Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശുവിനെ ദൈവത്തിനും അമ്മയ്ക്കും പകരമായി പരിഗണിക്കാം: ഹൈദരാബാദ് ഹൈക്കോടതി

Cow

ഹൈദരാബാദ്∙ പശുവിനെ അമ്മയ്ക്കും ദൈവത്തിനും പകരമായി പരിഗണിക്കുന്നതിൽ തെറ്റില്ലെന്ന് ഹൈദരാബാദ് ഹൈക്കോടതി. കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണു ഹൈക്കോടതിയുടെ പരാമര്‍ശം. ഗോവധവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും, വിശുദ്ധമായ ദേശീയ സ്വത്താണു പശുവെന്നും ഹൈക്കോടതി ജഡ്ജി ബി. ശിവശങ്കര്‍ റാവു നിരീക്ഷിച്ചു. പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നു കഴിഞ്ഞദിവസം രാജസ്ഥാൻ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

63 പശുക്കളെയും രണ്ടു കാളകളെയും കസ്റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ട് കന്നുകാലി വ്യാപാരി നൽകിയ ഹർജി ഹൈദരാബാദ് ഹൈക്കോടതി തള്ളി. ആരോഗ്യമുള്ള പശുക്കളെ ബക്രീദിനു കശാപ്പുചെയ്യുന്നത് മുസ്‍ലിം മതവിശ്വാസികളുടെ മൗലികാവകാശം അല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തെലങ്കാനയിലെയും ആന്ധ്രാ പ്രദേശിലെയും വെറ്ററിനറി ഡോക്ടർമാർ ആരോഗ്യമുള്ള പശുക്കൾക്ക്, പാൽ തരാൻ ശേഷിയില്ലാത്തവയെന്നു തെറ്റായി സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്. ഇങ്ങനെ പശുക്കളെ കശാപ്പുശാലയിലേക്കു തള്ളിവിടുന്നതു നിയമവിരുദ്ധമാണ്. ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്തു നിലവിലെ ഗോവധ നിരോധന നിയമം പരിഷ്കരിക്കണമെന്നും ജ‍ഡ്ജി ചൂണ്ടിക്കാട്ടി. പ്രായാധിക്യവും അവശതയുമുള്ള പശുക്കളെയാണു ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും കശാപ്പിന് അനുവദിക്കാറുള്ളത്.

വ്യാപാരി രാമാവത്ത് ഹനുമയുടെ 65 കന്നുകാലികളെയാണു കാഞ്ചനപ്പള്ളി ഗ്രാമത്തിൽനിന്നു കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. ഗ്രാമത്തിൽ മേയ്ക്കാനായി കൊണ്ടുവന്ന കന്നുകാലികളെ, ബക്രീദിനു കശാപ്പുനടത്താനാണെന്ന് ആരോപിച്ചാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്. നൽഗൊണ്ടയിലെ വിചാരണക്കോടതി ഹനുമയുടെ ഹർജി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹനുമ ഹൈക്കോടതിയെ സമീപിച്ചത്.

related stories