Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസവോട്ടിനു കൈക്കൂലി: ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു

koovathoor-resort തമിഴ്നാട്ടില്‍ എഐഎഡിഎംകെ പ്രവർത്തകരെ പാർപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോർട്ടിനു മുന്നിലെ പൊലീസ് സന്നാഹം (ഫയൽ ചിത്രം).

ചെന്നൈ∙ തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആദായനികുതി വകുപ്പിന് നിർദേശം നൽകണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച പരിഗണിക്കും. 

വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ഡിഎംകെയുടെ തീരുമാനം. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ഡിഎംകെയുടെ ഉന്നതതല യോഗം അണ്ണാ അറിവാലയത്ത് ചേരും. ടി.ടി.വി ദിനകരനും ഒപ്പം നില്‍ക്കുന്ന 33 എംഎല്‍എമാരും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രണ്ടില ചിഹ്നത്തിന് കോഴ നല്‍കിയ കേസില്‍ കുടുങ്ങിയതിനു ശേഷം ആദ്യമായാണ് ദിനകരനും പളനിസാമിയും കൂടിക്കാഴ്ച നടത്തുന്നത്.

എടപ്പാടി പളനിസാമി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ അണ്ണാ ഡിഎംകെ (അമ്മ) ജനറൽ സെക്രട്ടറി ശശികലയും സംഘവും കോഴ നൽകിയെന്ന് എംഎൽഎമാർ സമ്മതിക്കുന്ന ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സൂളൂർ എംഎൽഎ ആർ.കനകരാജ്, മധുര സൗത്ത് എംഎൽഎ എസ്.എസ്.ശരവണൻ എന്നിവരാണു സർക്കാരിന്റെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാക്കുന്ന നിർണായക വെളിപ്പെടുത്തൽ നടത്തിയത്. 

Read more News about Sasikala

എടപ്പാടി സർക്കാരിനെ പിന്തുണയ്ക്കുന്നതിനു തനി അരസ്, കരുണാസ്, തമീമുൽ അൻസാരി എന്നീ എംഎൽഎമാർ 10 കോടി രൂപ വാങ്ങിയെന്നാണ് ശരവണൻ സമ്മതിക്കുന്നത്. എംഎൽഎമാരെ പാർപ്പിച്ചിരുന്ന കൂവത്തൂർ റിസോർട്ടിൽ നിന്നു സാഹസികമായി ചാടി രക്ഷപ്പെട്ടു പനീർസെൽവത്തോടൊപ്പം ചേർന്ന എംഎൽഎയാണു ശരവണൻ. കനകരാജ് എടപ്പാടി പക്ഷത്താണ്. ഒപ്പം ചേരാൻ പനീർസെൽവം എംഎൽഎമാർക്ക് ഒരു കോടി വാഗ്ദാനം ചെയ്തെന്നു ശരവണൻ പറയുന്നുണ്ട്.