംഘടനകളുമാണ് തീവ്രവാദ സഹായത്തിന് പണം നല്‍ക്കുന്നതെന്ന് ഉയര്‍ത്തിക്കാട്ടിയാണ്   പട്ടികയിൽ ഉള്‍പ്പെടുത്തിയത്. ഇതില്‍ ഖത്തര്‍ രാജകുടുംബാംഗങ്ങള്‍, യൂസഫ് അൽ ഖറദാവി എന്നിവരും ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ഖത്തര്‍ ചാരിറ്റിയടക്കം ഉള്‍പ്പെട്ടിട്ടുണ്ട്. ഖത്തറിനു പുറമെ ബഹറൈനിലെ ഏതാനും സംഘടനകളും പട്ടികയിലുണ്ട്.

വിവിധ രാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് പണം നല്‍കുന്നതിലും സഖ്യരാജ്യങ്ങളുമായി നിരന്തരം കരാറുകള്‍ ലംഘിക്കുന്നതിലും ഉള്‍പ്പെട്ടതാണ് വ്യക്തികളും സംഘടനകളുമെന്ന് നാലു രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയായി സൗദി  വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ലോക രാജ്യങ്ങളുമായി തീവ്രവാദം ചെറുക്കുന്നതില്‍ സഹകരണം തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

പട്ടികയിലെ സംഘടനകള്‍

1. ഖത്തര്‍ വളണ്ടിയര്‍ സെന്റര്‍

2. ദോഹ ആപ്പിള്‍ കമ്പനി (ഇന്റര്‍നെറ്റ്, ടെക്‌നോളജി സപ്പോര്‍ട്ട് കമ്പനി)

3. ഖത്തര്‍ ചാരിറ്റി

4. ശൈഖ് ഈദ് അല്‍ താനി ചാരിറ്റി ഫൗണ്ടേഷന്‍ 

5. ശൈഖ് താനി ബിന്‍ അബ്ദുള്ള ഫൗണ്ടേഷന്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസ്

6. ഡിഫന്റ് ബിന്‍ ഗസി, ലിബിയ

7. സറായ അല്‍ അഷ് തര്‍, ബഹ്‌റൈൻ 

8. ഫെബ്രുവരി 14 സഖ്യം, ബഹ്‌റൈൻ 

9. റസിസ്റ്റന്‍സ് ബ്രിഗേഡ്‌സ്, ബഹ്‌റൈൻ 

10. ഹിസ്ബുള്ള ബഹ്‌റൈൻ 

11. സറായ അല്‍ മുഖ്താര്‍ ബഹ്‌റൈൻ 

12. അഹ്‌റാർ ബഹ്‌റൈൻ -ബഹ്‌റൈൻ മൂവ്‌മെന്റ്