Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രത്തെ പുകഴ്ത്തി മുഖ്യമന്ത്രി; വികസനകാര്യത്തിൽ പോസിറ്റീവ് സമീപനം

Pinarayi Vijayan കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി∙ മെട്രോ ഉദ്ഘാടനവേദിയിൽ കേന്ദ്രസർക്കാരിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിനുള്ളത് പോസിറ്റീവ് സമീപനമാണ്. കേരളത്തിന്റെ വരും വികസനങ്ങൾക്കും കേന്ദ്രത്തിന്റെ സഹായം വേണം. വികസനമെന്ന കേന്ദ്ര മുദ്രാവാക്യം ഏറ്റെടുക്കുന്നു. മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കണമെന്നത് സർക്കാർ നിലപാടായിരുന്നു. മെട്രോയിൽ വിവാദം ഉയർത്താൻ ശ്രമിച്ചവർക്ക് നിരാശയുണ്ടായിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Narendra Modi - Kochi Metro നരേന്ദ്ര മോദിക്ക് പിണറായി വിജയൻ ഉപഹാരം സമർപ്പിക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ഇ.ശ്രീധരന്റെ അനിതരസാധാരണമായ നേതൃപാടവമാണ് മെട്രോ വേഗത്തിൽ യാഥാർഥ്യമാക്കുന്നതിന് ഇടയാക്കിടയത്. കേരളത്തിന് വികസനകാര്യങ്ങളിൽ ഒരുപാട് മുന്നേറാനുണ്ട്. വികസനം എന്നതിലാണ് ശ്രദ്ധിക്കുന്നതെന്ന വെങ്കയ്യ നായിഡുവിന്റെ പ്രഖ്യാപനം ഏറ്റെടുക്കുന്നു. കേരളത്തിന്റെ ഏതു വികസനപ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുമെന്ന സന്ദേശമാണ് കൊച്ചി മെട്രോയിലൂടെ സംരംഭകർക്ക് നൽകുന്നത്.

വികസനപ്രവർത്തനങ്ങൾക്കായി ചിലർക്ക് പ്രയാസങ്ങൾ നേരിടേണ്ടിവരും. അവരെ കൈവിടുന്ന നിലപാടല്ല സർക്കാരിന്റേത്. അവർക്കർഹമായ പുനരധിവാസ പദ്ധതികൾ നടപ്പിലാക്കും. വികസനപ്രവർത്തനങ്ങളിൽ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. അത്തരമൊരു കാര്യം വരുമ്പോൾ എതിർക്കാൻ തയാറായാൽ അത് അംഗീകരിക്കാൻ കഴിയില്ല. വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും. വിമർശനങ്ങളും നിർദേശങ്ങളും സർക്കാർ സ്വീകരിക്കും. എന്നാൽ വിമർശനങ്ങൾക്കു വേണ്ടി വിമർശിക്കുന്നതിലൂടെ സർക്കാരിനെ പിന്തിരിപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Narendra Modi - Kochi Metro പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നർമസംഭാഷണത്തിൽ. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി മെട്രോ പൂർത്തീകരിക്കാൻ രാജ്യത്തിന്റെ ആകെ സംഭാവനയോടു കൂടിയാണ്. പ്രകൃതിക്ക് കോട്ടമുണ്ടാകാതെ നോക്കേണ്ടതുകൊണ്ടാണ് ആറന്മുള വിമാനത്താവളത്തിനെ എതിർത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

related stories