Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവൈപ്പ്: ആശങ്കകൾക്ക് അടിസ്ഥാനമില്ല, പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി

Pinarayi Vijayan മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.

തിരുവനന്തപുരം∙ പുതുവൈപ്പിൽ ഐഒസിയുടെ എൽപിജി ടെർമിനൽ പ്ലാന്റ് നിർമാണം തൽക്കാലത്തേക്കു നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. സമരസമിതിയുമായുള്ള ചർച്ചയെത്തുടർന്നാണു തീരുമാനം. പദ്ധതി സർക്കാർ ഉപേക്ഷിക്കില്ല. നാട്ടുകാരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി അനുമതി മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്ന ആരോപണം ഗൗരവമുള്ളതാണ്. ഇതു പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാടിനുവേണ്ട പദ്ധതികള്‍ നടപ്പാക്കണമെന്നാണു സര്‍ക്കാര്‍ നയം. പദ്ധതി വേണ്ടെന്നുവച്ചാല്‍ അതു തെറ്റായ സന്ദേശം നല്‍കും. നിലവിൽ ഐഒസിക്കു പരിസ്ഥിതി അനുമതിയുണ്ട്. ഇതുവരെ അനുമതി ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ടെർമിനലിന്റെ നിർമാണം തടസപ്പെടുത്താൻ ആർക്കും അനുവാദമില്ല. നിയമപരമായ നടപടികളുമായി ഐഒസിക്കു മുന്നോട്ടുപോകാനാകും. ഇതിൽ വ്യക്തത വരുത്തിയുള്ള ഉത്തരവു പുറപ്പെടുവിക്കേണ്ട സാഹചര്യമില്ല. സിആ‍ർഇസെഡ് മേഖലയിലാണു പദ്ധതി. പെട്രോളിയം ഉൽപന്നങ്ങളും എൽപിജിയും സൂക്ഷിക്കുന്നതിനു ഇവിടെ തടസമില്ലെന്നു ഹരിത ട്രൈബ്യൂണൽ നിരീക്ഷിച്ചിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോകാൻ ഐഒസിയ്ക്കു പരിസ്ഥിതി അനുമതി നൽകിയതും ഹരിത ട്രൈബ്യൂണൽ ആണ്. നാട്ടുകാരിൽ ചിലരുടെ പരാതിപ്രകാരം പൊലീസ്, പണി തൽക്കാലം നിർത്തിവയ്ക്കാൻ ഐഒസിയോടു നേരത്തേ നിർദേശിച്ചിരുന്നു.

പരിസ്ഥിതി അനുമതി പ്രകാരമുള്ള നിർമാണത്തിൽ ഐഒസി പിഴവു വരുത്തിയോ എന്നു സർക്കാർ പരിശോധിക്കും. ഇതിനുള്ള വിദഗ്ധ സമിതിയുടെ പരിശോധന തീരുന്നതുവരെ പ്ലാന്റിന്റെ നിർമാണം താൽക്കാലികമായി നിറുത്തിവയ്ക്കാൻ ഐഒസി സമ്മതിച്ചിട്ടുണ്ട്. തീരുമാനവുമായി സഹകരിക്കുമെന്ന് സമരസമിതിയും അറിയിച്ചിട്ടുണ്ട്. സമരസമിതി ഉന്നയിച്ച മറ്റുപ്രശ്നങ്ങൾ സർക്കാർ ഗൗരവമായാണു കാണുന്നത്. വിദഗ്ധ സമിതിയുടെ ശുപാർശ അനുസരിച്ചായിരിക്കും തുടർ തീരുമാനങ്ങളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2016 സെപ്റ്റംബറിൽ ഹൈക്കോടതി പദ്ധതിയുമായി മുന്നോട്ടുപോകാമെന്നു ഉത്തരവിട്ടു. 2016ൽ പഞ്ചായത്ത് സെക്രട്ടറി, കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി മന്ത്രാലയ പ്രതിനിധി, സംസ്ഥാന സർക്കാർ പ്രതിനിധി എന്നിവർ ചേർന്ന കമ്മിറ്റി പദ്ധതി പരിശോധിച്ചു. എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നു കമ്മിറ്റി കണ്ടെത്തി. പദ്ധതി പ്രദേശത്തു സുരക്ഷയൊരുക്കണമെന്ന ഡിജിപിയുടെ നിർദേശം കർശനമായി പാലിക്കണമെന്നു 2017 ജനുവരി 30ന് ഹൈക്കോടതി നിർദേശം നൽകി. പദ്ധതി സ്ഥലത്തു തടസ്സങ്ങളുണ്ടാക്കുകയോ, ഉണ്ടാക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന് അന്നു സമ്മതിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

