Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരേസ മേയ്ക്കെതിരേ പടയൊരുക്കം, സ്ഥാനമൊഴിയണമെന്ന് എംപിമാർ

Theresa May

ലണ്ടൻ∙ തിരഞ്ഞടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഗ്രെൻഫെൽ ടവർ ദുരന്തം കൈകാര്യ ചെയ്യുന്നതിലും വീഴചവരുത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ കൺസർവേറ്റീവ് പാർട്ടിയിൽ പടയൊരുക്കം. പാർട്ടിയിലെ ജൂനിയർ എംപിമാരാണു പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പത്തുദിവസത്തിനുള്ളിൽ കാര്യങ്ങൾ നേരെയാക്കി സുസ്ഥിര ഭരണം ഉറപ്പാക്കാനുള്ള നടപടികളെടുത്തില്ലെങ്കിൽ രാജ്ഞിയുടെ പ്രസംഗത്തിന്മേലുള്ള വോട്ടെടുപ്പിൽ സർക്കാരിനെതിരെ വോട്ടുചെയ്യുമെന്നാണു നാൽപതിലേറെ ജൂനിയർ എംപിമാരുടെ ഭീഷണി.

അനവസരത്തിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച്, മികച്ച ഭൂരിപക്ഷമുണ്ടായിരുന്ന സർക്കാരിനെ ന്യൂനപക്ഷ സർക്കാരാക്കി മാറ്റിയ തെരേസ മേയുടെ നടപടിയിൽ പാർട്ടിയിലെ നല്ലൊരുശതമാനം നേതാക്കൾക്കും പ്രവർത്തകർക്കും കടുത്ത അമർഷമുണ്ട്. പാർട്ടിയിൽ വേണ്ടവിധം ചർച്ചചെയ്യാതെ രാഷ്ട്രീയ ഉപദേശകരുടെ നിർദേശം മാത്രം പരിഗണിച്ചാണു തെരേസ മേ പൊടുന്നനെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. തിരഞ്ഞടുപ്പു പ്രകടനപത്രിക തയാറാക്കുന്നതിലും ടെലിവിഷൻ ചർച്ചകളിൽനിന്നും മാറിനിന്നുള്ള പ്രചാരണ പരിപാടികൾ തീരുമാനിച്ചതുമെല്ലാം ഉപദേശകരുടെ നിർദേശപ്രകാരമായിരുന്നു. ഇതെല്ലാം പാളിപ്പോയതിനു പിന്നാലെ തിരഞ്ഞെടുപ്പു കഴിഞ്ഞു പത്തുദിവസമായിട്ടും പിന്തുണ വാഗ്ദാനം ചെയ്ത ഡിയുപിയുമായി സഖ്യവ്യവസ്ഥകൾ നിശ്ചയിക്കാനും അവർക്കായിട്ടില്ല.

ടോറികൾ തിരഞ്ഞടുപ്പിൽ മുന്നോട്ടുവച്ച പല പ്രഖ്യാപനങ്ങളിൽനിന്നും വാഗ്ദാനങ്ങളിൽനിന്നും പിന്നോട്ടുപോകേണ്ട സ്ഥിതിയാണു നിലവിലുള്ളത്. ഇതാണു സഖ്യചർച്ചകൾ നീണ്ടുപോകാനുള്ള കാരണവും. സർക്കാരിന്റെ നയപ്രഖ്യാപനം കൂടിയായ രാജ്ഞിയുടെ പ്രസംഗത്തിൽ അടുത്ത അഞ്ചുവർഷം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ എല്ലാംതന്നെ പ്രതിപാദിക്കേണ്ടതുണ്ട്. ഇതു നിശ്ചയിച്ച്, അടുത്ത ബുധനാഴ്ചയ്ക്കു മുമ്പ് രാജ്ഞിയുടെ പ്രസംഗം തയാറാക്കണം. ഇതിനുപോലും കഴിയാത്തതാണ് പാർട്ടി എംപിമാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയുണ്ടായ രണ്ടു ഭീകരാക്രമണങ്ങളും ഗ്രെൻഫെൽ ടവർ ദുരന്തം കൈകാര്യം ചെയ്തതിൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയും പാർട്ടി ഗൗരവമായാണു കാണുന്നത്. ദുരന്തസ്ഥലത്തെത്തിയ പ്രധാനമന്ത്രി ദുരന്തത്തിനിരയായവരെ കാണാൻപോലും കൂട്ടാക്കാതെ സ്ഥലംവിട്ടതു വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രിയെ മനുഷ്യത്വം ഇല്ലാത്തവരെന്നും കൊലയാളി എന്നും പോലും വിളിക്കാൻ ദുരന്തത്തിനിരയായവരും അവരുടെ ബന്ധുക്കളും ധൈര്യംകാട്ടി. അത്രയ്ക്കായിരുന്നു അവരുടെ പ്രതിഷേധം. പാർലമെന്റിനു മുന്നിലും പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലും ഇതിന്റെപേരിൽ പ്രതിഷേധമുയർന്നു. പ്രധാനമന്ത്രി ചെയ്യുന്നതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ ബ്രിട്ടനിൽ.

ഇതു മനസിലാക്കിയാണു കാര്യങ്ങൾ നേരെയാക്കാൻ പത്തുദിവസത്തെ സാവകാശം എംപിമാർതന്നെ പ്രധാനമന്ത്രിക്കു നൽകുന്നത്. ‘ഒന്നുകിൽ കാര്യങ്ങൾ നേരെയാക്കി നന്നായി ഭരിക്കുക, അല്ലെങ്കിൽ സ്ഥാനമൊഴിഞ്ഞ് പാർട്ടി നേതൃത്വം മറ്റാർക്കെങ്കിലും കൈമാറുക’ ഇതാണ് എംപിമാർ മുന്നോട്ടുവയ്ക്കുന്ന നിർദേശം. പുറത്തു പറയുന്നില്ലെങ്കിലും കാബിനറ്റ് അംഗങ്ങളിൽ പലർക്കും ഈ അഭിപ്രായമാണുള്ളത്.

ടോണി ബ്ലെയർ പ്രധാനമന്ത്രിയായിരുന്നപ്പോൾ പ്രതിപക്ഷനേതാവും പാർട്ടി നേതാവുമായിരുന്ന ഡങ്കൺ സ്മിത്തിനെതിരെ സാമാനമായ രീതിയിൽ ടോറി പാർട്ടിയിൽ ജൂനിയർ എംപിമാർ സംഘടിച്ച് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. പിന്നീടാണു ഡേവിഡ് കാമറൺ പാർട്ടിയുടെ അനിഷേധ്യ നേതാവായി ഉദയംചെയ്തത്. ഇത്തരത്തിൽ തെരേസയ്ക്കു പകരം പുതിയ നേതൃത്വമാണ് ടോറി പാർട്ടിയിലെ പുതുതലമുറ എംപിമാർ വിഭാവനം ചെയ്യുന്നത്.

ഈമാസം 28നാണ് രാജ്ഞിയുടെ പ്രസംഗം. ഇതിന്മേൽ പിറ്റേന്നോ രണ്ടുദിവസത്തിനുള്ളിലോ വോട്ടെടുപ്പ് നടക്കും. അതിനുമുമ്പ് കാര്യങ്ങൾ വരുതിയിലാക്കിയില്ലങ്കിൽ തെരേസ മേയ്ക്ക് കസേര നഷ്ടമാകുന്ന സ്ഥിതിയിലേക്കാണു കാര്യങ്ങൾ പുരോഗമിക്കുന്നത്.