Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ മന്ത്രിസഭയുമായി തെരേസ മേ; അഞ്ചു പ്രധാന വകുപ്പുകളിൽ മാറ്റമില്ല

BRITAIN-ELECTION/ തെരേസ മേ (ചിത്രം കടപ്പാട്: റോയിട്ടേഴ്സ്)

ലണ്ടൻ∙ പൊതുതിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടി വകവയ്ക്കാതെ പുതിയ മന്ത്രിസഭാ രൂപീകരണവുമായി മുന്നോട്ടുപോകുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ, തന്റെ ദീർഘകാല സുഹൃത്തായ ഡാമിയൻ ഗ്രീനിനെ മന്ത്രിസഭയിലെ രണ്ടാമനായി നിയമിച്ചു. ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റിന് ഉപപ്രധാനമന്ത്രിക്കു തുല്യമായ പദവിയാണുള്ളത്. ധനമന്ത്രിയായ ഫിലിപ് ഹാമണ്ട് അടക്കം അഞ്ചു മുതിർന്ന ക്യാബിനറ്റ് മന്ത്രിമാർക്കു മാറ്റമില്ല. വിദേശ സെക്രട്ടറിയായി ബോറിസ് ജോൺസനും ഡേവിഡ് ഡേവിസ് ബ്രൈക്സിറ്റ് സെക്രട്ടറിയായും മൈക്കിൾ ഫാലൻ പ്രതിരോധ മന്ത്രിയായും തുടരും. മറ്റു മന്ത്രിപദവികളിൽ പുനഃസംഘടനയുണ്ടാകും.

മേയ്ക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നൽകാൻ വടക്കൻ അയർലൻഡിലെ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡിയുപി) തയാറായേക്കുമെന്നാണു സൂചന. അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ലേബർ പാർട്ടി നേതാവ് ജെർമി കോർബിൻ, മേ താമസിയാതെ രാജിവയ്ക്കേണ്ടി വരുമെന്നും ഭരണം ഏറ്റെടുക്കാൻ താൻ തയാറാണെന്നും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റിന്റെ കുറവുള്ള മേയുടെ കൺസർവേറ്റിവ് പാർട്ടിക്ക് ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്ന ഡിയുപിയുടെ പിന്തുണയോടുകൂടി മാത്രമേ ഭരണം നിലനിർത്താൻ കഴിയൂ.

ക്യാബിനറ്റിലെ അഞ്ചു മന്ത്രിമാർ തെരേസ മേ രാജിവയ്ക്കണമെന്നും വിദേശകാര്യ മന്ത്രി ബോറിസ് ജോൺസൺ അധികാരമേറ്റെടുക്കണമെന്നും ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ബോറിസ് ജോൺസണു വേണ്ടി പാർട്ടിയിലെ ഒരുവിഭാഗം നടത്തുന്ന നീക്കങ്ങളാണു മേയുടെ പുതിയ തലവേദന. കഴിഞ്ഞ വർഷം അധികാരമേറ്റപ്പോൾ മേ പുറത്താക്കിയ ധനമന്ത്രി ജോർജ് ഓസ്ബോണാണ് മേയ്ക്കു പിന്തുണ നൽകുന്നതു സംബന്ധിച്ചു പാർട്ടിയിൽ തന്നെ എതിർപ്പുണ്ടെന്ന സൂചന നൽകുന്നത്. എന്നാൽ, അത്തരമൊരു നീക്കമില്ലെന്നു ബോറിസ് ജോൺസൺ പ്രതികരിച്ചു.

related stories