ലോകത്ത് ഇന്നുള്ളതിൽ വച്ച് ഏറ്റവുംമികച്ച സുരക്ഷാസാങ്കേതിക രൂപകൽപ്പനയിലാണു പുതുവൈപ്പിലെ പദ്ധതി മുന്നോട്ടുപോകുന്നത്. ഏതെങ്കിലും കാരണവശാൽ വാതകച്ചോർച്ചയുണ്ടായാൽ സ്വയം തിരിച്ചറിഞ്ഞു പൈപ്പുകൾ അടയുന്ന സംവിധാനമുണ്ട്. സംഭരണികൾ അമിതമായി നിറയ്ക്കുന്നതുകൊണ്ടുള്ള അപകടം കുറയ്ക്കാനും സംവിധാനമുണ്ട്. അമിതമായ ചൂടിനെ പ്രതിരോധിക്കാനുള്ള സാങ്കേതിക ശേഷിയുണ്ട്. കടലാക്രമണ ഭീഷണി സംബന്ധിച്ച് ഐഐടി മദ്രാസ് നടത്തിയ പഠനത്തിലും പദ്ധതി സുരക്ഷിതമാണെന്നാണു കണ്ടെത്തിയത് – മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജനങ്ങളുടെ ആശങ്ക പരിഹരിക്കാമെന്ന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രിയുമായുള്ള യോഗത്തിനുശേഷം സമരസമിതി അംഗങ്ങൾ വ്യക്തമാക്കി. പൊലീസിന്റെ അക്രമം പരിശോധിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും സമരം നിർത്തിവയ്ക്കില്ലെന്നും സമരക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ ആലോചിച്ചശേഷം നടപടിയെടുക്കുമെന്നും അവർ വ്യക്തമാക്കി. ടെർമിനൽ നിർമാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു പുതുവൈപ്പിൽ ആഴ്ചകളായി സമരം നടക്കുകയാണ്. കഴിഞ്ഞ 14നും 16നും സമരക്കാർക്കു നേരെ പൊലീസ് നടപടിയുണ്ടായി. തുടർന്നു ഫിഷറീസ് മന്ത്രിയുമായി നടന്ന ചർച്ചയിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമവിധി വരുന്നതുവരെ നിർമാണം നിർത്തിവെയ്ക്കാമെന്നും പദ്ധതി പ്രദേശത്തുനിന്നു പൊലീസിനെ പിൻവലിക്കാമെന്നും ധാരണയായതായി സമരക്കാർ പറയുന്നു. സമരം തൽക്കാലത്തേക്കു നിർത്തിവയ്ക്കാനും തീരുമാനമായിരുന്നു.

എന്നാൽ 17നു രാവിലെ പദ്ധതി പ്രദേശത്തേക്കു തൊഴിലാളികളെ എത്തിക്കുകയും ജോലികൾ പുനരാരംഭിക്കാൻ നീക്കം ‍നടത്തുകയും ചെയ്തു. ഇതോടെയാണു വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്. ടെർമിനൽ വിരുദ്ധ സമരസമിതി പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പദ്ധതി പ്രദേശത്തിനു സമീപം പൊലീസും നാട്ടുകാരുമായി സംഘർഷമുണ്ടായി. ലാത്തിച്ചാർജിലും കല്ലേറിലും 30 സമരക്കാർക്കും 10 പൊലീസുകാർക്കും പരുക്കേറ്റു. പുതുവൈപ്പിലെ സമരം അടിച്ചമർത്താൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു.