Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെട്രോ സർവീസ് ആരംഭിച്ചു; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

kochi-metro-train കൊച്ചി മെട്രോ. ചിത്രം: കെഎംആർഎൽ, ഫെയ്സ്ബുക്

കൊച്ചി∙ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പൊതുഗതാഗത സംവിധാനമായി മാറുകയാണ് കൊച്ചിയിലെ മെട്രോ റെയിൽ. യാത്രക്കാർ പാലിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ നിരവധിയാണ്. മെട്രോ ഗുഡ്സ് വണ്ടിയായി ഉപയോഗിക്കാമെന്നാരും കരുതേണ്ട. ബാക്ക്പാക്കുകാരെയാണു മെട്രോ യാത്രയ്ക്കു പരമാവധി ഉദ്ദേശിക്കുന്നത്. ലഘുയാത്രയ്ക്കു വേണ്ട ബാഗ്, അത്രമാത്രം. മെട്രോയിൽ കയറ്റാവുന്ന ബാഗിന്റെ വലുപ്പം നിശ്ചയിച്ചിട്ടുണ്ട്. 60 – 45– 25 സെന്റിമീറ്ററാണു ബാഗിന്റെ അളവ്. അതിലും വലുപ്പമുള്ള ബാഗുമായി വന്നാൽ മെട്രോ യാത്ര മുടങ്ങും. വലുപ്പം കൂടിയ ബാഗ് മെട്രോ സ്റ്റേഷനിലെ സ്കാനറിലൂടെ കടന്നുപോകില്ല. മെട്രോയിൽ ഭക്ഷണപാനീയനങ്ങൾ അനുവദനീയമല്ല. എന്നാൽ മെട്രോ സ്റ്റേഷനിൽ ഇതു രണ്ടും ലഭിക്കും. അവിടെ വച്ചു കഴിക്കാം, ട്രെയിനിൽ വേണ്ട. യാത്രയ്ക്കൊപ്പം ഇതു രണ്ടും ബാഗിൽ കൊണ്ടുപോകാം. എന്നാൽ മദ്യം വാങ്ങി ബാഗിലിട്ടു കൊണ്ടുപോകാൻ അനുവാദമില്ല.

കെഎംആർഎല്ലിന്റെ നിർദേശങ്ങൾ

എല്ലാം ചിലർ കാണുന്നുണ്ട്

ട്രെയിനിലും സ്‌റ്റേഷനുകളിലും ഓരോ മുക്കിലും മൂലയിലും സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ ക്യാമറകൾ യാത്രക്കാരുടെ ഓരോ ചലനവും ഒപ്പിയെടുക്കുന്നുണ്ട്. ആലുവയ്ക്കടുത്തു മുട്ടത്തുള്ള ഓപ്പറേഷൻസ് കൺട്രോൾ സെന്ററിലിരുന്നാൽ ഓരോ സ്‌റ്റേഷനിലും ട്രെയിനുകൾക്കുള്ളിലും എന്തു നടക്കുന്നുവെന്നു കാണാനും നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ നടപടിയെടുക്കാനും സാധിക്കും. മെട്രോയ്ക്കുള്ളിൽ പ്രവേശിക്കുന്നതിനു മുൻപു വിമാനത്താവള മാതൃകയിൽ ബാഗേജ് പരിശോധിക്കും. അപകടകരമായ വസ്തുക്കൾ എന്തെങ്കിലും കണ്ടെത്തിയാൽ നാലു വർഷം വരെ തടവു ലഭിക്കാം. 5,000 രൂപ വരെയാണു പിഴ. ട്രെയിനിൽ കൊണ്ടുപോകുന്ന എന്തെങ്കിലും സാധനം മുഖേന ട്രെയിനിനു കേടുപാടുണ്ടാവുകയോ യാത്രക്കാർക്ക് അപകടമുണ്ടാവുകയോ ചെയ്താൽ നഷ്ടപരിഹാരം പൂർണമായും ഉത്തരവാദിയായ യാത്രക്കാരനിൽ നിന്നു തന്നെ ഈടാക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള സംവിധാനങ്ങൾ ദുരുപയോഗം ചെയ്താലും ശിക്ഷ കിട്ടും. 1,000 രൂപ പിഴയും ഒരു വർഷം തടവും.

