Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവൈപ്പിലേത് നരനായാട്ട്; എൽഡിഎഫിനെ അപകീർത്തിപ്പെടുത്താൻ ശ്രമം: കാനം

kanam-rajendran2

കണ്ണൂർ∙ പുതുവൈപ്പിലെ പൊലീസ് നടപടി നരനായാട്ടാണെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിനെ അപകീർത്തിപ്പെടുത്താനും പ്രതിച്ഛായ തകർക്കാനുമുള്ള ശ്രമമാണു നടക്കുന്നത്. അറസ്റ്റിലായവരെല്ലാം അന്നാട്ടുകാരാണ്. പൊലീസ് നടപടിയെ ന്യായീകരിക്കാൻ തീവ്രവാദം ആരോപിക്കുകയാണ്. യുഎപിഎ ചുമത്താനുള്ള ശ്രമത്തിന്റെ മുന്നോടിയായിരിക്കാം ഈ തീവ്രവാദ ആരോപണമെന്നും കാനം പറഞ്ഞു. 

ഗൗരവത്തോടെ ചർച്ചയ്ക്കു വിളിച്ചാൽ സമരസമിതിക്കാർ പങ്കെടുക്കും. പൊലീസ് നടപടികളുടെ പേരുദോഷം സർക്കാരിനാണ്. സ്ത്രീകളെയും കുട്ടികളെയും വലിച്ചിഴച്ചതെന്തിനാണ്? പുതുവൈപ്പിലെ സാധാരണക്കാരായ ജനങ്ങൾ ചെറുത്തു നിൽപു തുടങ്ങിയിട്ടു നാളേറെയായി. ജനസാന്ദ്രതയുള്ള സ്ഥലത്താണ് എൽപിജി ടെർമിനൽ വരുന്നത്. കട്ടിലിനു കീഴിൽ ബോംബ് വച്ചിട്ട് ആരെങ്കിലും അവിടെ കിടക്കുമോയെന്നും കാനം ചോദിച്ചു. 

സമരം ചെയ്യുന്നവരെല്ലാം വികസന വിരുദ്ധരാണെന്നു പറയാനാകില്ല. ജനങ്ങൾക്കുപകരിക്കുന്ന വികസനമാണു വേണ്ടത്. പ്രശ്നം പൊലീസിനെ ഉപയോഗിച്ചു പരിഹരിക്കാൻ തീരുമാനിക്കുന്നതു ശരിയല്ല. ആരെയെങ്കിലും തല്ലിച്ചതയ്ക്കുന്നത് എൽഡിഎഫിന്റെ നിലപാടല്ല. പൊലീസിന്റേതു ക്രൂരമായ നടപടിയാണ്. ഐഒസി പ്രവർത്തിപ്പിക്കാനാണു കോടതി ഉത്തരവ്. അതിനു മറൈൻ ഡ്രൈവിൽ ലാത്തിച്ചാർജ് നടത്തുന്നതെന്തിനാണ്? ഓടിപ്പോകുന്നവരുടെ പിറകെ പോയി തല്ലുന്നതെന്തിനാണെന്നും കാനം ചോദിക്കുന്നു.