Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രക്കാരെ വരവേൽക്കാനൊരുങ്ങി മെട്രോ; ദീപാലങ്കാരപ്രഭയിൽ സ്റ്റേഷനുകൾ

kochi-metro-1 കൊച്ചി മെട്രോ സ്റ്റേഷൻ. ചിത്രം: കെഎംആർഎൽ, ഫെയ്സ്ബുക്

കൊച്ചി∙ യാത്രക്കാരെ വരവേൽക്കാൻ ദീപാലങ്കാരപ്രഭയിൽ കൊച്ചി മെട്രോ. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളെയും വൈദ്യുതി ദീപങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ് കൊച്ചി മെട്രോ അധികൃതർ. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്നും ഇതര ജില്ലകളിൽനിന്നും നിരവധിപേരാണ് മെട്രോ കാണാൻ കൊച്ചിയിലേക്കെത്തുന്നത്. ഉദ്ഘാടനം കഴിഞ്ഞതോടെ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനയാണ്.

ആകാശപാളത്തിൽ കൊച്ചി: കൊച്ചി മെട്രോ സമഗ്ര കവറേജ്

മെട്രോയിൽ കയറാനായി കുടുംബസമേതമെത്തുന്നവരോടു തിങ്കളാഴ്ചവരെ കാത്തിരിക്കാൻ അഭ്യർഥിച്ചു മടക്കി അയയ്ക്കുകയാണു മെട്രോ അധികൃതർ. മെട്രോയിൽ കയറാനായി ചിലർ കൊച്ചിയിൽ തന്നെ തങ്ങുമ്പോൾ മെട്രോ സ്റ്റേഷനു മുന്നിൽനിന്നു സെൽഫിയെടുത്ത് ആശ്വാസം കണ്ടെത്തുകയാണു മറ്റു ചിലർ. മെട്രോ സ്റ്റേഷനുകളിലെ തീം ആകർഷണീയമാണെന്നു കൊച്ചി സ്വദേശിയായ ഷൈജൻ പറയുന്നു. ‘ദുബായ് മെട്രോ അടക്കമുള്ള സ്റ്റേഷനുകളിൽനിന്നും വ്യത്യസ്തമായി തോന്നിയതു സ്റ്റേഷനുകളിലെ തീമാണ്. വളരെ രസകരമാണ് ഓരോ സ്റ്റേഷനും. സൗകര്യങ്ങൾ മികച്ചതാണ്. യാത്ര ചെയ്യാനായി കാത്തിരിക്കുന്നു’-ഷൈജൻ പറയുന്നു. കൊച്ചി മെട്രോ വരുന്നതോടെ നഗരം ലോകനിലവാരത്തിലേക്ക് ഉയരുമെന്നും ഞങ്ങളുടെ നഗരത്തിലും ഇത്തരമൊരു സംവിധാനം വരണമെന്ന് ആഗ്രഹമുണ്ടെന്നും മെട്രോ കാണാൻ പാലക്കാടുനിന്നെത്തിയ ശരവണൻ പറയുന്നു.

kochi-metro-2 കൊച്ചി മെട്രോ സ്റ്റേഷൻ. ചിത്രം: കെഎംആർഎൽ, ഫെയ്സ്ബുക്

വൈകുന്നേരമാകുന്നതോടെ പാലാരിവട്ടം സ്റ്റേഷനിൽ സന്ദർശകരുടെ തിരക്കേറും. എംജി റോഡുവഴി പോകുന്നവർ സെൽഫിയെടുക്കാൻ വാഹനമൊതുക്കുന്നതോടെ സ്റ്റേഷനു മുന്നിൽ വാഹനങ്ങളുടെ വലിയ നിരയാണു രൂപപ്പ‌െടുന്നത്.

kochi-metro-3 കൊച്ചി മെട്രോ സ്റ്റേഷൻ. ചിത്രം: കെഎംആർഎൽ, ഫെയ്സ്ബുക്

കൊച്ചി നഗരത്തിലെ പഴയകാല ഗതാഗത സംവിധാനത്തെക്കുറിച്ചും മെട്രോയെക്കുറിച്ചും സുഹൃത്തുക്കളുമായി ഓർമകൾ പങ്കുവയ്ക്കുകയാണു കൊച്ചിൻ ഷിപ്പ്‌യാർഡിലെ ഉദ്യോഗസ്ഥനായ കെ.എ. ജോസഫ്. തമ്മനം സ്വദേശിയായ ജോസഫ് മെട്രോ കാണാൻ സുഹൃത്തുക്കൾക്കൊപ്പമാണ് എത്തിയത്. ‘മുൻപ് ഐലൻഡിൽനിന്നാണു ട്രെയിൻ പുറപ്പെട്ടിരുന്നത്. അവിടെനിന്നു രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കു കൂട്ടുകാരുമായി സഞ്ചരിച്ചിട്ടുണ്ട്. അന്നൊക്കെ വെള്ളവും വെളിച്ചവുമില്ലാത്ത കംപാർട്ട്മെന്റുകളും തടി കൊണ്ടുള്ള ഇരിപ്പിടങ്ങളുമായിരുന്നു. കേരളത്തിലെ ട്രെയിനുകളിൽ മാത്രമേ ഈ പ്രശ്നം ഉണ്ടായിരുന്നുള്ളൂ. വടക്കേ ഇന്ത്യയിലൊക്കെ മികച്ച സൗകര്യങ്ങളുള്ള ട്രെയിനുകളായിരുന്നു. ഇപ്പോഴും അവസ്ഥ മാറിയിട്ടില്ല. മെട്രോ വരുന്നതോ‌ടെ പുതിയ യാത്രാ സംസ്കാരത്തിനു തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് - കെ.എ. ജോസഫ് പറയുന്നു.

kochi-metro-4 കൊച്ചി മെട്രോ സ്റ്റേഷൻ. ചിത്രം: കെഎംആർഎൽ, ഫെയ്സ്ബുക്

നാളെ മുതൽ പൊതു ജനങ്ങൾക്ക് കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. ആലുവയിൽനിന്നും പാലാരിവട്ടത്തുനിന്നും ആറു മ‌ണിക്ക് സർവീസ് ആരംഭിക്കും. രാത്രി പത്തുമണിവരെ സർവീസ് ഉണ്ടാകും.