മദ്യം വിഷമമാവും, പുകവലി ഹാനികരം

മദ്യപിച്ചു യാത്ര ചെയ്താൽ പണിയാകുമെന്നുറപ്പ്. മെട്രോയിൽ പ്രവേശിക്കുന്നതിനു മുൻപുള്ള സുരക്ഷാ പരിശോധനയിൽ ഇക്കാര്യവും നിരീക്ഷിക്കും. മദ്യക്കുപ്പി ബാഗിൽ വച്ചു യാത്ര ചെയ്യാനും കഴിയില്ല. മദ്യവുമായോ മദ്യപിച്ചോ യാത്ര ചെയ്യുന്നതായി കണ്ടെത്തിയാൽ കുറഞ്ഞത് 500 രൂപ പിഴയൊടുക്കേണ്ടി വരും. പുകവലിയും നിരോധിച്ചിട്ടുണ്ട്. സ്‌റ്റേഷനുള്ളിൽ പുകവലിക്കുന്നതായി കണ്ടെത്തിയാലും നടപടിയുണ്ടാകും.

'കലാവിരുത്' വേണ്ട

ട്രെയിനിലും ബസിലുമൊക്കെ കുത്തിവരച്ചു കലാവിരുതു പ്രകടിപ്പിക്കുന്ന ഞരമ്പു രോഗികൾ മെട്രോയിൽ അതാവർത്തിച്ചാൽ ആറുമാസം ജയിലിൽ കിടക്കാം. ആയിരം രൂപ പിഴയുമടയ്‌ക്കേണ്ടി വരും. മറ്റു യാത്രക്കാരോടു വഴക്കുണ്ടാക്കിയാലും തല്ലു കൂടിയാലുമൊക്കെ കർശന നടപടിയുണ്ടാകും. ചീത്തവിളിയുൾപ്പെടെ മോശം ഭാഷയിലെ സംസാരത്തിനും 500 രൂപ പിഴ ലഭിക്കും. യാത്ര പൂർത്തിയാക്കാൻ കഴിയുകയുമില്ല. സാധാരണ ട്രെയിനിലെ പോലെ ഉച്ചത്തിൽ പാട്ടു പാടാനും സ്വന്തം മൊബൈലിൽ നിന്ന് എല്ലാ യാത്രക്കാരെയും സൗജന്യമായി പാട്ടുകേൾപ്പിക്കാനുമൊക്കെ ആഗ്രഹിക്കുന്നവർ മെട്രോയിൽ കയറണമെന്നില്ല. ഇയർ ഫോൺ ഉപയോഗിച്ചു പാട്ടു കേൾക്കുന്നതിനു നിരോധനമില്ല.

തടയാനാവില്ല, മെട്രോയെ

എന്തു പ്രതിഷേധത്തിന്റെ ഭാഗമായിട്ടായാലും മെട്രോ തടയാൻ ശ്രമിച്ചാൽ 5,000 രൂപ പിഴയും നാലു വർഷം തടവുമാണു ശിക്ഷ. സ്‌റ്റേഷൻ, മെട്രോയുടെ തൂണുകൾ, കോച്ച് എന്നിവയിൽ പോസ്റ്ററോ ബാനറോ പതിച്ചാലും 500 രൂപ പിഴയും ആറുമാസം തടവുമുണ്ട്. ട്രെയിനിലോ പാളത്തിലോ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചാലും ഇതേ ശിക്ഷ തന്നെ. ട്രെയിനിലും സ്റ്റേഷനിലും അനധികൃത വിൽപനയും നിരോധിച്ചിട്ടുണ്ട്.

ഭക്ഷണം പുറത്തു മതി

ട്രെയിനിലിരുന്നു ഭക്ഷണം കഴിക്കുന്നതിനു വിലക്കുണ്ട്. ച്യൂയിങ് ഗം, മുറുക്കാൻ തുടങ്ങിയവ ഉപയോഗിച്ചു കൊണ്ടു ട്രെയിനിൽ കടക്കാൻ അനുവദിക്കില്ല.

