Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയത് എന്തിന്; ഗൾഫ് രാജ്യങ്ങളോട് യുഎസ്

Donald Trump

വാഷിങ്ടൻ∙ ഖത്തർ ഉപരോധത്തിൽ ശക്തമായ വിമർ‌ശനവുമായി യുഎസ്. ഖത്തറിനുമേൽ ഉപരോധം ഏർപ്പെടുത്താൻ എന്താണു പ്രേരണയെന്നു സൗദി, യുഎഇ രാജ്യങ്ങളോടു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചോദിച്ചു. ഉപരോധത്തിനു കാരണമായ പരാതികൾ പുറത്തുവിടാത്തതു ഗൾഫ് രാജ്യങ്ങളെയാകെ 'നിഗൂഢമാക്കി' എന്നും യുഎസ് ആരോപിച്ചു.

‘ഈ സാഹചര്യത്തിൽ ലളിതമായ ചോദ്യമേയുള്ളൂ; ഖത്തർ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്ന ആരോപണമോ, അതോ ഗൾഫ് കൂട്ടായ്മയിലെ (ജിസിസി) കാലങ്ങളായുള്ള രോഷമോ ഏതാണ് ഈ നടപടിയെടുക്കാൻ പരിഗണിച്ചത്?'- സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹീതർ ന്യൂവർട്ട് ചോദിച്ചു. സമയം കൂടുതൽ പിന്നിടുന്തോറും സൗദി, യുഎഇ രാജ്യങ്ങളുടെ നീക്കത്തിലെ ദുരൂഹത വർധിക്കുകയാണ്. എത്രയുംവേഗം പ്രശ്നം തീർക്കണമെന്നും ന്യൂവർട്ട് പറഞ്ഞു. സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ യുഎസിന്റെ സുപ്രധാന പങ്കാളികളാണ്.

ഖത്തർ ഉപരോധത്തെ തുടർന്നു ഗൾഫ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ യുഎസ് ശ്രമം തുടരുന്നതിന്റെ ഭാഗമാണു പരസ്യ വിമർശനമെന്നാണു സൂചന. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൻ ഖത്തർ, സൗദി, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഫോണിൽ ചർച്ചകൾ നടത്തിയിരുന്നു. ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾ ഇതുവരെയും ആവശ്യങ്ങളൊന്നും മുന്നോട്ടുവച്ചിട്ടില്ലെന്നു ഖത്തർ ചൂണ്ടിക്കാട്ടി.

മധ്യസ്ഥ ശ്രമങ്ങൾ തുടരുന്ന കുവൈത്ത് ഭരണകൂടം ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളും സന്ദർശിക്കുകയും ചർച്ച നടത്തുകയും ചെയ്യുന്നുണ്ട്. പക്ഷേ, ഇതുവരെയും ആവശ്യങ്ങളുടെ പട്ടിക ലഭിച്ചിട്ടില്ലെന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. ഖത്തർ എന്താണു ചെയ്യേണ്ടതെന്ന് അറിയിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അയൽ രാജ്യങ്ങൾ മിണ്ടുന്നില്ല. ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിക്കുകയാണെന്നും ഉപരോധമേർപ്പെടുത്തിയവർക്കു പിന്തുണ നേടാനാകുന്നില്ലെന്നും കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി പറഞ്ഞു.

അതേസമയം, ഖത്തറിനെതിരായ പരാതികളുടെ വിശദമായ പട്ടിക തയാറാക്കി വരികയാണെന്നു സൗദി അറിയിച്ചു. സൗദി, ബഹ്റൈൻ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്തമായാണു പട്ടിക തയാറാക്കുന്നതെന്നു സൗദി വിദേശകാര്യമന്ത്രി ആദെൽ അൽ ജുബൈർ പറഞ്ഞു. ഖത്തർ ആവശ്യങ്ങളോടു പ്രതികരിക്കുകയും ഭീകരവാദത്തിനുള്ള സഹായം അവസാനിപ്പിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.