Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവികുളം സബ് കലക്ടർ നോട്ടിസ് നൽകിയ ഭൂമി ഒഴിപ്പിക്കരുത്: മുഖ്യമന്ത്രിയുടെ ഓഫീസ്

Sreeram Venkitaraman

തിരുവനന്തപുരം ∙ ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഒഴിപ്പിക്കൽ നോട്ടിസ് നൽകിയ മൂന്നാറിലെ 22 സെന്റ് ഭൂമി  ജൂലൈ ഒന്നുവരെ ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസിന്റെ നിർദ്ദേശം. ഈ നിർദ്ദേശത്തിനെതിരെ കടുത്ത അതൃപ്തിയാണ് റവന്യൂ വകുപ്പിനുള്ളത്. അതേസമയം, മൂന്നാര്‍ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജൂലൈ ഒന്നാം തീയതി യോഗം വിളിക്കാൻ മുഖ്യമന്ത്രി റവന്യൂ മന്ത്രിയോട് ആവശ്യപ്പെട്ടു.

മൂന്നാർ പോലീസ് സ്റ്റേഷനു സമീപമുള്ള 22 സെന്‍റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ നോട്ടീസിൽ ഒരു തുടർനടപടിയും ജൂലൈ ഒന്നുവരെ കൈക്കൊള്ളരുതെന്നാണ് മുഖ്യമന്ത്രിയുടെ ഒാഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാർ വില്ലേജ് ഓഫിസ് തുടങ്ങാൻ ഈ സ്ഥലം ഏറ്റെടുക്കാൻ സബ് കളക്ടർ നൽകിയ ഉത്തരവ് നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ട് മന്ത്രി എം.എം.മണിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേ തുടർന്നാണ് സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയ ഭൂമി ഒഴിപ്പിക്കൽ തൽക്കാലം നിർത്തിവയ്ക്കാൻ മുഖ്യമന്ത്രിയുടെ ഒാഫീസ് ആവശ്യപ്പെട്ടത്. 

ഇതിനെതിരെ കടുത്ത അതൃപ്തിയാണ് റവന്യൂ വകുപ്പിനുള്ളത്. നിയമപ്രകാരം ഒഴിപ്പിക്കൽ നോട്ടിസ് നൽകിയതാണ്, അതു പാതിവഴിക്ക് നിർത്തിവയ്ക്കാനാവില്ലെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്. മാത്രമല്ല മൂന്നാർ സംബന്ധിച്ച എല്ലാ നടപടികളിലും പ്രദേശിക സിപിഎം നേതൃത്വത്തിന്റെ ഇടപെടലിലും സിപിഐക്ക് നീരസമുണ്ട്. ഇങ്ങനെപോയാൽ മൂന്നാറിൽ ഒന്നും ചെയ്യനാവാത്ത സ്ഥിവരുമെന്നും കൈയ്യേറ്റങ്ങൾ തുരുമെന്നുമാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. 

ജൂലൈ ഒന്നാം തീയതി ചേരുന്ന യോഗത്തിൽ കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടികളിൽ വീണ്ടും നിയന്ത്രണങ്ങൾ വരുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.