Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസവോട്ടിന് പണം: തമിഴ്നാട് നിയമസഭയിൽ ബഹളം, സ്റ്റാലിൻ അറസ്റ്റിൽ

mk stalin

ചെന്നൈ∙ വിശ്വാസവോട്ട് അനുകൂലമാക്കാൻ എംഎൽഎമാർക്ക് പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ഇതേത്തുടർന്ന് പ്രതിപക്ഷ കക്ഷിയായ ഡിഎംകെയുടെ എംഎൽഎമാരെ സഭയിൽനിന്ന് ബലംപ്രയോഗിച്ച് പുറത്താക്കി. തുടർന്ന് പ്രതിപക്ഷനേതാവ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ എംഎൽഎമാർ നിയമസഭയ്ക്കു മുന്നിൽ ധർണ നടത്തി. ഗതാഗതം സ്തംഭിപ്പിച്ചതിനെ തുടർന്ന് സ്റ്റാലിനെ പൊലീസ് അറസ്റ്റു ചെയ്തു. സ്റ്റാലിനൊപ്പം ധർണയിൽ പങ്കെടുത്ത എംഎൽഎമാരും അറസ്റ്റിലായിട്ടുണ്ട്.

വിശ്വാസവോട്ടെടുപ്പിൽ എഐഎഡികെയ്ക്ക് വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാർക്ക് ശശികല നൽകിയ പണം എത്രയെന്ന് വെളിപ്പെടുത്തുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ ഒരു പ്രാദേശികമാധ്യമം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ച നടത്തണമെന്നായിരുന്നു സഭയിൽ പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ വിഷയം മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുളളത് ആയതിനാൽ ചർച്ച അനുവദിക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ഇതേത്തുടർന്നാണ് പ്രതിപക്ഷം ബഹളമുണ്ടാകുന്നതും അവരെ ബലം പ്രയോഗിച്ച് പുറത്താക്കിയതും. 234 അംഗ നിയമസഭയിൽ 88 അംഗങ്ങളാണ് ഡിഎംകെയ്ക്കുള്ളത്.