Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് കമ്മിഷണറെ മാറ്റിയതു സിപിഎമ്മിനെ അനുസരിക്കാത്തതിനാൽ: സുരേന്ദ്രൻ

k-surendran

കോഴിക്കോട്∙ സിപിഎം നേതൃത്വം ആസൂത്രണം ചെയ്തു നടപ്പാക്കിയ ബോംബ് ആക്രമണം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്ക്കാൻ തയാറാവാത്തതിനാലാണു സിറ്റി പൊലീസ് കമ്മിഷണറെ സ്ഥലം മാറ്റിയതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി നഗരത്തിൽ കാലുകുത്തി മണിക്കൂറുകൾക്കകമാണു കമ്മിഷണറുടെ കസേര തെറിച്ചത്. സിപിഎം നിർേദശം അനുസരിച്ച് ആർഎസ്എസ്, ബിജെപി പ്രവർത്തകരെ കേസിൽ കുടുക്കാൻ കമ്മിഷണർ തയാറാവാത്തതാണ് അദ്ദേഹം ചെയ്ത കുറ്റമെന്നും സുരേന്ദ്രൻ ആരോപിച്ചു.

കോഴിക്കോട് കമ്മിഷണർ ജെ.ജയനാഥിനെ പൊലീസ് ആസ്ഥാനത്തേക്കു മാറ്റിയ സർക്കാർ, റെയിൽവേസ് എസ്പി എസ്.കാളിരാജ് മഹേഷ് കുമാറിനെ തൽസ്ഥാനത്തു നിയമിച്ചിരുന്നു. അടുത്തിടെ സിപിഎം കോഴിക്കോടു ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന ബോംബേറിൽ പൊലീസ് വീഴ്ച ഉണ്ടായെന്നു പാർടി നേതൃത്വം ആരോപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണു കമ്മിഷണർ സ്ഥാനത്തുനിന്നു ജയനാഥിനെ മാറ്റിയത്. 

പുതിയ കമ്മിഷണർ ചിലപ്പോൾ പിണറായി പറയുന്ന പേരുകാരെ അറസ്റ്റു ചെയ്യുമായിരിക്കും. വ്യാജ പ്രചരണത്തിന്റെ അടിസ്ഥാനത്തിൽ സംഘപരിവാർ പ്രവർത്തകരെ അറസ്റ്റു ചെയ്യാൻ ശ്രമിച്ചാൽ നടക്കാൻ പോകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ബോംബ് ആക്രമണത്തിനു പിന്നിൽ ആർഎസ്എസുകാരാണെന്നു മുഖ്യമന്ത്രി പറയുന്നതിന്റെ അടിസ്ഥാനമെന്താണ്. മുഖ്യമന്ത്രി പറഞ്ഞതു പ്രകാരമാണെങ്കിൽ ആർഎസ്എസിനെതിരെ കേസെടുക്കണം.

സിപിഎം ഓഫിസിന്റെ സമീപ കടകളിലെ നിരീക്ഷണ ക്യാമറകൾ മുഴുവൻ പരിശോധിച്ചിട്ടും പതിനായിരക്കണക്കിനു ഫോൺ വിളികൾ പരിശോധിച്ചിട്ടും പൊലീസിന് ഇനിയും തുമ്പു കിട്ടിയിട്ടില്ല. ബോംബ് ആക്രമണം നടന്ന് ആദ്യ മണിക്കൂറിലെ മൊഴിയല്ല രാവിലെ ജില്ലാസെക്രട്ടറി പറഞ്ഞതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസം നടന്ന പൊതു സമ്മേളനത്തിൽ ഇ.പി. ജയരാജൻ പറഞ്ഞതു പി.മോഹനനെ കൊല്ലാൻ വേണ്ടി മൂന്നുപേർ കാത്തുനിന്നു എന്നാണ്. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതു ജില്ലാ സെക്രട്ടറിയെ കൊല്ലാൻ നാലുപേർ കാത്തുനിന്നു എന്നാണ്. മോഹനനു രക്തസാക്ഷി പരിവേഷം നൽകി ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകക്കറ മായ്ക്കാനുള്ള ശ്രമമാണോ ഇതെന്നു സംശയമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

related stories