Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ നിരയിലേക്ക് അഫ്ഗാനിസ്ഥാനും അയർലൻഡും

Afghanistan അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം. ചിത്രം: ഐസിസി

ലണ്ടൻ ∙ അഫ്ഗാനിസ്ഥാനും അയർലൻഡിനും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ടെസ്റ്റ് പദവി നൽകി. ഒാവലിൽ നടന്ന ഐസിസിയുടെ കൗൺസിൽ യോഗത്തിലാണ് തീരുമാനം. നിലവിൽ 10 രാജ്യങ്ങൾ മാത്രമുള്ള പട്ടികയിലാണ് ഇരു രാജ്യങ്ങൾക്കും ഇടം ലഭിച്ചത്. ഇതോടെ ആകെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ എണ്ണം 12 ആയി. ബംഗ്ലദേശ് ആയിരുന്നു ഏറ്റവും ഒടുവിൽ ടെസ്റ്റ് പദവി ലഭിച്ച രാജ്യം. 

മികച്ച പ്രകടനവും ക്രിക്കറ്റിനോടുള്ള ആത്മാർഥതയും കണക്കിലെടുത്താണ് ഇരുരാജ്യങ്ങൾക്കും ടെസ്റ്റ് പദവി നൽകാൻ തീരുമാനിച്ചതെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടിവ് ഡേവിഡ് റിച്ചാർഡ്സൺ അറിയിച്ചു. 

ireland അയർലൻഡ് ക്രിക്കറ്റ് ടീം. ചിത്രം: ഐസിസി

പുതിയ നേട്ടം അഫ്ഗാനിസ്ഥാനെ പോലുള്ള രാജ്യത്തിന് മറക്കാൻ കഴിയാത്ത നേട്ടമാണെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് പ്രതികരിച്ചു. രാജ്യം മുഴുവൻ സന്തോഷം ആഘോഷിക്കും. ഇതൊരു ഈദ് സമ്മാമാണ്. എല്ലാവരും ഇത്തരമൊരു വാർത്ത കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് കൂടുതൽ ശക്തമാവുകയാണ്. ഐസിസിയ്ക്ക് നന്ദി പറയുന്നുവെന്നും ചീഫ് എക്സിക്യൂട്ടിവ് പറഞ്ഞു.

ഐസിസിയുടെ തീരുമാനം ചരിത്രപരമാണെന്ന് അയർലൻഡ് ക്രിക്കറ്റ് ടീം ചീഫ് എക്സിക്യൂട്ടിവും പ്രതികരിച്ചു. നടപടിയിൽ അഭിമാനമുണ്ട്. കളിക്കാർക്കും കോച്ചുമാർക്കും മറ്റു ജീവനക്കാർക്കും ക്ലബുകൾക്കും ക്രിക്കറ്റിനോട് താൽപര്യമുള്ള ജനങ്ങൾക്കും നൽകുന്ന വലിയ പ്രോത്സാഹനമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ടെസ്റ്റ് ടീമുകൾ (റാങ്ക് അടിസ്ഥാനത്തിൽ) ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഒാസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, പാക്കിസ്ഥാൻ, ശ്രീലങ്ക, വെസ്റ്റ്ഇൻഡീസ്, ബംഗ്ലദേശ്, സിംബാബ്‍വെ.