Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം കരാർ: രാഷ്ട്രീയകാര്യ സമിതിയിൽ സുധീരൻ– മുരളീധരൻ തർക്കം

sudheeran-murali

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ കരാർ സംബന്ധിച്ച് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിൽ നടന്ന ചർച്ചയ്ക്കിടെ കെ. മുരളീധരൻ എംഎൽഎയും വി.എം. സുധീരനും തമ്മിൽ രൂക്ഷമായ തർക്കം. പദ്ധതിയെക്കുറിച്ച് പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്ന് വി.എം. സുധീരൻ ആരോപിച്ചു. എന്നാൽ, പാർട്ടി ചർച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തുവെന്ന് കെ. മുരളീധരൻ തിരിച്ചടിച്ചു. വിഴിഞ്ഞത്തിന്റെ പേരിൽ തന്നെയാണ് തിരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചത്. അതിന്റെ ഫലം തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പിനുണ്ടായെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം, വിഴിഞ്ഞം തുറമുഖ കരാറിൽ അഴിമതിയുണ്ടെങ്കിൽ കരാർ റദ്ദ് ചെയ്യണമെന്ന് യോഗത്തിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. കരാറിൽ ക്രമക്കേട് ഉണ്ടെന്നു പറയുന്ന എൽഡിഎഫ് സർക്കാർ തന്നെ പദ്ധതി നടപ്പാക്കുന്നത് ഇരട്ടത്താപ്പാണ്. ക്രമക്കേണ്ട് ഉണ്ടെങ്കിൽ പദ്ധതി റദ്ദാക്കാൻ കരാറിൽ തന്നെ വ്യവസ്ഥയുണ്ട്. ജുഡീഷ്യൽ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സൻ പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയ സമിതിയോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ടെൻഡർ മാത്രം വന്നതിൽ സംശയമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.സി. ചാക്കോ അഭിപ്രായപ്പെട്ടു. ഒറ്റ ടെൻഡർ മാത്രം വന്നതാണ് സംശയത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുണ്ടെങ്കിൽ വിഴിഞ്ഞം കരാർ റദ്ദാക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിലപാടെടുത്തു. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ അനുമതി വാങ്ങിയിരുന്നുവെന്നും ഉമ്മൻ ചാണ്ടി യോഗത്തിൽ പറഞ്ഞു.

പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമം നടക്കുകയാണ്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നും ഹസ്സൻ പറഞ്ഞു.