ആകാശപാളത്തിൽ കൊച്ചി: കൊച്ചി മെട്രോ സമഗ്ര കവറേജ്

മദ്യം മാത്രമല്ല, ഗ്യാസ് ലൈറ്റർ, തീപ്പെട്ടി, മണ്ണെണ്ണ, പെട്രോൾ, ഡീസൽ തുടങ്ങി തീപിടിക്കുകയോ പിടിപ്പിക്കുകയോ ചെയ്യുന്ന വസ്തുക്കൾക്കും വിലക്കുണ്ട്. ഡൽഹി മെട്രോയിൽ പച്ചക്കറികൾ കൊണ്ടുപോകുന്നവരുണ്ട്. ഇവിടെയും അതൊക്കെ ആവാം. ചെടി നടാൻ കുറച്ചു മണ്ണു കൊണ്ടുപോകാമെന്നു വച്ചാൽ അതു നടപ്പില്ല. എന്നാൽ മെട്രോ ഒരുകാലത്ത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു നീട്ടുമ്പോൾ ബാഗിന്റെ കാര്യത്തിലെ നിയന്ത്രണം മാറും. അപ്പോൾ സ്റ്റേഷനുകളിലെ സ്കാനറുകൾ വലുതാക്കും, വലിയ ബാഗുകൾ അനുവദിക്കും.

മെട്രോയുടെ തുടക്കകാലത്തെ ആൾത്തിരക്കു മുതലെടുത്തു ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റാൽ പൊലീസിന്റെ പിടിവീഴും. 500 രൂപ പിഴയും ആറു മാസം തടവുമാണു ശിക്ഷ. മെട്രോ യാത്രക്കാർ മാന്യമായി പെരുമാറണമെന്നാണു വ്യവസ്ഥ. മറ്റുള്ളവർക്കു ശല്യമാകുന്ന രീതിയിൽ പെരുമാറിയാലും പിഴയും ശിക്ഷയുമുണ്ടാവും. ആളു കൂടുന്നിടത്ത് ഒരു ചുവരുകണ്ടാൽ അവിടെ എന്തെങ്കിലും ഒട്ടിക്കാമെന്നതു കേരളത്തിലെ പൊതു സ്വഭാവമാണല്ലോ? അത് മെട്രോയിൽ നടപ്പില്ല. ആരെങ്കിലും അതിനു തുനിഞ്ഞാൽ പിഴയും ശിക്ഷയും ഉറപ്പ്.

നിയന്ത്രണങ്ങളുമായി പൊലീസ്

തിങ്കളാഴ്ച മുതൽ കൊച്ചി മെട്രോ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിനാൽ മെട്രോ സ്റ്റേഷനുകളിൽ റോഡ് സൈഡിലേക്ക് വ്യാപിക്കുന്ന ക്യൂ നിയന്ത്രിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും പ്രത്യേകം പൊലീസിനെ നിയോഗിക്കും. യാതൊരു കാരണവശാലും മെട്രോയിൽ യാത്ര ചെയ്യാൻ വരുന്നവരുടെ വാഹനങ്ങൾക്കു റോഡ് സൈഡിൽ പാർക്കിങ് അനുവദിക്കുന്നതല്ല. മെട്രോയുടെ നേതൃത്വത്തിലുള്ള പാർക്കിങ് സംവിധാനം ശരിയാകുന്നതുവരെ മെട്രോയ്ക്ക് സമീപവും പാർക്കിങ് അനുവദനീയമല്ല. ആലുവ മെട്രോ സ്റ്റേഷൻ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന, വാഹനത്തിൽ വരുന്ന യാത്രക്കാർക്ക് സെമിനാരിപ്പടി–മണപ്പുറം റോഡരികിലും പറവൂർ കവല–മണപ്പുറം റോഡരികിലുമുള്ള പാർക്കിങ് ഏരിയകളിൽ വാഹനം പാർക്ക് ചെയ്യാം.

പാലാരിവട്ടം, എടപ്പള്ളി മെട്രോ സ്റ്റേഷനുകളിൽ വരുന്നവർക്കു കലൂർ സ്റ്റേഡിയത്തിനു സമീപമുള്ള പാർക്കിങ് ഏരിയകൾ ഉപയോഗിക്കാം. മെട്രോയിൽ കയറാൻ വരുന്നവർ പരമാവധി കെഎസ്ആർടിസിയും മറ്റു പൊതുയാത്രാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തേണ്ടതാണ്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനു മുട്ടം മുതൽ പാലാരിവട്ടം വരെ പിങ്ക് പെട്രോൾ സംവിധാനവും പൊലീസ് കൺട്രോൾ റൂം വാഹനങ്ങളുടെ പട്രോളിങ്ങും ഉറപ്പുവരുത്തുന്നതാണ്.