Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈന്യം വധിച്ച ലഷ്കർ കമാൻഡറുടെ മൃതദേഹം കണ്ടെത്തി

Protesters throwing stones കുൽഗാമിലെ അർവാനി ഗ്രാമത്തിൽ പ്രദേശവാസികൾ സുരക്ഷാസേനയ്ക്ക് നേരെ കല്ലേറ് നടത്തുന്നു.

ശ്രീനഗർ ∙ ദക്ഷിണ കശ്മീരിൽ കുൽഗാമിലെ അർവാനി ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ലഷ്കർ കമാൻഡർ ജുനൈദ് മട്ടൂവിന്റെയും മറ്റു രണ്ടു ഭീകരരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മാട്ടുവിനെ കൂടാതെ ഷോപ്പിയാനിൽ നിന്നുള്ള നാസർ വാനി, പാംപോറിൽ നിന്നുള്ള ആദിൽ മുഷ്താഖ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു ഭീകരരെന്ന് തിരിച്ചറിഞ്ഞു. ഇവരുടെ കയ്യിൽ നിന്നും എകെ 47 തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. 

2016 ജൂണിൽ ആനന്ദ്നാഗ് ബസ് സ്റ്റാൻഡിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നതു മട്ടൂവാണെന്നു സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. കശ്മീരിലെ ഖുദ്‌വാമിയിൽ നിന്നുള്ള ജുനൈദ് മട്ടൂ കൂട്ടാളികളായ രണ്ടുപേർക്കൊപ്പം ഒളിത്താവളത്തിലിരിക്കെയാണു സൈന്യം വളഞ്ഞത്. 

Read more: കശ്മീർ ഭീകരാക്രമണം: ആറു പൊലീസുകാർക്ക് വീരമൃത്യു, മൃതദേഹങ്ങൾ വികൃതമാക്കി

കൃത്യമായ വിവരത്തെ തുടർന്ന് പൊലീസ്, സൈന്യത്തിലെ ആർആർ1 വിഭാഗം, സിആർപിഎഫ് 90 ബറ്റാലിയൻ എന്നിവർ സംയുക്തമായാണ് ഒാപ്പറേഷന് നേതൃത്വം നൽകിയത്. സൈന്യത്തിനുനേരെ ഭീകരർ വെടിയുതിർത്തതോടെ പരസ്പരം ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരരെ തിര‍ഞ്ഞാണു സേനയെത്തിയത്. സൈന്യം ഗ്രാമം വളഞ്ഞതോടെ പ്രക്ഷോഭകർ തെരുവിലിറങ്ങി കല്ലേറു തുടങ്ങി. അക്രമാസക്തരായ പ്രക്ഷോഭകർക്കു നേരെ സൈന്യം നടത്തിയ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ, ലഷ്കർ കമാൻഡറെ വധിച്ചതിന് പ്രതികാരമായി വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച പൊലീസുകാർക്ക് അന്തിമോപചാരം അർപ്പിച്ചു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ദക്ഷിണ കശ്മീരിലെ കുൽഗാം, അനന്ത്നാഗ് തുടങ്ങിയ സ്ഥലങ്ങളിൽ 144 (സിആർപിസി) പ്രഖ്യാപിച്ചു. ഈ മേഖലകളിൽ നാലിൽ കൂടുതൽ ആളുകൾ കൂടി നിൽക്കാൻ പാടില്ല. വലിയ തോതിലുള്ള സുരക്ഷാസേനയെ മേഖലയിൽ എത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സുരക്ഷാസേന നടത്തിയ വെടിവയ്പ്പിൽ രണ്ടു പ്രദേശവാസികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് താഴ്‍വരയിൽ വിഘടനവാദികൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.